depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp കിഫ്‌ബി ചോദ്യോത്തരങ്ങൾ 21 – Janashakthi Online

കിഫ്‌ബി ചോദ്യോത്തരങ്ങൾ 21

കേരളാ അടിസ്ഥാന വികസന നിക്ഷേപ ബോണ്ട്‌ പദ്ധതി  സംബന്ധിച്ച  ചോദ്യങ്ങൾക്കു രാഷ്ട്രീയസമ്പദ്  ശാസ്ത്രജ്ഞനും സമ്പദ് ചരിത്രകാരനുമായ ഡോ. കെ ടി റാംമോഹൻ മറുപടി പറയുന്ന  പംക്തിയുടെ അവസാനഭാഗം.   

 കിഫ്ബിയുമായി ബന്ധപ്പെട്ടു ഈ പംക്തിയിൽ ഉയർത്തിയ വിമർശനം അംഗീകരിക്കുമ്പോൾ തന്നെ, സംസ്ഥാന ധനഭരണത്തിലെ നൂതനവും ക്രിയാത്മകവുമായ ആവിഷ്കരണമാണത് എന്നതു നിഷേധിക്കാനാവുമോ? വിദൂരഭാവിയിലെ അടിസ്ഥാന സൗകര്യാവശ്യങ്ങളെ മുന്നിൽക്കണ്ട്, അന്നു വേണ്ടിവന്നേക്കാവുന്ന വലിയ ചെലവ് ഒഴിവാക്കാനായി, ഇന്ന് കുറഞ്ഞ മുതൽമുടക്കിൽ അതിന് തുടക്കമിടുന്നതിലെ ദീർഘദർശിത്വം  അഭിനന്ദനാർഹമല്ലേ? സർക്കാർവശം മൂലധനമില്ലാത്ത സാഹചര്യത്തിൽ അതിനായി കടമെടുത്തത് തെറ്റെന്നു പറയാനാകുമോ? പുതിയ സർക്കാരിനു കിഫ്ബിയെ സംബന്ധിച്ച് തുറന്ന സമീപനമാണെന്നിരിക്കെ അതിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള നിർദേശങ്ങൾ വെക്കാമോ?

പൊതുധനനിർവഹണ കാര്യക്ഷമത തിട്ടപ്പെടുത്താൻ രാഷ്ട്രീയ സമ്പദ്‌ശാസ്ത്രം അവലംബിക്കുന്ന അളവുകോലുകൾ ഉപയോഗിച്ച് കിഫ്ബിയെ വിലയിരുത്താനാണ് ഈ പംക്തിയിൽ ശ്രമിച്ചത്. പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിച്ച അളവുകോലുകൾ ഏതെന്നു പറയാം: 

(ഒന്ന്) സാമൂഹികനീതിയിൽ അധിഷ്ഠിതമായ തനതുവിഭവസമാഹരണം;  

(രണ്ട്) വിവേകപൂർവമായ കടമെടുപ്പും സൂക്ഷ്മതയോടെയുള്ള കടംനടത്തിപ്പും; 

(മൂന്ന്) ഉല്പാദനപരമായ വികസനനിക്ഷേപത്തിലൂടെ തൊഴിലവസരത്തിലും വരുമാനത്തിലും വർധന; 

(നാല്) പാരിസ്ഥിതിക സൗഹാർദ്ദപരമായ വികസനപദ്ധതികൾ;

(അഞ്ച്) ധനാധികാര വികേന്ദ്രീകരണം;

(ആറ്) ധനനയത്തിലും പ്രയോഗത്തിലും സുതാര്യതയും ജനാഭിപ്രായത്തിന് ഇടവും.

