കാട്ടുതീയിൽ തളർന്ന് ഉത്തരാർദ്ധഗോളം

ലോകചരിത്രത്തിലെ ഏറ്റവും ഭയാനകമായ കാട്ടുതീക്കാണ് ലോകമിന്ന് സാക്ഷ്യം വഹിക്കുന്നത്. സൈബീരിയ മുതൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും അമേരിക്കയുടെ പശ്ചിമ തീരം വരെയും വ്യാപിച്ച് ഉത്തരാർദ്ധഗോളത്തിൻെറ ദക്ഷിണ ഭാഗങ്ങളിലെല്ലാം കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഒരു സാധാരണ പ്രകൃതി പ്രതിഭാസമാണെങ്കിലും കാട്ടുതീകളുടെ എണ്ണവും വ്യാപ്തിയും ഈയിടെയായി വർദ്ധിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യ പകുതിയിൽ അപൂർവമായി മാത്രമേ വലിയ കാട്ടുതീകൾ ഉണ്ടായിട്ടുള്ളൂ. എന്നാൽ അറുപതുകളുടെ അവസാനമായപ്പോഴേക്കും എല്ലാ വർഷവും നിരവധി കാട്ടുതീകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. രണ്ടായിരാമാണ്ടിന് ശേഷം പത്തിന് മുകളിൽ വലിയ കാട്ടുതീകൾ നിരവധി വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ കണക്കനുസരിച്ച് ഏകദേശം നാൽപ്പതു ലക്ഷം ചതുരശ്ര കിലോമീറ്റർ (അതായത് 99 കോടി ഏക്കർ) പ്രദേശത്തെയാണ് വർഷം തോറും കാട്ടുതീ ബാധിക്കുന്നത്. ഇത് ഇന്ത്യയുടെ ആകെ വിസ്തൃതിയേക്കാൾ കൂടുതലാണ്. ലോകത്തിലെ ഏറ്റവും തണുത്ത പ്രദേശമായ സൈബീരിയയിലെ പതിനയ്യായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പൈൻ കാടുകളെയാണ് ഈ വർഷം മാത്രം തീ വിഴുങ്ങിയത്. ദക്ഷിണ കേരളത്തിൻെറ ഏകദേശ വലുപ്പം വരുമിത്. ഇത്തവണത്തേത് റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്. 

അതുപോലെ മെഡിറ്ററേനിയൻ സമുദ്രത്തിനിരുവശത്തും കാട്ടുതീ വ്യാപിക്കുകയാണ്. വടക്കൻ ആഫ്രിക്കയിൽ നിന്ന് വീശുന്ന ഉഷ്ണക്കാറ്റാണ് ദക്ഷിണയൂറോപ്പിൽ കാട്ടുതീക്ക് കാരണമാവുന്നത്. ഉത്തരാഫ്രിക്കയിലെ അൾജീരിയയിൽ മാത്രം ഇതുവരെ തൊണ്ണൂറ് പേർ കാട്ടുതീയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ, ലെബനൻ, തുർക്കി, ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവിടങ്ങളിലും അതിവേഗത്തിലാണ് കാട്ടുതീ പടരുന്നത്. അമേരിക്കയുടെ പശ്ചിമ ഭാഗത്തുള്ള കാലിഫോർണിയയിൽ മാത്രം നാലായിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് കാട് കത്തിയത്. ഇത് ഏതാണ്ട് ഇടുക്കിജില്ലയുടെ അത്രയും വരും. കാനഡയിലും നിരവധി സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിരൂക്ഷമായ പൊടികാറ്റുകളും വരൾച്ചയും ഇത്തവണത്തെ കാട്ടുതീയോടനുബന്ധിച്ച് ഉണ്ടാകാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.