താലിബാൻെറ ജയം: മദ്ധ്യപൗരസ്ത്യ ദേശത്ത് പുതിയ നീക്കങ്ങൾക്ക് സാധ്യത

പ്രത്യേക ലേഖകന്‍

താലിബാൻെറ അഫ്ഗാനിസ്ഥാനിലെ സൈനിക വിജയം, അമേരിക്കയ്ക്ക് നയതന്ത്രപരമായി വലിയൊരു തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശ്വസിക്കാനാകുന്ന ഒരു സഖ്യകക്ഷിയല്ല അമേരിക്കയെന്ന പ്രതീതി ഇതോടെ ഉണ്ടായിരിക്കുകയാണ്. മറുവശത്ത് മികച്ച സംഘാടകമികവും പ്രാദേശികപരിചയവും ഉണ്ടെങ്കിൽ ഏതൊരു സൈനിക സംഘത്തിനും നാറ്റോയുടെ പോലും പിന്തുണയുള്ള ഭരണകൂടത്തെ ഏറ്റുമുട്ടലിലൂടെ പരാജയപ്പെടുത്താമെന്നൊരു സാധ്യതയും ആണ് ഉണ്ടായിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള തീവ്രവാദിസംഘങ്ങൾക്കും വിമതസേനകൾക്കും സൈനികമായി മേൽകൈ നേടാനാകുന്ന അവസ്ഥ സംജാതമായിരിക്കുന്നെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള പരമ്പരാഗത സൈനിക ശക്തികളെ തോൽപ്പിക്കാനാകുമെന്ന സ്ഥിതിവിശേഷം പല ലോകരാജ്യങ്ങളുടെയും സുരക്ഷിതത്വത്തിന് കനത്ത ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് സൈനിക-ആയുധശേഷി വർദ്ധിപ്പിക്കാനുള്ള പൊതുചിലവുകളിലേക്കായിരിക്കും രാജ്യങ്ങളെ നയിക്കുക. പരമ്പരാഗത യുദ്ധശൈലിക്ക് പകരം, ഗറില്ലാ മുറകൾ ശീലിച്ച, പ്രാദേശിക ഭൂമിശാസ്ത്രം അറിയുന്ന ചെറുസംഘങ്ങളെ നേരിടാനായി പ്രത്യേക സംവിധാനങ്ങൾ തന്നെ ഒരുക്കേണ്ടിവരും. പണ്ട് 1921ലെ മലബാർ കലാപത്തിൽ വിജയിക്കാനായി മലബാർ സ്പെഷ്യൽ പോലീസിനെ സൃഷ്ടിച്ച പോലെ, ഭൂമിശാസ്ത്രമനുസരിച്ചും സൈനിക-ആയുധ പരിശീലനം ആവശ്യമായി വന്നിരിക്കുകയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം തയ്യാറെടുപ്പുകൾ കൂടുതൽ വേഗത്തിൽ ഒരുക്കാനാകുക പ്രാദേശിക സായുധ സംഘങ്ങൾക്കാണ്. യമനിലെ ഹൂജി വിമതർ, പലസ്തീനിലെ ഹമാസ്, ലെബനിലിനിലെ ഹിസ്‌ബൊള്ള, സിറിയയിലും ഇറാഖിലുമുള്ള അൽക്വയ്‌ദ-ഇസ്ലാമിക്ക് സ്റ്റേറ്റ് ഗ്രൂപ്പുകൾ തുടങ്ങിയവയും പ്രാദേശിക ഭേദങ്ങളോടെ താലിബാൻ ശൈലിയിൽ പോരാടുന്നവരാണ്. ഇവരുടെയെല്ലാം പൊതുശത്രുവാണ് അമേരിക്ക. സമാനസാഹചര്യം ആഫ്രിക്കയിലെ പല രാജ്യങ്ങളിലുമുണ്ട്. 

പുടിന് നേട്ടം

മറ്റൊരു പ്രധാന പ്രശ്നം ഈ പ്രാദേശിക സംഘങ്ങളുടെ അംഗീകാരത്തെ സംബന്ധിച്ചാണ്. അമേരിക്കയും റഷ്യയും ചൈനയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ താലിബാനുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയതോടെ, താലിബാനേയും സമാന സംഘങ്ങളെയും ഇനി തീവ്രവാദി സംഘടനകളായി വിലയിരുത്താനാകുമോ എന്ന സംശയം ബലപ്പെടുകയാണ്. പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യവും ഭരണകൂടങ്ങളും തങ്ങൾക്ക് ഹിതകരമല്ല എന്ന താലിബാൻ പ്രഖ്യാപനം, ആയുധമുപയോഗിച്ച് ഔദ്യോഗിക ഭരണകൂടങ്ങളോട് പോരാടുന്നതിനെ തീവ്രവാദമായി വിലയിരുത്തുന്ന പൊതുവീക്ഷണത്തെ നിരാകരിക്കുന്നതാണ്. മാത്രമല്ല ലോകം മുഴുവനായി അംഗീകരിച്ചില്ലെങ്കിൽ പോലും, ഹിസ്ബുള്ളയും താലിബാനും സമീപകാലങ്ങളിൽ രാജ്യഭരണം നടത്തിയിരുന്ന സംഘങ്ങൾ തന്നെയാണ്. 

