തുർക്കിയുടെ ആയുധശക്തി വിളംബരം ചെയ്യുന്ന പ്രതിരോധ മേള സമാപിച്ചു
“യൂറോപ്പിലെ രോഗി”യെന്ന സ്ഥാനത്ത് നിന്നും പശ്ചിമേഷ്യയിലെ സൈനികശക്തിയായി ഉയിർത്തെഴുന്നേൽക്കുന്ന തുർക്കിയുടെ നേർചിത്രമാണ് നാലു ദിവസമായി ഇസ്താൻബൂളിൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ മേളയിൽ വിളംബരം ചെയ്യപ്പെടുന്നത്. 1993 മുതൽ എല്ലാ രണ്ടു വർഷവും കൂടുമ്പോൾ നടക്കുന്ന ഈ മേള ഇത്തവണ ഉത്ഘാടനം ചെയ്തത് തുർക്കി പ്രസിഡന്റ് എർദോഗാനായിരുന്നു. തീവ്രവാദത്തിനെതിരെ നിരന്തരമായി പോരാടുമ്പോഴും അതിർത്തികളിൽ ഭീഷണി നേരിടുമ്പോഴും ആയുധങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന് ലഭ്യമാവാതിരിക്കുന്നതിനാൽ, ആയുധനിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് തുർക്കിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉത്ഘാടനവേളയിൽ പറഞ്ഞു. ഏറ്റവും അത്യാധുനികമായ സ്റ്റെൽത്ത് ഫൈറ്റർ പോർവിമാനങ്ങളുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറയുടെ പ്രദർശനം എർദോഗാൻെറ വാക്കുകളെ അന്വർത്ഥമാക്കുന്നതായിരുന്നു. 2023ഓടെ ഈ വിമാനങ്ങൾ തുർക്കി വ്യോമസേനയുടെ ഭാഗമാകും.
അമേരിക്കയടക്കമുള്ള മുൻനിര ആയുധശക്തികൾ നിരവധി തവണ തുർക്കിക്ക് ആയുധം നൽകുന്നത് നിർത്തി വെച്ചിട്ടുണ്ട്. 1974ൽ തുർക്കി സൈപ്രസിനെ ആക്രമിച്ച കാലം മുതൽ ഇത്തരം വിലക്കുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ സിറിയയിലെ കുർദിഷുകൾക്കെതിരെ പോരാട്ടമാരംഭിച്ചപ്പോഴും, റഷ്യയിൽ നിന്ന് S-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയപ്പോഴും തുർക്കിക്ക് ആയുധങ്ങൾ വിൽക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ ഈ വെല്ലുവിളികളെ മറികടന്നാണ് പ്രതിരോധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന മുൻനിര രാജ്യങ്ങളിലൊന്നായി തുർക്കി മാറിയത്. 2002ൽ 5.4 ബില്യൺ ഡോളറിൻെറ പ്രതിരോധ വ്യവസായമാണ് 2020ൽ 55.8 ബില്യൺ ഡോളറായി വർദ്ധിച്ചത്. സിറിയയിലും ലിബിയയിലും നാഗർണോ-കരബാക്ക് മേഖലയിലുമുള്ള പോരാട്ടങ്ങളിൽ പ്രധാനമായും സൈന്യമുപയോഗിക്കുന്നത് തുർക്കി തന്നെ ഉൽപ്പാദിപ്പിച്ച ആയുധങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ ആയുധ സാങ്കേതികവിദ്യ വികസിപ്പിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് തുർക്കി.