കുഞ്ഞുവനങ്ങളുടെ തമ്പുരാൻ പ്രകൃതിയിലേക്ക് യാത്രയായി

തുണ്ടുഭൂമിയും തരിശുനിലവും ഉൾപ്പെടെ ഏത് പ്രതികൂല സാഹചര്യത്തിലും അതിവേഗം വളരുന്ന പ്രകൃതിദത്ത വനങ്ങൾ സൃഷ്ടിച്ച് ലോകത്തെ അമ്പരപ്പിച്ച അകിറ മിയാവാക്കി അന്തരിച്ചു. ജപ്പാനിലെ സസ്യശാസ്ത്രജ്ഞനായ അദ്ദേഹം മിയാവാക്കി വനങ്ങളുടെ ഉപജ്ഞാതാവായാണ് പേരെടുത്തത്. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ജൂലൈ പതിനാറാം തീയതിയാണ് മരിച്ചതെങ്കിലും വാർത്ത പുറത്തു വന്നത് വളരെ വൈകിയാണ്. നഗര-വ്യാവസായിക പ്രദേശങ്ങൾ പോലെ ഭൂമിലഭ്യത കുറഞ്ഞയിടങ്ങളിൽ പോലും വനങ്ങൾ സൃഷ്ടിക്കാമെന്ന ആശയമാണ് മിയാവാക്കി പ്രയോഗവൽക്കരിച്ചത്. കേരളത്തിലുൾപ്പെടെ ലോകമെമ്പാടും മിയാവാക്കി വനങ്ങൾ ഇന്നുണ്ട്. 

പുല്ലും വള്ളിയും തുടങ്ങി മഹാവൃക്ഷങ്ങൾ വരെയുള്ള തദ്ദേശീയമായ എല്ലാ തരത്തിലുമുള്ള നൂറു കണക്കിന് ചെടികളാണ് ഒരു തുണ്ട് ഭൂമിയിൽ അടുത്തടുത്ത് നടുന്നത്. സൂര്യപ്രകാശത്തിനായി പരസ്പരം മത്സരിക്കേണ്ടി വരുന്നതിനാൽ വശങ്ങളിലേക്കല്ലാതെ നേരെ മുകളിലേക്ക് ചെടികളെല്ലാം വളരും. ഈ പ്രത്യേക സാഹചര്യത്തിൽ സാധാരണയെക്കാൾ പല മടങ്ങ് വേഗത്തിലായിരിക്കും അവയുടെ വളർച്ച. രണ്ട് ദശകത്തിനകം സ്വാഭാവിക വനത്തിൻെറ പ്രസരിപ്പും ആർജ്ജവവും നേടിയെടുക്കുന്ന ഈ കുഞ്ഞുവനങ്ങൾ പക്ഷികളുടേയും മറ്റ് ചെറുജീവികളുടേയും ആവാസസ്ഥാനമായി മാറും. പ്രാദേശിക കാലാവസ്ഥയെ സ്വാധീനിക്കാനും ഉറവകളെ സൃഷ്ടിക്കാനും മിയാവാക്കി വനങ്ങൾക്കാവും. സ്‌കൂളുകളിലും പാർക്കുകളിലും മാത്രമല്ല ഫ്ലാറ്റുകളിലും തുറമുഖങ്ങളിലും റെയിൽവേ സ്‌റ്റേഷനിലുമെല്ലാം ഈ വനങ്ങളൊരുക്കാമെന്നതാണ് ഇതിൻെറ പ്രത്യേകത. പ്രകൃതിദത്ത വനങ്ങൾക്ക് ബദലല്ലെന്ന് വിമർശനമുണ്ടെകിലും, ഒമ്പതിനായിരം വർഷം വരെ ഇത്തരം വനങ്ങൾ നിലനിൽക്കുമെന്നാണ് മിയാവാക്കി അവകാശപ്പെടുന്നത്. ദീർഘ കാലയളവിൽ ചുരുങ്ങിയ ചെലവിൽ ഏറ്റവും വിജയകരമായി നടപ്പാക്കാൻ പറ്റിയ വനവൽക്കരണ പദ്ധതിയായി മിയാവാക്കി വനങ്ങളെ ലോകമിന്നംഗീകരിച്ചിട്ടുണ്ട്. ജപ്പാൻ ഉൾപ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളിൽ കൊടുങ്കാറ്റിനേയും സുനാമിയേയും ഫലപ്രദമായി ചെറുക്കാൻ മിയാവാക്കി വനങ്ങൾക്ക് കഴിയുന്നുണ്ട്. ഇന്ന് ലോകമെമ്പാടുമായി ആയിരക്കണക്കിനിടങ്ങളിലാണ് മിയാവാക്കി വനങ്ങൾ നിറഞ്ഞു നിൽക്കുന്നത്. ചൈനയിലെ വന്മതിലിനിരുവശവും വനവൽക്കരിക്കാൻ 1998ൽ മിയാവാക്കി മാതൃക നടപ്പിലാക്കിയത് വൻവിജയമായിരുന്നു. ചൈനയിലെ പല പ്രദേശങ്ങളും ഇന്ന് സമാന മാതൃകയിൽ വനവൽക്കരണപാതയിലാണ്. 

2006ലെ ബ്ലൂ പ്ലാനറ്റ് പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ അകിറ മിയാവാക്കിക്ക് ലഭിച്ചിട്ടുണ്ട്. സസ്യശാസ്ത്രത്തെ കുറിച്ചും സസ്യപരിപാലനത്തെ കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം ഇംഗ്ലീഷിലും ജാപ്പനീസിലുമായി എഴുതിയിട്ടുണ്ട്. കേരളത്തോട് വളരെ സവിശേഷമായ ഒരു ബന്ധം അദ്ദേഹത്തിനുണ്ട്. 2020 ജനുവരി 29ന് തൻെറ 92മത്തെ ജന്മദിനം അദ്ദേഹം ആഘോഷിച്ചത് ചാല ഗേൾസ് ഹൈസ്ക്കൂളിലെ കുഞ്ഞുവനം സ്കൈപ്പിലൂടെ നട്ടുകൊണ്ടായിരുന്നു. ഇതായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി.