കുഞ്ഞാലിക്കുട്ടി ക്കെതിരെ പ്രതിഷേധം ഉരുണ്ടുകൂടുന്നു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി  ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷനുമായ മോയിനലി  ശിഹാബ് പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരസ്യവിമർശനവും ലീഗ് ഹൗസിൽ അതേത്തുടന്ന് ഉണ്ടായ സംഘർഷവും മുസ്ലിംലീഗിനെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. ഹൈദരാലി  തങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകാനുള്ള ഒരു കാരണം കുഞ്ഞാലിക്കുട്ടിയും സംഘവും അദ്ദേഹത്തെ വലിയ പടുകുഴിയിൽ ചാടിച്ചതാണ് എന്ന് മോയിനലി ആരോപിച്ചു. തുടർന്നു കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ഒരു വ്യക്തി പത്രസമ്മേളനഹാളിൽ ഇടിച്ചുകേറി വരികയും മോയിനലിയെ  കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും  ചെയ്തു.

ഇത്  അതീവ ഗുരുതരമായ പ്രതിസന്ധിയാണ് പാർട്ടിയിൽ  ഉണ്ടാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ലീഗിലെ സംഘടനാപരവും വ്യക്തിപരവുമായ പ്രശ്നങ്ങളുടെ പരിഹാരവേദിയായാണ് പാണക്കാട് തങ്ങൾ കുടുംബം നിലനിന്നതെങ്കിൽ ഇപ്പോൾ പാർട്ടിയിലെ പ്രശ്നങ്ങൾ കുടുംബത്തിലേക്കും പടർന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഹൈദരലി തങ്ങളുടെ  മോശമായ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളിൽ ഇടപെടാനുള്ള അദ്ദേഹത്തിന്റെ ശേഷിയും സംശായാസ്പദമാണ്.

കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചു നേരത്തെ  കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങൾ ലീഗിൽ വലിയ അനുരണനം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ മോയിനലി  നടത്തിയ പരസ്യപ്രസ്താവനയും അദ്ദേഹത്തിന്റെ നേരെയുണ്ടായ കയ്യേറ്റശ്രമങ്ങളും കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുകയാണ്. വിഷയത്തിൽ  നിലപാട് സ്വീകരിക്കാൻ ലീഗിന്റെ ഉന്നതാധികാര സമിതി ഇന്നും നാളെയുമായി മലപ്പുറത്തു ചേരുന്നുണ്ട്. അതിനുശേഷം  പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാവും. മോയിനലിക്കെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിച്ചാൽ അത്‌ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്. കാരണം കഴിഞ്ഞ ലോക്‌സഭാ  തെരഞ്ഞെടുപ്പു മുതൽ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി സ്വീകരിച്ച പല നയങ്ങളും പാർട്ടിക്കു കനത്ത ആഘാതമുണ്ടാക്കിയെന്നും ലീഗിനേക്കാൾ തന്റെ പദവിയും സ്ഥാനമാനങ്ങളുമാണ് അദ്ദേഹത്തിന്റെ നിലപാടുകളെ നിശ്ചയിച്ചതെന്നും പല നേതാക്കളും തുറന്നു പറയുന്നുണ്ട്. ഹൈദരാലി തങ്ങളുടെ മോശമായി വന്ന ആരോഗ്യസ്ഥിതിയിൽ ഒരു ഉപജാപകസംഘമാണ് പാർട്ടി കാര്യങ്ങൾ  നിയന്ത്രിച്ചത് എന്നാണ് ആരോപണം.
പാർട്ടി മുഖപത്രം ചന്ദ്രികയുടെ  സാമ്പത്തിക പ്രതിസന്ധിയും തകർച്ചയും അതിലൊരു പ്രധാന വിഷയമാണ്. കുഞ്ഞാലിക്കുട്ടിയുടെ  അടുപ്പക്കാരനായ ഒരു ഫിനാൻസ് ഡയറക്റ്ററാണ്  അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ചന്ദ്രികയുടെ വരുമാനം പൂർണമായും പുറത്തുള്ള ഒരു സ്ഥാപനത്തിലേക്കു ഒഴുകുകയാണ് എന്നുമാണ് പ്രധാന ആരോപണം. ഇന്നലെ മോയിനലി ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നവും അതുതന്നെയാണ്. അത്തരത്തിലുള്ള ബാഹ്യ ഇടപെടലുകളുടെ ബാക്കിപത്രമായാണ് ഹൈദരാലി തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായത്. ഈ വിഷയം മൂന്നുമാസങ്ങൾക്കു മുമ്പേ  ചന്ദ്രികയിലെ ജീവനക്കാരുടെ സംഘടന ഹൈദരലി തങ്ങൾ അടക്കം പാർട്ടി നേതൃത്വത്തിനു നൽകിയ നിവേദനത്തിൽ അക്കമിട്ടു പറയുന്നുണ്ട്. ചന്ദ്രികയുടെ വിപുലമായ നഗരസ്വത്തിൽ ഒരുപങ്ക് സ്വകാര്യവ്യക്തികൾ കൈയടക്കി എന്നും പകരം കിട്ടിയ ഭൂമി വെള്ളക്കെട്ടു പ്രദേശമായതിനാൽ കെട്ടിടനിർമാണം പോലും അസാധ്യമാണെനും അതിന്റെ പിന്നിൽ ചില സ്ഥാപിത താലപര്യങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ പ്രവർത്തിച്ചു എന്നുമാണ് ജീവനക്കാർ ആരോപിച്ചത്. ഇതു സംബന്ധമായ ചില അന്വേഷണങ്ങൾ നടത്താൻ ഹൈദരലി തങ്ങൾ മോയിനലിയെ ചുമതലപ്പെടുത്തി എന്നും ജീവനക്കാർ പറയുന്നു.