വ്യത്യസ്തവകുപ്പുകളുടെ കീഴിൽ നടന്നിരുന്ന അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമാണം ഏകോപിപ്പിക്കുന്ന  ഭരണസംവിധാനം എന്ന നിലയിൽ കിഫ്‌ബി നൂതനമാണ്. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ സഹായിക്കുമെങ്കിൽ സ്വാഗതാർഹവുമാണ്. പക്ഷേ പദ്ധതിച്ചെലവിനായി തനതുവിഭവസമാഹരണം നടത്തുന്നതിനു പകരം കടമെടുപ്പിനെ ആശ്രയിക്കുന്ന പഴയ അലസതന്ത്രം തന്നെയാണ് കിഫ്ബിയും കൈക്കൊള്ളുന്നത് എന്നത് അതിന്റെ നൂതനത്വത്തെ കുറയ്ക്കുന്നു. അതുപോലെ, പുറംമോടി വെച്ച്  ക്രിയാത്മകതയെ വിലയിരുത്താനാവില്ല.  പദ്ധതികളുടെ എണ്ണമോ മുതൽമുടക്കിന്റെ വലിപ്പമോ അല്ല ക്രിയാത്മകതയെ നിശ്ചയിക്കുന്നത്. ജനക്ഷേമത്തെ അവ സഹായിക്കുന്നുവോ എന്നതാണ്. അതിനായി, പദ്ധതികൾ ജനഭൂരിപക്ഷത്തിന്റെ അടിസ്ഥാനസൗകര്യാവശ്യങ്ങളെ എത്രകണ്ട് നിറവേറ്റുന്നു, സമ്പദ്  പ്രവർത്തനത്തെ എങ്ങനെ സുഗമമാക്കുന്നു, തൊഴിലവസരവും വരുമാനവും എത്രത്തോളം വർധിപ്പിക്കുന്നു എന്നിവയാണ് പരിശോധിക്കേണ്ടത്. 

ചോദ്യത്തിൽ  സൂചിപ്പിക്കുംവിധം ലളിതവിശകലനത്തിനു വഴങ്ങുന്നതല്ല കിഫ്ബിയുടെ “ദീർഘദർശിത്വം“. ഭാവിയിലെ അടിസ്ഥാനാവശ്യം മുന്നെ കണ്ട്‌, അന്നു വന്നേക്കാവുന്ന വലിയ ചെലവ് ഒഴിവാക്കി,  പദ്ധതികൾ കുറഞ്ഞ മുതൽമുടക്കിൽ ഇന്ന് മുഴുമിക്കാൻ ശ്രമിക്കുന്നത് ശ്രമിക്കുന്നത് പ്രത്യക്ഷത്തിൽ ബുദ്ധിപരമായ നീക്കമാണ്. എന്നാൽ ഫലം തിരിച്ചാവാം. അടിസ്ഥാനസൗകര്യാവശ്യങ്ങളുടെ പ്രകൃതത്തിലും തോതിലും ഭാവിയിൽ വന്നേക്കാവുന്ന മാറ്റങ്ങൾ ഇന്നത്തെ നിർമിതികളെ അപ്രസക്തമാക്കാം. പുതിയ സാങ്കേതികവിദ്യയുടെ വരവ് ഭാവിയിൽ ചെലവ് കുറയ്ക്കാനും മതി. ഇവയ്‌ക്കെല്ലാം പുറമെ, പണത്തിന്റെ പ്രത്യക്ഷമൂല്യമല്ല, സമയമൂല്യമാണ് കണക്കിലെടുക്കേണ്ടത്. വിലക്കയറ്റത്തിന് ആനുപാതികമായി പദ്ധതിച്ചെലവ് കൂടുന്നത് ആശങ്കപ്പെടുത്തേണ്ടതില്ല. നിരന്തരം വികസിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അതു താങ്ങാൻ കഴിയും.  

