കുലംകുത്തികളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ താലിബാൻ ഒരുങ്ങുന്നു

നാറ്റോസൈന്യത്തിനും വിദേശ എംബസികൾക്കും വേണ്ടി പണിയെടുത്ത അഫ്ഗാൻ പൗരന്മാരെ കണ്ടുപിടിക്കാൻ താലിബാൻ വീടുതോറും കയറി പരിശോധിക്കുകയാണെന്ന് സ്ഥിരികരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നോർവീജിയൻ സെൻറർ ഫോർ ഗ്ലോബൽ അനാലിസിസിൻെറ വിവരണമനുസരിച്ച് കാബൂളിൽ പ്രവേശിച്ച താലിബാൻ ആദ്യം ചെയ്തത് രഹസ്യാന്വേഷണ ഏജൻസികളിലും പ്രത്യേക സൈനിക വിഭാഗങ്ങളിലും പ്രവർത്തിച്ചിരുന്ന അഫ്ഗാൻ പൗരന്മാരെ കണ്ടെത്തുകയായിരുന്നു. വലിയൊരു നരനായാട്ടു തന്നെ വരുംനാളികളിൽ അഫ്ഗാനിൽ നടക്കാനിടയുണ്ട്. മാത്രമല്ല ഇത്തരമൊരു നീക്കത്തിലൂടെ നാറ്റോ സൈന്യം ഉപയോഗിക്കുന്ന രഹസ്യാന്വേഷണ സംവിധാനങ്ങളെ കുറിച്ച് താലിബാന് നിർണ്ണായക വിവരങ്ങൾ ലഭ്യമാകും. പല രാജ്യങ്ങളുടെയും സുരക്ഷിതത്വത്തിന് ഇതൊരു ഭീഷണിയായേക്കും.

അതേ സമയം കാബൂൾ വിമാനത്താവളത്തിലേക്കുള്ള എല്ലാ പാതകളും താലിബാൻ ഏറ്റെടുത്തു. വ്യക്തമായ രേഖകളില്ലാത്ത ആരെയും വിമാനത്താവളത്തിനടുത്തേക്ക് വിടുന്നില്ല. ഇതോടെ വിമാനത്താവളത്തിലെത്തിയവരെ പുറം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, അവരെ താലിബാൻ ശിക്ഷിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിമാനത്താവളത്തിന് ചുറ്റും അമേരിക്കൻ സൈന്യവും താലിബാൻ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുന്നതായും റിപ്പോർട്ടുകളുണ്ട്.