“അഫ്ഗാൻ വനിതാ ഫുട്ബാൾ താരങ്ങളെ രക്ഷിക്കൂ”: ഫിഫയുടെ അഭ്യർത്ഥന
പുരുഷക്രിക്കറ്റ് ടീമിൻെറ പരിശീലനം കാബൂളിൽ തുടരാനും പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കുമെതിരായ മത്സരങ്ങളുമായി മുന്നോട്ട് പോകാനുമുള്ള അനുവാദം നൽകിയത് താലിബാൻെറ പുരോഗമനമായി വിലയിരുത്തുമ്പോഴും, വനിതാകായിക താരങ്ങൾക്ക് നേരെയുള്ള ഭീഷണി തുടരുകയാണ്. 2007ൽ രൂപീകൃതമായ അഫ്ഗാനിസ്ഥാനിലെ വനിതാഫുട്ബോൾ ടീമിലെ അംഗങ്ങളെ രക്ഷിക്കണമെന്നർഭ്യർത്ഥിച്ച് ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ നിരവധി രാജ്യങ്ങൾക്ക് കത്തയച്ചു. താലിബാൻ അഫ്ഗാൻ ഭരണമേറ്റെടുത്തതോടെ ഫുട്ബാൾ താരങ്ങളെല്ലാം ഒളിവിലാണ്. സ്ത്രീകൾക്ക് ഒരു മുതിർന്ന പുരുഷൻെറ കൂടെയെല്ലാതെ വീട് വിട്ട് പുറത്ത് പോകാൻ നിലവിൽ അഫ്ഗാനിസ്ഥാനിൽ സാധ്യമല്ല. മാത്രമല്ല, ശരീരം മുഴുവൻ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കുകയും വേണം. ഇത് ലംഘിക്കുന്നവരെ പരസ്യമായി തന്നെ ശിക്ഷിക്കുന്നുണ്ട്.
സ്ത്രീകളുടെ പൊതുസ്ഥലങ്ങളിലെ സാനിധ്യം താലിബാൻ പരിപൂർണ്ണമായും എതിർക്കുന്ന വിഷയമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളിലും പ്രത്യേക സേനകളിലും സേവനമനുഷ്ടിച്ച അഫ്ഗാൻ പൗരന്മാരെ പോലെ, പൊതുപ്രവർത്തന രംഗത്തും കലാ-കായിക മേഖലകളിലുമുണ്ടായിരുന്ന സ്ത്രീകളെയും താലിബാൻ വേട്ടയാടുകയാണ്. വനിതാ ഫുട്ബാൾ ടീം വളർത്തിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ദേശീയടീം മുൻക്യാപ്റ്റനുമായിരുന്ന ഖാലിദാ പോപ്പലും തൻെറ ടീമംഗങ്ങളെ രക്ഷിക്കാനായി നിരവധി സംഘടനകളെ സമീപിച്ചിരിക്കുകയാണ്. താലിബാൻ വധഭീഷണിയെ തുടർന്ന് രാജ്യമുപേക്ഷിക്കേണ്ടി വന്നയാളാണ് പോപ്പൽ. അദ്ദേഹമിപ്പോൾ ഡെന്മാർക്കിലെ അറിയപ്പെടുന്ന വനിതാ ഫുട്ബാൾ താരങ്ങളിലൊന്നാണ്.