‘സുഡോക്കുവിൻെറ തലതൊട്ടപ്പൻ’ വിടവാങ്ങി

 

ഒന്ന് മുതൽ ഒൻപത് വരെയുള്ള അക്കങ്ങൾ ഉപയോഗിച്ച് കളിക്കുന്ന സുഡോക്കുവിൻെറ ഉപജ്ഞാതാവ് മക്കി കാജി ആഗസ്ററ് പത്തിന് നിര്യാതനായി. ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കോളിയാണ് മരണവിവരം തിങ്കളാഴ്ച പുറത്തുവിട്ടത്. അദ്ദേഹം തന്നെ സ്ഥാപിച്ച നിക്കോളിയിലാണ് 1980ൽ സുഡോക്കു പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പിത്തനാളിയിലെ കാൻസർ കാരണം കുറെ കാലമായി ടോക്കിയോവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു മക്കി കാജി. 

1951ൽ വടക്കൻ ജപ്പാനിലെ സപ്പോറയിലാണ് കാജി ജനിച്ചത്. കോളേജ് വിദ്യാഭ്യാസം മുഴുമിപ്പിക്കാനാകാതെ വെയിറ്ററായും നിർമ്മാണ തൊഴിലാളിയുമായൊക്കെ പണിയെടുത്ത ശേഷമാണ് 1980ൽ അദ്ദേഹം നിക്കോളിയെന്ന ത്രൈമാസിക തുടങ്ങുന്നത്. നിക്കോളിയുടെ വിജയത്തിന് പ്രധാന കാരണം തന്നെ സുഡോക്കവിൻെറ സാന്നിദ്ധ്യമായിരുന്നു. എൺപതുകളിൽ തന്നെ ജപ്പാനിൽ പ്രശസ്തമായിരുന്നെങ്കിലും, സുഡോക്കു ലോകശ്രദ്ധയാകർഷിച്ചത് 2004ൽ ടൈംസ് ഓഫ് ലണ്ടൻ ഇത് പ്രസിദ്ധീകരിച്ച് തുടങ്ങിയ ശേഷമാണ്. ഇന്ന് ലോകമെമ്പാടും ദശലക്ഷകണക്കിന് ആളുകളാണ് ദിനംപ്രതി സുഡോക്കു കളിക്കുന്നത്. പക്ഷെ കാജി സാമ്പത്തികമായ നേട്ടമൊന്നും സുഡോക്കുവിൽ നിന്ന് ഉണ്ടാക്കിയില്ല. അദ്ദേഹമൊരിക്കലും ഈ കളിയെ സ്വകാര്യസ്വത്താക്കാൻ ശ്രമിച്ചില്ലായെന്നത് നിരവധി സംരഭകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.