പുതിയ കാശ്മീരിന് രണ്ടു വർഷം തികയുന്നു

ജമ്മു കാശ്മീരിൻെറ ഭരണഘടനാപരമായ പ്രത്യേക പദവി പിൻ വലിക്കപ്പെട്ടിട്ട് രണ്ടു വർഷം തികയുന്നു. 370ആം വകുപ്പിനൊപ്പം സംസ്ഥാനപദവിയും ജമ്മു കാശ്മീരിന് നഷ്ടപ്പെട്ടിരുന്നു. കൂടാതെ പഴയ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വെട്ടിമുറിക്കുകയും ചെയ്തു. കാശ്മീരിൻെറ സംഘർഷഭരിതമായ നീണ്ട ചരിത്രത്തിൽ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലും യുദ്ധങ്ങളും ചതിയും എല്ലാം ധാരാളമുണ്ടെങ്കിലും, 1989ന് ശേഷമുള്ള കാലത്തെ ഏറ്റവും സങ്കീർണ്ണമായ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് 2019 മുതൽ അത് വിധേയമാവുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിൻെറ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു എല്ലാതരത്തിലുമുള്ള കാശ്മീരിൻെറ രാഷ്ട്രീയ പതനം. വാജ്പേയീ സർക്കാറിൻെറ താൽപ്പര്യക്കുറവ് കാരണം 2002ൽ തന്നെ കാശ്മീരിനെ ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു സംസ്ഥാനമായും മുസ്‌ലിം ഭൂരിപക്ഷമുള്ള കാശ്മീരായും ലഡാക്കെന്ന കേന്ദ്ര ഭരണപ്രദേശമായും കീറി മുറിക്കാൻ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ വിഎച്ച്പി ഒരു പടി കൂടി മുന്നോട്ട് പോയി. കാശ്മീരിൻെറ ഒരു ഭാഗം വീണ്ടും മുറിച്ച് കാശ്മീരി പണ്ഡിത്തുകൾക്ക് കൂടി നൽകണമെന്ന തീരുമാനമാണ് അവരെടുത്തത്. പക്ഷെ അന്നത്തെ എൻഡിഎ സർക്കാരിന് അതുമായി മുന്നോട്ട് പോകാനാവുമായിരുന്നില്ല. ഉഗ്രദേശീയതയുടെ വക്താക്കളായ മോദിയും സംഘവും അതിനു വേണ്ട നീക്കങ്ങൾ ആദ്യമേ ആരംഭിച്ചു. ഇസ്ലാമോഫോബിയ ഒരു സാമൂഹികയാഥാർഥ്യമായി അവതരിപ്പിച്ച് ജനപിന്തുണ നേടിയെടുക്കാൻ അവർക്കായി. 2019 ആഗസ്ററ് അഞ്ചിന് 370ആം വകുപ്പ് പിൻവലിച്ചു. തൊട്ടുപിന്നാലെ കാശ്മീരിൻെറ വിഭജനവും നടപ്പിലാക്കി. 

മേഖലയിലെ എല്ലാ വിഭാഗീയപ്രവർത്തനങ്ങൾക്കും കാരണം കാശ്മീരിൻെറ പ്രത്യേക പദവിയാണെന്നും അതിൻെറ അഭാവത്തിൽ അതിർത്തി കടന്നുള്ള തീവ്രവാദം ഇല്ലാതാവുമെന്നും സമാധാനം സ്ഥാപിക്കപ്പെടുമെന്നും എല്ലാ മേഖലയിലും വികസനം യാഥാർഥ്യമാവുമെന്നുമാണ് പ്രധാനമന്ത്രിയും കൂടെയുള്ളവരും പറഞ്ഞിരുന്നത്. പക്ഷെ രണ്ടു വർഷം കഴിയുമ്പോൾ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്കാണ് കാശ്മീർ നീങ്ങുന്നത്. സാമ്പത്തിക തകർച്ച എല്ലാ മേഖലയിലും ദൃശ്യമാണ്. അത് മഹാമാരിയുടെ ബാക്കിപത്രമല്ല. ദേശീയ അടച്ചിടലിനും മുമ്പ് തന്നെ ആസന്നമായ സാമ്പത്തിക തകർച്ച കാശ്മീരിൽ ദൃശ്യമായിരുന്നു. വാർത്താവിനിമയ ഉപാധികളും ഇൻെർനെറ്റും നേതാക്കളുടെ വീട്ടുതടങ്കലും എല്ലാം സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ പുതിയ നിക്ഷേപങ്ങൾ ഇല്ലാതാവുക മാത്രമല്ല; നിലവിലുള്ള ഉൽപ്പാദന-വിതരണ പ്രവർത്തനങ്ങൾ കൂടി അസാദ്ധ്യമാവും. മഹാമാരിയും അടച്ചിടലും അതിനാക്കം കൂടിയെന്ന് മാത്രം. അതിർത്തി കടന്നുള്ള തീവ്രവാദം കുറഞ്ഞെന്ന് കണക്കുകൾ കാണിക്കുന്നുണ്ടെകിലും, കൂടുതൽ കാശ്മീരികൾ തീവ്രവാദത്തിൻെറ വഴിയേ പോയിട്ടുണ്ടെന്നാണ് ആഭ്യന്തര വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നത്. 370ആം വകുപ്പ് പിൻവലിച്ചതോടെ കാശ്മീരികൾക്ക് ഇന്ത്യൻ ഭരണത്തോടുള്ള എതിർപ്പ് രൂക്ഷമായി വർദ്ധിച്ചിട്ടുണ്ടെന്ന് നിരവധി വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം 76 കാശ്മീരികൾ തീവ്രവാദം സ്വീകരിച്ചതായും അവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ജനവരിക്ക് ശേഷം നടന്ന വെടിവെപ്പുകളിൽ കൊല്ലപ്പെട്ട എല്ലാ തീവ്രവാദികളും പ്രാദേശികവാസികളായിരുന്നെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോൾ സ്ഥിതിഗതികളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാണ്. 

കാശ്മീരിൻെറ പൂർവ്വ സ്ഥിതിയിൽ വരുത്തിയ മാറ്റം ‘ചരിത്രപരമായ വിഡ്ഢിത്ത’മായി ദീർഘകാലയളവിൽ മാറുമെന്ന് നിരീക്ഷണം ശക്തമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പൂർണ്ണമാവുന്നതോടെ കാശ്മീർ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാവും. തദ്ദേശവാസികളെ ശത്രുക്കളായി കണ്ട് സൈനികമായി കാശ്മീർ പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്രശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. നിബന്ധനകളില്ലാതെ, തുറന്ന ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതാണ് ഉചിതമെന്ന കാശ്മീരിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാടാണ് കൂടുതൽ പ്രസക്തമായിരുന്നത്. പക്ഷെ നിലവിലെ സാഹചര്യത്തിൽ കാശ്മീരികളുടെ വിശ്വാസം നേടിയെടുക്കുന്നത് അത്ര എളുപ്പമല്ല. മഹാമാരിക്ക് ശേഷമുള്ള, കേന്ദ്രത്തിൻെറ നിലപാടനുസരിച്ചായിരിക്കും കാശ്മീരിൻെറ  ഭാവി നിശ്ചയിക്കാനാകുക.