അഫ്ഗാൻ നഗരങ്ങൾ താലിബാൻ നിയന്ത്രണത്തിലേക്ക്
അമേരിക്കൻ സൈന്യത്തിൻെറ, ഇരുപത് വർഷത്തെ സജീവ സാന്നിധ്യത്തിന് ശേഷം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ധൃതി പിടിച്ചുള്ള പിൻവാങ്ങൽ അവിടെ അവശേഷിക്കുന്ന ജർമ്മൻ, ബ്രിട്ടൻ, തുർക്കി തുടങ്ങിയ നാറ്റോ രാജ്യങ്ങളിലെ സൈനികർക്കും അഫ്ഗാൻ ഭരണകൂടത്തിന് തന്നെയും വലിയൊരു ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അഫ്ഗാൻെറ പല പ്രദേശങ്ങളും പിടിച്ചെടുത്ത് കൊണ്ട് മുന്നേറുന്ന താലിബാന് അമേരിക്കയുടെ പെട്ടെന്നുള്ള പിന്മാറ്റം വലിയൊരു അനുകൂലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഭരണമേറ്റെടുക്കുമ്പോൾ തന്നെ ജോ ബൈഡൻ അഫ്ഗാൻ മണ്ണിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിൻെറ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. വരുന്ന സെപ്റ്റംബർ പതിനൊന്നോടെ അവസാന അമേരിക്കൻ സൈനികനും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു പോകുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, ജൂലൈ അഞ്ച് രാത്രിയിൽ ബഗ്രാം സൈനിക കേന്ദ്രത്തിൽ നിന്ന് വളരെ പെട്ടെന്ന് അവർ പിന്മാറിയത് ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു. അമേരിക്കൻ സൈനികർ കേന്ദ്രം ഉപേക്ഷിച്ചത് ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞാണ് അഫ്ഗാൻ സൈന്യം അറിയുന്നത് തന്നെ. ആറ് മാസത്തിനുള്ളിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ, താലിബാൻ പിടിച്ചെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, നഗരത്തിൽ നിന്ന് എഴുപത് കിലോമീറ്റർ മാത്രം അകലെയുള്ള ബഗ്രാം അമേരിക്ക ഉപേക്ഷിച്ചത് താലിബാൻെറ സൈനികശക്തിയുടെ അജയ്യതയാണ് സൂചിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാൻെറ അയൽ രാജ്യങ്ങളുമായുള്ള പ്രധാന കച്ചവട പാതകളെല്ലാം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലുള്ള സ്പിൻ ബോൾഡക്കിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇന്ത്യക്കാരനായ ഡാനിഷ് സിദിഖി കൊല്ലപ്പെടുന്നത്. ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്കിമെസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള കച്ചവട പാതകളും താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞു. താലിബാൻ മുന്നേറ്റത്തെ തടയാനാവാത്തതിനാൽ, ചെറുസൈനിക സംഘങ്ങളെ പ്രാദേശികമായി സൃഷ്ടിക്കുകയാണ് അഫ്ഗാൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്. തങ്ങളുടെ നിയത്രണത്തിലല്ലാത്ത പ്രദേശങ്ങളിൽ നാറ്റോ സൈന്യവും ഇതുതന്നെയാണ് മുമ്പ് ചെയ്തിരുന്നത്. താലിബാനൊഴികെയുള്ള എല്ലാ പ്രാദേശിക മാടമ്പിമാരും തങ്ങളുടെ സൈന്യത്തെ ഒരു പരിക്കുമേൽക്കാതെ നിലനിർത്തിയത് നാറ്റോയുടെ ഈ നയസമീപനത്തിൻെറ ഭാഗമായായിരുന്നു. പുതിയ സാഹചര്യത്തിൽ, താഴ്‌വരയിൽ പലയിടത്തുമുള്ള മാടമ്പിമാർ തങ്ങളുടെ സൈനികശക്തി വർദ്ധിപ്പിക്കാനും പ്രാദേശികാധികാരങ്ങൾ കൂടുതൽ സ്വന്തമാക്കാനും വിലപേശുന്നുണ്ട്. എന്നാൽ ഇവരിൽ പലരും ഇപ്പോൾ താലിബാൻെറ ഭാഗത്തേക്ക് കൂറ് മാറി കഴിഞ്ഞു. പ്രത്യേകിച്ചും വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള താജിക്കുകളും ഉസ്ബെക്കുകളും ഹസാരകളും ഇങ്ങനെ താലിബാനുമായി ചേരുന്നതുകൊണ്ടാണ് ആ ഭാഗത്ത് താലിബാന് പെട്ടെന്ന് മുന്നേറാനായത്.
