അഷ്‌റഫ് ഗനി രാജ്യം വിട്ടു: താലിബാൻ സൈന്യം രാഷ്‌ട്രപതി ഭവനിൽ
ഇന്നലെ രാത്രിയോടെ അഫ്ഗാനിസ്ഥാൻ രാഷ്‌ട്രപതി അഷ്‌റഫ് ഗനി രാജ്യം വിട്ടു. രാജ്യഭരണത്തിന് പകരം സംവിധാനമൊരുക്കാതെയുള്ള അദ്ദേഹത്തിൻെറ പെട്ടെന്നുള്ള തിരോധാനം താലിബാനോടുള്ള രാജ്യത്തിൻെറ അടിയറവ് പ്രഖ്യാപിക്കുന്നത് കൂടിയാണ്. അർദ്ധരാത്രിയോടെ താലിബാൻ സൈന്യം രാഷ്‌ട്രപതി ഭവനം പിടിച്ചെടുത്തു.
2001 നവംബറിൽ രാജ്യാധികാരം നഷ്ടമായെങ്കിലും, രാജ്യത്തിൻെറ ഏതാണ്ട് എല്ലായിടത്തും താലിബാൻെറ നിശബ്‌ദ സാനിധ്യം ഉണ്ടായിരുന്നു. ചില പ്രദേശങ്ങൾ അവർ നേരിട്ട് ഭരിക്കുകയും ചെയ്തിരുന്നു. നഗരങ്ങളും അതിർത്തി ചെക്ക് പോസ്റ്റുകളും ദേശീയ പാതകളും നാറ്റോയുടെയും അഫ്ഗാൻ സർക്കാറിൻെറയും നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ ഉൾപ്രദേശങ്ങളിലെ താലിബാൻ സ്വാധീനം പുറംലോകം ഗൗരവമായി കണ്ടിരുന്നില്ല. രാജ്യത്തുടനീളമുള്ള സാനിധ്യം, ഇക്കഴിഞ്ഞ മെയിൽ യുദ്ധമാരംഭിച്ചപ്പോൾ അവർക്ക് ഗുണകരമായി. രാജ്യമുപേക്ഷിക്കാൻ തീരുമാനിച്ച നാറ്റോ സൈന്യം ഈ യുദ്ധത്തിൽ സജീവമായിരുന്നില്ല. ജൂലൈ തുടക്കത്തിൽ അമേരിക്കൻ സൈന്യം അപ്രതീക്ഷിതമായി രാജ്യം വിട്ടത്, താലിബാന് യുദ്ധത്തിൽ വലിയ മേൽക്കോയ്മയാണ് നേടിക്കൊടുത്തത്. എന്നാലും ഏതാണ്ട് ആറുമാസമെങ്കിലും കഴിഞ്ഞേ താലിബാന് കാബൂളിലെത്താനാകൂ എന്നാണ് യുദ്ധവിദഗ്ധർ കണക്കു കൂട്ടിയിരുന്നത്. എന്നാൽ നാറ്റോ പരിശീലിപ്പിച്ച തദ്ദേശീയ സൈന്യത്തെ കുറിച്ചുള്ള ഊതി പെരുപ്പിച്ച കണക്കുകളും, ഉള്ളവരുടെ തന്നെ പിന്മാറ്റവും കൂറുമാറ്റവും താലിബാന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. തങ്ങളുടെ നാട്ടുകാരെ സുരക്ഷിതമാക്കാനായി കാബൂളിലവശേഷിക്കുന്ന നാറ്റോ സൈന്യവും കൂടി പോകുന്നതോടെ, അഫ്ഗാനിസ്ഥാൻ പൂർണ്ണമായും താലിബാൻെറ കീഴിലാവും. അതോടെ ശീതയുദ്ധ നിർമ്മിതിയായ താലിബാൻെറ ഇസ്ലാമിക് എമിറേറ്റിസിൻെറ കീഴിൽ എല്ലാ ജനാധിപത്യാവകാശങ്ങളും നഷ്ടപ്പെട്ട പ്രാകൃത ജനതയായി ഏതാണ്ട് മൂന്നു കോടിയാളുകൾ മാറും.
അഫ്ഗാനിസ്ഥാനിലേക്ക് ഇനിയൊരു വൈദേശികാധിനിവേശം ഉടനെ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. മറിച്ച് സമാന ഭൂപ്രകൃതി തുടരുന്ന മധേഷ്യയിലേക്കും, ചൈനയുടെ പടിഞ്ഞാറൻ അതിർത്തിയിലേക്കും, രാഷ്ട്രീയമായി ബന്ധപ്പെട്ട് കിടക്കുന്ന പാക്കിസ്ഥാൻെറ പഷ്തൂൺ പ്രവ്യശ്യകളിലേക്കും കാശ്‌മീരിലേക്കും താലിബാൻ സാമ്രാജ്യം പരന്ന് വികസിക്കാനുള്ള സാധ്യതയാണ് കാണുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും ആശ്രിത ഭരണകൂടങ്ങൾക്കും താലിബാനൊരു ഭീഷണിയായി ഉയർന്നു വരാനിടയുണ്ട്. എന്തായാലും താലിബാൻെറ തിരിച്ചു വരവ് പശ്ചിമ-മധ്യ-ദക്ഷിണ ഏഷ്യകളിലെ പ്രതിരോധ സമവാക്യങ്ങൾ തിരുത്തി കുറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.