ബൂസ്റ്റർ ഡോസുകൾ വാക്സിൻ അസമത്വം രൂക്ഷമാക്കുമെന്ന് ലോകാരോഗ്യസംഘടന

ലോകമെമ്പാടുമായി വാക്സിൻ നൽകുന്നതിനുള്ള അസമത്വവും കൊറോണാ വൈറസിൻെറ പുതിയ വകഭേദങ്ങൾ വ്യാപകമാവുന്നതും ചൂണ്ടി കാണിച്ച്, രണ്ടു മാസത്തേക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് നിർത്തി വെക്കാൻ ലോകാരോഗ്യസംഘടന തിങ്കളാഴ്ച  ആവശ്യപ്പെട്ടു. നിരവധി രാജ്യങ്ങൾ ഒരു ഡോസ് വാക്സിൻ പോലും നൽകാനാവാതെ കഷ്ടപ്പെടുമ്പോൾ, സമ്പന്ന രാജ്യങ്ങൾ വാക്സിൻ ശേഖരിച്ച് കൂട്ടുന്നത് നിരാശാജനകമാണെന്നും വിലയിരുത്തപ്പെട്ടു. അമേരിക്കയും ഇസ്രായേലും മറ്റ് സമ്പന്ന ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളും ബൂസ്റ്റർ ഡോസുകൾ വ്യാപകമായി നൽകുന്നുണ്ട്. ലോകത്ത് ഇന്നുവരെ ഉൽപ്പാദിപ്പിച്ച 480 കോടി വാക്സിൻ ഡോസുകളിൽ എഴുപത്തഞ്ചു ശതമാനം ആകെ പത്തു രാജ്യങ്ങളിലാണ് ഉൽപ്പാദിപ്പിക്കപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്തത്. എന്നാൽ ആഫ്രിക്കയിൽ രണ്ടു ശതമാനം ആളുകൾക്കേ ഒരു ഡോസ് വാക്സിനെങ്കിലും ലഭ്യമായിട്ടുള്ളൂ.