അടിസ്ഥാനസൗകര്യ വികസനമെന്ന ലക്ഷ്യം കടമെടുപ്പിനെ കേവലമായി സാധൂകരിക്കയില്ല. അടിസ്ഥാനസൗകര്യം ലഭ്യമാകുമ്പോൾ  വ്യവസായനിക്ഷേപം താനെ വരുമെന്ന ധാരണ അസ്ഥാനത്താണ്. അതിനു മുന്നുപാധികൾ മറ്റനേകം. ഗതാഗതം സുഗമമാക്കുന്നതിനും വിനിമയച്ചെലവ് കുറയ്ക്കുന്നതിനും പുറമെ അടിസ്ഥാനസൗകര്യ പദ്ധതിനിർമാണം തൊടുത്തുവിടുന്ന ആദാനപ്രദാനങ്ങളും അവ ഉളവാക്കുന്ന സാമ്പത്തിക ഉത്തേജനവുമാണല്ലോ മറ്റൊരു പ്രതീക്ഷിതനേട്ടം. എന്നാൽ വ്യാവസായികമായി കേരളം പിന്നാക്കമായതിനാൽ മിക്കവാറും നിർമാണസാമഗ്രികൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. നിർമാണത്തിന്റെ ഗുണകാങ്കഫലങ്ങൾ  ദൃശ്യമാവുന്നത് ഏറെയും അവിടെയാവും.

 കടമെടുക്കുന്നത് തെറ്റല്ല. എന്നാൽ ധനക്കമ്മിയുള്ളതിനാൽ കടമെടുക്കുകയല്ലാതെ വഴിയില്ല എന്ന ദ്രുതനിഗമനം യുക്തിസഹമല്ല. അതിനുമുമ്പ് ആലോചിക്കേണ്ട കാര്യങ്ങൾ: ധനക്കമ്മിയുടെ കാരണമെന്ത്? ചെലവ് ചുരുക്കിയും തനതുവിഭവങ്ങൾ കാര്യക്ഷമമായി സമാഹരിച്ചും കടം ഒഴിവാക്കാൻ കഴിയുമായിരുന്നോ? പുതിയ കടം സമ്പദ് വ്യവസ്ഥയ്ക്കു താങ്ങാനാവുമോ? സർക്കാരിന്റെ കടംതിരിച്ചടവ് സംവിധാനം ഫലപ്രദമാണോ?     

ആദ്യം പൊതുധനകാര്യ ഘടനയെക്കുറിച്ചു പറയാം. ധനകാര്യ ഇടപാടുകളെ പലരീതിയിൽ തരംതിരിക്കാറുണ്ട്: മൂലധനം (കാപിറ്റൽ) / കാലികം (റവന്യു), വികസനപരം (ഡവലപ്‌മെന്റൽ) / വികസനേതരം (നോൺ ഡവലപ്‌മെന്റൽ), പദ്ധതി (പ്ലാൻ ) / പദ്ധതിയേതരം (നോൺ പ്ലാൻ) എന്നിങ്ങനെ. ഇവിടെ പ്രസക്തം മൂലധനം /കാലികം എന്ന വേർതിരിവാണ്. 

മൂലധനഇടപാടുകൾ ദീർഘകാല സ്വഭാവമുള്ളതാണ്. കടമെടുക്കുന്നത്, കൊടുത്ത കടം തിരിച്ചുകിട്ടുന്നത്, പൊതുമേഖലാ ഓഹരി കയ്യൊഴിയുന്നത് എന്നിവയിലൂടെ ഖജനാവിൽ പണം വന്നുചേരുന്നത് മൂലധനവരവ്. സുസ്ഥിരവസ്തുവകകൾ വാങ്ങുന്നത്, നിർമിക്കുന്നത്, പൊതുമേഖലാ ഓഹരികളിൽ നിക്ഷേപിക്കുന്നത് എന്നിവ മൂലധനച്ചെലവ്. 

