ജർമ്മൻ ഗോൾ മെഷീൻ ജേർഡ് മുള്ളർ അന്തരിച്ചു

ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കെർമാരിൽ ഒരാളായ പശ്ചിമ ജർമ്മനിയുടെ ഫോർവേഡ് താരം ജേർഡ് മുള്ളർ അന്തരിച്ചു. ആറു വർഷമായി അൽഷിമേഴ്‌സ് രോഗത്തിനടിമയായിരുന്നു. 

1964ൽ തൻെറ പത്തൊൻപതാം വയസ്സിലാണ് മുള്ളർ ജർമ്മൻ ക്ലബായ ബയേൺ മ്യൂണിച്ചിൽ ചേരുന്നത്. മുള്ളറുടെ മികവിൽ ബയേൺ മ്യൂണിച്ച്, ജർമ്മൻ ചാമ്പ്യൻഷിപ് നാലു തവണയും യൂറോപ്യൻ ചാമ്പ്യൻസ് കപ്പ് മൂന്നു തവണയും ഇൻറർ കോണ്ടിനെൻറൽ കപ്പും യൂറോപ്യൻ വിന്നേഴ്സ് കപ്പും ഓരോ തവണയും സ്വന്തമാക്കി. പശ്ചിമ ജർമ്മനിക്ക് വേണ്ടി 62 മത്സരങ്ങളിൽ നിന്ന് 68 ഗോളുകളും അദ്ദേഹമടിച്ചു. ഈ റെക്കോർഡ് 2014ൽ മിറാസ്ലാവ് ക്ലോസിന് മറി കടക്കാൻ 132 മത്സരങ്ങൾ കളിക്കേണ്ടി വന്നു. 1974ലെ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ ജൊഹാൻ ക്രഫിൻെറ നെതർലണ്ടിനെ തോൽപ്പിച്ച പശ്ചിമ ജർമ്മനിയുടെ വിജയഗോൾ മുള്ളറുടേതായിരുന്നു. ജർമ്മൻ ദേശീയ ലീഗിൽ അദ്ദേഹമടിച്ച 365 ഗോളുകളുടെ റെക്കോർഡ് ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടില്ല. ഏഴു തവണ ദേശീയ ലീഗിൽ ഏറ്റവും ഗോളടിച്ച റെക്കോർഡും അദ്ദേഹത്തിനാണ്. ഒരു സീസണിൽ ഏറ്റവും ഗോളടിച്ചതിൻെറ (40 ഗോളുകൾ- 1971-72)മുള്ളറുടെ പേരിലുള്ള റെക്കോർഡ് നാൽപ്പത്തൊൻപത് വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ സീസണിൽ റോബർട്ട് ലൊവാൻസ്‌ക്കിയാണ് തകർത്തത്. ‘പെനാൽട്ടി ബോക്സിലെ മുഹമ്മദലി’യായി വിരാജിച്ച ജേർഡ് മുള്ളർ 1982ലാണ് കളിക്കളത്തിൽ നിന്ന് വിരമിച്ചത്. കടുത്ത മദ്യപാനിയായി മാറിയ മുള്ളർക്ക് 2015ലാണ് അൽഷിമേഴ്‌സ് രോഗം ബാധിച്ചത്.