ആത്മഹത്യക്ക് ശ്രമിച്ച മുൻബൊളീവിയൻ രാഷ്ട്രപതി സുഖം പ്രാപിക്കുന്നു

ജയിലിൽ വെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മുൻബൊളീവിയൻ രാഷ്ട്രപതിയും കൺസേർവേറ്റീവ് പാർട്ടിക്കാരിയുമായ ജിയനെൻ അനെസ് അപകടനില തരണം ചെയ്‍തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

2019ൽ ഇവോ മൊറേൽസ് സർക്കാറിനെ അട്ടിമറിയിലൂടെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഈ വർഷമാദ്യമാണ് അനെസിനെ തടവിലാക്കിയത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വംശഹത്യാരോപണവും കുറ്റപത്രത്തിൽ ചേർത്തതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇത് കൂടാതെ തീവ്രവാദ ബന്ധങ്ങളും അവർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 

2019ൽ ഇവോ മൊറേൽസ് ഭരണഘടനാവിരുദ്ധമായി നാലാമതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തുടർന്ന് മോറേൽസിന് രാജി വെക്കേണ്ടി വരുകയും രാജ്യമുപേക്ഷിക്കേണ്ടി വരുകയും ചെയ്തു. ജനപ്രതിനിധി സഭയിലെ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിൽ അനേസ് കാവൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് അട്ടിമറിയാണെന്ന് എതിരാളികൾ പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ മൊറേൽസിൻെറ വിശ്വസ്ഥൻ ലൂയിസ് ആർസാണ് വിജയിച്ചത്. തുടർന്നാണ് ജിയനിൻ അനെസിനെതിരെ നിയമനടപടികൾ ആരംഭിച്ചത്.