അമേരിക്ക പിന്മാറുന്നതോടെ സമാധാന ചർച്ചകൾക്ക് റഷ്യയും പാക്കിസ്ഥാനും മുൻകൈയെടുക്കുന്നുണ്ട്. എന്നാൽ അഫ്ഗാൻ ഭരണക്കൂടവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്. പാക്കിസ്ഥാൻ പിന്തുണയില്ലാതെ താലിബാന് അഫ്ഗാൻെറ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഇത്രവേഗം മുന്നേറാനാവില്ലെന്നാണ് കരുതപ്പെടുന്നത്. നടക്കുന്ന ചർച്ചകളിൽ താലിബാൻ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും, രാജ്യത്തിൻെറ ഭാവിയെ സംബന്ധിച്ച ഒരു കാര്യങ്ങളിലും ഒരു ഒത്തുതീർപ്പിലെത്താനാവുന്നില്ല. ഭാവിയിൽ ഏതെങ്കിലും രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്താൻ താലിബാന് താൽപ്പര്യമില്ല. തെരഞ്ഞെടുപ്പ് ആധാരമാക്കിയുള്ള, പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യത്തിന് പകരം ‘ഇസ്ലാമിക് എമിറേറ്റ്സ്’ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് താലിബാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
കാബൂളിന് ചുറ്റുമുള്ള പ്രധാന നഗരങ്ങളെല്ലാം പിടിച്ചെടുക്കുകയാണ് താലിബാൻ ഇപ്പോൾ ചെയ്യുന്നത്. രാജ്യത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും ഓഗസ്‌റ്റോടെ താലിബാൻ നിയന്ത്രണത്തിലാകുമെന്ന് കരുതുന്നു. കാബൂളിലേക്ക് നീങ്ങുന്ന താലിബാനെ തടയാൻ അമേരിക്കൻ വ്യോമസേനാ തയ്യാറാണെന്ന പ്രസ്താവന ആരും മുഖവിലക്കെടുക്കുന്നില്ല. അതിനൊരു കാരണം കൂടിയുണ്ട്. ബെഗ്രാം ഉപേക്ഷിച്ചതോടെ മേഖലയിൽ പുതിയൊരു സൈനികതാവളം കണ്ടെത്താൻ അമേരിക്ക ശ്രമിക്കുകയാണ്. റഷ്യയുടെ സമ്മർദ്ദം കാരണം മദ്ധ്യേഷ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ വിമുഖരാണ്. പാക്കിസ്ഥാനും നിലവിലുള്ള സാഹചര്യത്തിൽ അനുകൂലമായി പ്രതികരിക്കാനിടയില്ല. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ ഭാവികാര്യങ്ങളിൽ സൈനികമായി ഇടപ്പെടാൻ അമേരിക്ക തയ്യാറാവുകയില്ല. അവശേഷിക്കുന്ന നാറ്റോ സൈനികരും ഉടനെ അവിടെനിന്നു തിരിക്കുമെന്ന് തീർച്ചയാണ്. സൈനികമായി ഇടപെടില്ലെന്ന് പാക്കിസ്ഥാനും പ്രഖ്യാപിച്ചു കഴിഞ്ഞു. റഷ്യയും ചൈനയും ഇന്ത്യയും താലിബാനുമായി ഉന്നതതല ചർച്ചകൾ ആരംഭിച്ചതോടെ, അഫ്ഗാൻ ഭരണകൂടം ഒറ്റപ്പെട്ടിരിക്കുകയാണ്.
താലിബാൻെറ ആധിപത്യം അംഗീകരിക്കാത്ത പ്രാദേശിക ശക്തികളുമായി ചേർന്ന് അഫ്ഗാനിലെ നിലവിലുള്ള ഭരണകൂടം മുന്നോട്ട് പോകാനാണ് സാധ്യത. കാബൂൾ താലിബാൻെറ അന്തിമലക്ഷ്യമാണെന്ന് ഉറപ്പായ സ്ഥിതിക്ക് അനുയോജ്യമായ മറ്റൊരു ആസ്ഥാനം കണ്ടെത്തുന്നതിനോ മറ്റേതെങ്കിലും രാജ്യത്ത് ഒരു പ്രവാസി ഭരണക്കൂടം കെട്ടിപ്പെടുക്കാനോ ആയിരിക്കും അഷ്‌റഫ് ഗാനി ശ്രമിക്കുക. ഈ സാഹചര്യത്തിൽ നീണ്ടു നിൽക്കുന്ന അതിരൂക്ഷമായ ആഭ്യന്തര യുദ്ധമായിരിക്കും അഫ്ഗാനിസ്ഥാനിൽ ഉണ്ടാവുക. അമേരിക്കയോ റഷ്യയോ പോലെ ഏതെങ്കിലുമൊരു വൻശക്തിയുടെ പിന്തുണയില്ലാതെ താലിബാനെ തോൽപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അസാദ്ധ്യമാണ്.