കൊളറാഡോ നദി വറ്റുന്നു; അമേരിക്ക വരൾച്ചയിലേക്ക്

ചരിത്രത്തിലാദ്യമായി, അമേരിക്കയിലെ കൊളറാഡോ നദി വറ്റുന്നതായി സർക്കാർവൃത്തങ്ങൾ പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ അമേരിക്കയിലും മെക്സിക്കോയിലുമായി നാലുകോടിയോളം ജനങ്ങൾക്ക് വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ നദിയെ ആണ്. 1930കളിൽ ഹൂവർ അണക്കെട്ട് പണി കഴിപ്പിച്ചപ്പോൾ നദിയിൽ സൃഷ്ടിക്കപ്പെട്ട മീഡ് തടാകം അതിവേഗത്തിലാണ് ഇപ്പോൾ വറ്റി കൊണ്ടിരിക്കുന്നത്. ഈ അണക്കെട്ടിലെ വെള്ളമാണ് അരിസോണ, നൊവാഡ, കാലിഫോർണിയ, ന്യൂ മെക്സിക്കോ പ്രവിശ്യകളിൽ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്നത്. പക്ഷെ സംഭരണശേഷിയുടെ മൂന്നിലൊന്ന് മാത്രമേ ഇപ്പോൾ വെള്ളമുള്ളൂ. കൃഷിക്കുള്ള വെള്ളം എടുക്കുന്നത് ഇതിനകം തന്നെ നിർത്തിവെച്ചിട്ടുണ്ട്. ആരിസോണയിലെ ഗ്ലെൻ കാന്യൻ അണക്കെട്ടിലെ പവൽ തടാകവും വറ്റി കൊണ്ടിരിക്കുകയാണ്. ഏതാണ്ട് രണ്ടു കോടിയാളുകളാണ് ഈ അണക്കെട്ടിനെ ആശ്രയിക്കുന്നത്. അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ ഏതാണ്ട് രണ്ടുവർഷമായി തുടർച്ചയായി വരൾച്ചയിലാണ്. രണ്ടായിരാമാണ്ടിൽ തുടങ്ങിയ വരൾച്ചക്കിടെ അപൂർവം വർഷങ്ങളിൽ മാത്രമാണ് കാര്യമായ മഴ ലഭിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിൽ ഏറ്റവും കുറഞ്ഞ മഴയാണ് ഈ സീസണിൽ കിട്ടിയത്. കഴിഞ്ഞ വർഷം ഈ ഭാഗങ്ങളിലുണ്ടായ കാട്ടുതീ കാര്യങ്ങൾ കൂടുതൽ മോശമാക്കിയിട്ടുണ്ട്. ആഗോളതാപനവും എൽനിനോയും ഈ പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയും മഴയും അന്തരീക്ഷ ബാഷ്പവും കുറയുന്നതിനും മണ്ണ് ഊഷരമാവുന്നതിനും ഇടയാക്കിയിട്ടുണ്ട്. ദശകങ്ങളായി ഇല്ലായിരുന്ന പൊടികാറ്റുകളും അങ്ങിങ്ങായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.