പോളിഷ് അംബാസഡർക്ക് പ്രവേശനം വിലക്കി ഇസ്രായേൽ

രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ പിടിച്ചെടുത്ത ജൂതന്മാരുടെ സ്വത്തിനെ സംബന്ധിച്ച പുതിയ പോളിഷ് നിയമത്തിൽ പ്രതിഷേധിച്ച്, രാജ്യത്തേക്കുള്ള പോളിഷ് അംബാസഡറുടെ പ്രവേശനം ഇസ്രായേൽ താൽക്കാലികമായി വിലക്കി. ഇസ്രായേലിൻെറ നീക്കത്തെ അമേരിക്കയും പിന്തുണച്ചു. 

നാസിജർമ്മനി 1939ൽ പോളണ്ട് പിടിച്ചെടുത്തപ്പോൾ അവിടെയുണ്ടായിരുന്ന ജൂതന്മാരുടെയും പോളിഷുകാരുടെയും സ്വത്തുക്കളെല്ലാം കൈവശപ്പെടുത്തിയിരുന്നു. യുദ്ധാനന്തരം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റു ഭരണകൂടം ഈ സ്വത്തെല്ലാം ദേശസാൽക്കരിച്ചു. പക്ഷെ ലക്ഷകണക്കിന് പരാതികളാണ് സ്വത്ത് തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ലഭിച്ചത്. മാറി മാറി വന്ന എല്ലാ പോളിഷ് ഭരണകൂടങ്ങൾക്കും വളരെ വെല്ലുവിളി നിറഞ്ഞ ഒരു നിയമയുദ്ധമായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് സ്വത്ത് തിരിച്ചു കിട്ടുന്നതിനുള്ള അപേക്ഷകൾക്ക് മുപ്പതു വർഷത്തെ പരിധി നിശ്ചയിച്ച് നിയമം പാസ്സാക്കിയിരിക്കുന്നത്. ഇതുപ്രകാരം സ്വത്തു തിരിച്ചു കിട്ടാനായി അപേക്ഷ നൽകാൻ വൈകിയ നിരവധി പേർക്ക് നീതി നിഷേധിക്കപ്പെടും എന്നാണ് ജൂത സംഘടനകൾ ചൂണ്ടി കാണിക്കുന്നത്. യുദ്ധം കാരണം പല ഭാഗങ്ങളിലേക്ക് ചിതറി പോയ ജൂതർക്ക് ഒരു നിശ്ചിത കാലയളവിനുള്ളിൽ അപേക്ഷ കൊടുക്കാൻ സാധിക്കണമെന്നില്ല. അതിനാൽ പ്രസ്തുത നിയമം ജൂതന്മാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഒരു സെമിറ്റിക്ക് വിരുദ്ധ നിയമമാണെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഒരു നിയമവും പാസ്സാക്കാത്ത ഏകരാജ്യമാണ് പോളണ്ട്. ആ രാജ്യത്തിൽ മഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന ജൂതജനതയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും നാസി അധിനിവേശത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ നാസികളെ കാര്യമായി പിന്തുണക്കുകയും, ജൂതരെ കൂട്ടക്കൊല ചെയ്യുന്നതിന് ഭാഗമാവുകയും ചെയ്ത പോളിഷുകാരുടെ ചരിത്രം ഈയടുത്ത കാലത്ത് മാത്രമാണ് പുറത്തു വരാൻ തുടങ്ങിയത്. രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയത്തിൻെറ വളർച്ച, ജൂതർക്കെതിരെയും മുസ്ലീങ്ങൾക്കെതിരെയും വംശീയ നിലപാടുകളെടുക്കുവാൻ ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. എന്തായാലും പോളണ്ടിലെ പുതിയ നിയമത്തിൻെറ പശ്ചാത്തലത്തിൽ, ആ രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്ന നയതന്ത്ര ശ്രമങ്ങൾക്കായിരിക്കും ഇസ്രായേൽ ഇനി പരിശ്രമിക്കുക.

ജർമ്മൻ ഗോൾ മെഷീൻ ജേർ