കാലികഇടപാടുകൾ തന്നാണ്ടിന്റേത്. കാലികവരവിൽ ആഭ്യന്തരനികുതി പിരിവും നികുതിയേതര വരുമാനവും കേന്ദ്രസർക്കാരിൽ നിന്നുള്ള നികുതിവിഹിതവും സഹായധനവും പെടും. രണ്ടുതരം നികുതിയുണ്ട്. സ്വത്ത് -വരുമാനത്തിന്മേലും ചരക്ക് -സേവനത്തിന്മേലും. സംസ്ഥാനം പിരിക്കുന്ന സ്വത്ത് -വരുമാന നികുതികൾ ഭൂമി,  നഗരസ്വത്ത്, രജിസ്‌ട്രേഷൻ, കാർഷികാദായം, തൊഴിൽ എന്നിവയുടേത്. ചരക്ക് -സേവനയിനത്തിൽ മുഖ്യം സംസ്ഥാന ചരക്ക് -സേവന, വില്പന,  എക്‌സൈസ്, വൈദ്യുതി, വിനോദ, മോട്ടോർവാഹന നികുതികൾ. കേന്ദ്രസർക്കാർ പിരിക്കുന്ന സ്വത്ത് മൂല്യവർധന, ആദായനികുതികളുടെയും സംയുക്ത ചരക്ക് -സേവന,കസ്റ്റംസ്,  എക്‌സൈസ് നികുതികളുടെ ഒരുപങ്കും  സംസ്ഥാനത്തിനു കിട്ടും. 

സംസ്ഥാനത്തിന്റെ നികുതിയേതരവരുമാനം ഭൂമിപാട്ടം, ധാതുഖനനഭോഗം, വനവിഭവവില്പന, ജലസേചനച്ചുങ്കം, നിക്ഷേപപ്പലിശ, പൊതുമേഖലാ ലാഭവിഹിതം, വിദ്യാഭ്യാസ-ആരോഗ്യരക്ഷാ സേവനഫീസ്, ഭാഗ്യക്കുറി, പിഴ എന്നിവയിൽ നിന്നാണ്. കേന്ദ്രസഹായധനം ധനകാര്യകമ്മിഷൻ നിർദേശപ്രകാരമുള്ളതും കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിനുള്ളതുമുണ്ട്. മൂല്യവർധിതനികുതിക്കു പകരം ചരക്ക്- സേവനനികുതി കൊണ്ടുവന്നതിന്റെ നഷ്ടം നികത്താനായി പ്രത്യേക സഹായധനവും. 

കാലികച്ചെലവിന്റെ ഘടകങ്ങൾ ഭരണച്ചെലവ്, വായ്പാപലിശ,  സഹായക്കിഴിവ് (സബ്‌സിഡി) എന്നിവയാണ്. അത് കാലികവരവിനേക്കാൾ കൂടിയാൽ കാലികക്കമ്മി (റവന്യൂ ഡെഫിസിറ്റ്) ആയി വെളിപ്പെടും. ആകെച്ചെലവ് (മൂലധന, കാലികച്ചെലവ്) ആകെ വരവിനെക്കാൾ അധികമെങ്കിൽ വ്യത്യാസത്തെ ധനക്കമ്മി (ഫിസ്കൽ ഡെഫിസിറ്റ്) എന്നുപറയുന്നു. ധനക്കമ്മിയിൽ നിന്ന് വായ്പാപലിശ കുറച്ചാൽ കിട്ടുന്ന തുകയാണ്  പ്രാഥമിക കമ്മി (പ്രൈമറി ഡെഫിസിറ്റ് ). 

