വന്ദനാ കത്താരിയ! ലജ്ജിക്കുക ഭാരതമേ!!!

എന്തുകൊണ്ട് ഇന്ത്യൻ കായികരംഗത്തിന് മുന്നേറാൻ സാധിക്കുന്നില്ല എന്നുള്ളതിൻെറ വ്യക്തമായ ഉത്തരമാണ് വന്ദനാ കത്താരിയയുടെ അനുഭവം. ചരിത്രത്തിലെ ഏറ്റവും മികച്ച (?) ഒളിമ്പിക്സ് മെഡൽ പട്ടികയുമായി ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യം ടോക്കിയോയിൽ നിന്ന് മടങ്ങി വരുമ്പോൾ, അവരിൽ ഒരാളെ ജാതിയുടെ പേരിൽ തിരഞ്ഞെടുത്ത് അപമാനിക്കുമ്പോൾ അവളുടെ വീടിന് നേരെ പരസ്യമായി ആക്രമണം നടത്തുമ്പോൾ എങ്ങനെയാണ് കായികരംഗത്തേക്ക് കഴിവുള്ളവർ വരുക? ഇന്ത്യയിൽ പൊതുവേയും വടക്കേയിന്ത്യയിൽ പ്രത്യേകിച്ചും നിലനിൽക്കുന്ന പ്രത്യക്ഷത്തിലുള്ള ജാതിവിവേചനം ഏറ്റവും ബീഭത്സമായി പുറത്തുവന്ന സംഭവങ്ങളിലൊന്നാണ് വർധനയുടെ നേർക്കുണ്ടായത്. 

ആഗസ്ററ് നാലിന് നടന്ന വനിതാഹോക്കി സെമിഫൈനലിൽ ഇന്ത്യയും അർജൻറിനയുമാണ് പരസ്പരം മത്സരിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിൻെറ ഹോക്കി സെമിയിൽ എത്തുന്നത്. പക്ഷെ ഇന്ത്യൻ വനിതകൾ ആ മത്സരത്തിൽ പൊരുതി തോറ്റു. എന്നാൽ അതിൻെറ പേരിൽ ടീമംഗമായ വന്ദനാ കത്താരിയയുടെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ജാതിയധിക്ഷേപം നടത്തുകയായിരുന്നു. അത് ചെയ്തത് അതേ ഗ്രാമത്തിലെ സവർണ്ണ ഹിന്ദുക്കളായിരുന്നു. ആകെ രണ്ടു പേരാണ്  ജാതി പറഞ്ഞ് വന്ദനയെ അപമാനിച്ചതെങ്കിലും, ഒരു സമൂഹ ബോധത്തിൻെറ വ്യക്തമായ പ്രതിഫലനം അതിൽ കാണാൻ സാധിക്കും. കാരണം ഷട്ടിലിൽ പി.വി. സിന്ധുവും ബോക്സിങ്ങിൽ ലോവ്ലീനയും മെഡലുകൾ നേടിയപ്പോൾ, ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇവരുടെ ജാതിയും മതവുമായിരുന്നു. 

ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ ഒരു തിരിച്ചു വരവിൻെറ പാതയിലാണ്. വെങ്കലം നഷ്ടമായെങ്കിലും എല്ലാവരെയും ത്രസിപ്പിച്ച പ്രകടനമായിരുന്നു വനിതകൾ ബ്രിട്ടനെതിരെ പുറത്തെടുത്തത്. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണ ജേതാക്കളായ ബ്രിട്ടനെതിരെ അവസാന നിമിഷം വരെ പോരാടിയാണ് 4-3ന് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. അതിൽ ഒരു ഗോളും വന്ദനയുടേതായിരുന്നു. ഒളിമ്പിക്സ് വനിതാ ഹോക്കിയിലെ ആദ്യ ഇന്ത്യൻ ഹാട്രിക് ഗോൾ നേടിയ താരം കൂടിയാണ്. 2013ലെ ലോകജൂനിയർ ലോകകപ്പിൽ ഇന്ത്യക്ക് വെങ്കലം കിട്ടിയപ്പോൾ ഏറ്റവും ഗോളടിച്ചതും മറ്റാരുമല്ല. 2014ലെ വെങ്കലം നേടിയ ഏഷ്യൻ ഗെയിംസ് ടീമിലും 2015ൽ ഒന്നാം സ്ഥാനം നേടിയ ലോക ഹോക്കി ലീഗിലും 2018ലെ വെള്ളി നേടിയ ഏഷ്യൻ ചാമ്പ്യൻ ട്രോഫി ടീമിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് വന്ദനയായിരുന്നു. ഇത്രയും മികവ് തെളിയിച്ച ഒരു കായികതാരത്തെ ജാതിയുടെ പേരിൽ അപമാനിക്കുമ്പോൾ, എങ്ങനെയാണ് സമാന സാമൂഹിക സാഹചര്യത്തിലുള്ള വന്ദനമാർക്ക് ഉയർന്നു വരാൻ കഴിയുക? ഇത് ഇന്ത്യ ലജ്ജിക്കേണ്ട സമയം കൂടിയാണ്.