നേരത്തേ സൂചിപ്പിച്ച പോലെ അമേരിക്കൻ ഭരണകൂടത്തിൻെറ വിശ്വാസ്യതയാണ് താലിബാൻെറ ഉയർച്ചയോടൊപ്പം ഇല്ലാതായത്. രാഷ്ട്രനിർമ്മാണത്തിൻെറയും ജനാധിപത്യ സംരക്ഷണത്തിൻെറയും പേരിൽ മറ്റ് രാജ്യങ്ങളിൽ ഇടപ്പെടുന്ന അമേരിക്കൻ മേധാവിത്വത്തിൻെറ തണലിൽ വളർന്ന നിരവധി ഭരണകൂടങ്ങൾ ലോകമെമ്പാടുമുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന ഏകാധിപത്യ ഭരണകൂടങ്ങളെ എതിർക്കാനെന്ന പേരിൽ നിരവധി വിമത ഗ്രൂപ്പുകൾക്കും ആയുധ-സാമ്പത്തിക സഹായം അമേരിക്ക ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് മുന്നറിയിപ്പില്ലാതെ  അമേരിക്ക പിൻവാങ്ങിയത് ഇവരെയെല്ലാം സംശയനിഴലിലാക്കിയിരിക്കുകയാണ്. ഇറാഖിലും സിറിയയിലുമുള്ള കുർദിഷ് സൈനികർക്ക് ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ മുന്നേറാൻ കഴിയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ വ്യോമസേനയുടെ പിന്തുണയാണ്. സിറിയയിലും ഇറാഖിലുമുള്ള സൈനിക ഇടപ്പെടലിൽ നിന്ന് പിന്മാറണമെന്ന ആവശ്യം അമേരിക്കൻ പ്രതിരോധവൃത്തങ്ങളിൽ വളരെ ശക്തമാണ്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ മിനിമം സാന്നിധ്യത്തിനകത്തേക്ക് അമേരിക്ക ഇവിടെയും പിന്മാറുകയാണെങ്കിൽ കുർദിഷുകൾക്ക് അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. 

താലിബാനേക്കാളും എത്രയോ സംഘടിതമായ സൈനിക ശക്തിയാണ് ഇറാനുള്ളത്. സമാനഭൂപ്രകൃതിയുള്ള ഇറാഖിലും സിറിയയിലും തങ്ങളുടെ സൈനികസ്വാധീനം മെച്ചപ്പെടുത്താനും അതുവഴി ഒമാൻ ഉൾക്കടലിലുള്ള അമേരിക്കൻ നാവികസാന്നിധ്യത്തെ മുൾമുനയിൽ നിർത്താനും ഇറാൻ ഇനി ശ്രമിക്കും. ഇസ്രായേലിനെ കൂടുതൽ പ്രതിരോധത്തിലാഴ്ത്താൻ ഹമാസിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഇനി ശ്രമിക്കാവുന്നതേയുള്ളൂ. നഗരപ്രദേശങ്ങളിലെ പോരാട്ടവീര്യം ഹമാസിന് സഹായകമാവും. ലെബനൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഹിസ്ബുള്ളക്കും ഇനി കൂടുതൽ സാധ്യതയാണ് ഉള്ളത്. അമേരിക്കൻ സാനിധ്യം ആത്യന്തികമായ നഷ്ടമാകുമെന്ന് ഹുജി വിമതർ യെമൻ ഭരണകൂടത്തോട് ഇതിനകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ടുണീഷ്യയും ഈജിപ്റ്റുമുൾപ്പെടുന്ന വടക്കൻ ആഫ്രിക്കയിലെ വിമതഗ്രൂപ്പുകൾക്കും പുതിയൊരു നീക്കത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ തന്ത്രപരമായ രണ്ട് നീക്കങ്ങൾക്ക് മേഖലയിൽ സാധ്യതയുണ്ട്. ഒന്ന്, അമേരിക്കൻ വിരുദ്ധ-വിമത ഗ്രൂപ്പുകൾ ഒരുമിച്ച് നിൽക്കാനുള്ള സാധ്യതയാണ്. രണ്ടാമത്തേത്, മേഖലയിൽ റഷ്യയുടെ സ്വാധീനശക്തി വർദ്ധിക്കുന്നതാണ്. അമേരിക്കയുടെ എതിർചേരിയിലുള്ള ഇറാനും സിറിയക്കും പുറമെ  അഫ്ഗാനിസ്ഥാനിലും തുർക്കിയിലുമെല്ലാം റഷ്യൻ നയതന്ത്രം വിജയം കാണുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കൻ പതനം ലോകമെമ്പാടുമുള്ള റഷ്യയുടെ സ്വാധീനശക്തി കൂടുതൽ ശക്തമാകുന്നതിന് ഇടയാക്കും. എന്തുതന്നെയായാലും അമേരിക്കൻ സഖ്യത്തിൻെറ പരിമിതികൾ വേർതിരിച്ചറിയാൻ താലിബാൻെറ അഫ്ഗാൻ വിജയം ഇടയാക്കിയെന്നത് ബൈഡൻ ഭരണകൂടത്തിൻെറ അപാകതയായി എന്നെന്നും നിലനിൽക്കും.