1970കൾ തൊട്ട് കേരളം ധനക്കമ്മി നേരിടുന്നു. സാമ്പത്തികവളർച്ചയുടെ കുറവുകൊണ്ട് അത് ക്രമേണ ധനപ്രതിസന്ധിയായി മാറി. ഈ കാലയളവിൽ സമ്പദ്  വ്യവസ്ഥക്കു താങ്ങായത് ഗൾഫ് കുടിയേറ്റമായിരുന്നു. പ്രവാസികളിൽ ചിലരെങ്കിലും വലിയ പണക്കാരായി. എന്നാൽ ആദായനികുതി ചുമത്താനായുള്ള അധികാരം കേന്ദ്രസർക്കാരിനായതിനാൽ സ്വത്ത്-വരുമാന വർധനയുടെ നേരിട്ടുള്ള മെച്ചം സംസ്ഥാന ഖജനാവിനു കിട്ടിയില്ല. പ്രവാസി സമ്പാദ്യം കൊണ്ടുകൂടി വർധിച്ച ബാങ്ക് നിക്ഷേപത്തിലെ വലിയൊരു പങ്ക് മറ്റു സംസ്ഥാനങ്ങളിലാണ് വായ്പയായി വിതരണം ചെയ്യപ്പെട്ടത്. ഉല്പാദനമേഖലകളുടെ മുരടിപ്പിന്റെയും വിഭവസമാഹരണത്തിലെ പോരായ്മയുടെയും സാഹചര്യത്തി ൽ സാമൂഹികക്ഷേമ മേഖലകളിൽ തുടർനിക്ഷേപവും ചെലവും ക്ലേശകരമായി മാറിയെന്നു മാത്രമല്ല നിത്യനിദാനത്തിനു പോലും കടമെടുക്കേണ്ട അവസ്ഥയുണ്ടായി. 1980കളുടെ അവസാനത്തോടെ കേരളമാതൃക വികസനത്തിന്റെ അതിർവരമ്പുകൾ കണ്ടുതുടങ്ങി (കെ കെ ജോർജ് 1989, 1993, 19990). സമ്പദ് വ്യവസ്ഥയിൽ പിന്നീടുണ്ടായ ഉണർവുകളാവട്ടെ വിഭവസമാഹരണത്തിൽ പ്രതിഫലിച്ചില്ല (കെ പി കണ്ണൻ 2005; കെ പി കണ്ണൻ, കെ എസ് ഹരി 2020).

സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ചത് ഇങ്ങനെ: കാലികക്കമ്മി 24,000 കോടി രൂപ, ധനക്കമ്മി 35,000 കോടി രൂപ, പ്രാഥമികക്കമ്മി 15,000 കോടി രൂപ. കൂടാതെ 20,000 കോടി രൂപയുടെ കടം. 

ആകെ കാലികവരവായ 93,000 കോടി രൂപയുടെ പകുതിയോളം ആഭ്യന്തര നികുതിയായിരുന്നു. അത് കഴിഞ്ഞാൽ പ്രധാനം കേന്ദ്രസർക്കാരിന്റെ ധനസഹായം 31 ശതമാനം. കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം 11 ശതമാനം. നികുതിയേതര വരുമാനം കാലികവരവിന്റെ 10  ശതമാനത്തിനടുത്തു മാത്രമായിരുന്നു . 

ആകെ കാലികച്ചെലവായ 117,000 കോടി രൂപ മുഖ്യമായും മൂന്നിനങ്ങളിലായി: ശമ്പളം, പെൻഷൻ, വായ്പാപലിശ. യഥാക്രമം 24, 17, 17 ശതമാനം.

 കാലികവരവിന്റെ പകുതിയോളം വരുന്ന ആഭ്യന്തരനികുതിയിൽ സ്വത്ത്-വരുമാന നികുതിയുടെ പങ്ക്  തീർത്തും തുച്ഛം — എട്ടുശതമാനം മാത്രം. ചരക്ക് – സേവനത്തിന്മേലുള്ളതാണ് ബാക്കി 90 ശതമാനത്തിലേറെ: സംസ്ഥാന ചരക്ക് -സേവനം 42, വില്പന 38, മോട്ടോർവാഹനം 7, എക്‌സൈസ് 5 എന്ന ശതമാന ക്രമത്തിൽ. കാലികവരവിന്റെ 10 ശതമാനം  വരുന്ന നികുതിയേതര വരുമാനത്തിന്റെ 70 ശതമാനത്തിലേറെ ഭാഗ്യക്കുറിയിൽ നിന്നായിരുന്നു. ബാക്കി പ്രധാനമായും വിദ്യാഭ്യാസ-ആരോഗ്യരക്ഷാ സേവനഫീസ്, വനവിഭവവില്പന എന്നിവയിൽ നിന്നും. (കേരള സർക്കാർ ,’ബജറ്റ് ഇൻ ബ്രീഫ് 2021-22‘,  2021). 

കാലികവരവിൽ 31 ശതമാനം കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായധനവും 11 ശതമാനം നികുതിവിഹിതവുമാണെന്നു പറഞ്ഞല്ലോ. കൂടുതൽ സഹായധനത്തിനും നികുതിവിഹിതത്തിനുമായി സംസ്ഥാനസസർക്കാരിനു കേന്ദ്രത്തോടു അഭ്യർത്ഥിക്കാം, ഒറ്റയ്‌ക്കോ മറ്റു സംസ്ഥാനങ്ങളുമായി ചേർന്നോ സമ്മർദ്ദം ചെലുത്താം. അതൊന്നും ഫലവത്താകണമെന്നില്ല. കാലികച്ചെലവിന്റെ 60 ശതമാനത്തോളം ശമ്പളം, പെൻഷൻ, വായ്പാപലിശ എന്നീയിനങ്ങളിലെ നിർബന്ധിത അടവാണെന്നിരിക്കെ ചെലവ് കുറയ്ക്കുന്നതും എളുപ്പമല്ല. 

ഈ സാഹചര്യത്തിൽ തനതുവരുമാനം വർധിപ്പിക്കുകയെന്ന സാധ്യതയാണ് സംസ്ഥാനത്തിനു മുന്നിലുള്ളത്. പ്രത്യേകിച്ച് നികുതിവരുമാനം. നികുതിയേതരവരുമാനത്തിന്റെ പ്രധാനമാർഗം ഭാഗ്യക്കുറിയാണെന്നത് പൊതുധനകാര്യ നൈതികതയ്ക്കു നിരക്കുന്നതല്ല. പാവപ്പെട്ടവരുടെ പണം തട്ടിയെടുക്കുന്ന സർക്കാർവക ചൂതാട്ടമാണത്.  ഭാഗ്യക്കുറി ടിക്കറ്റ് വില്പന തുറന്നുതരുന്ന തുച്ഛവരുമാനത്തൊഴിലവസരങ്ങളുടെ പേരിൽ അതിനെ ന്യായീകരിക്കാനാവില്ല.

നികുതിയേതര വരുമാനത്തിന്റെ മറ്റൊരു ഉറവിടം പൊതുമേഖലാ സംരംഭങ്ങളാണ്.  സംസ്ഥാനത്തിലെ ആകെ ചരക്ക് -സേവന ഉല്പാദനത്തിന്റെ നാലുശതമാനം പൊതുമേഖലയുടേതാണ്. എന്നാൽ അതിൽ നിന്ന് സംസ്ഥാനത്തിനു കിട്ടുന്ന ലാഭവിഹിതം കാലികവരവിന്റെ ഒരു ശതമാനം പോലുമില്ല. മിക്ക സംരംഭങ്ങൾക്കും ആദായമില്ല. പോരാത്തതിന് അവ സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു.

സർക്കാർ മൂലധനം നിക്ഷേപിച്ച130ലേറെ സംരംഭങ്ങളുണ്ട്. അവയിൽ ഒന്നേകാൽ  ലക്ഷം ജോലിക്കാരുണ്ട്. 50 വ്യവസായ സ്ഥാപനങ്ങളുള്ളതിൽ 15 എണ്ണത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുന്നു. ലാഭകരമായ സർക്കാർ സംരംഭങ്ങൾ മദ്യക്കടയും (കേരളാ സ്റ്റേറ്റ് ബെവ്‌റജസ് കോർപറേഷൻ)  ചിട്ടിക്കമ്പനി (കേരളാസ്റ്റേറ്റ് ഫൈനാൻഷ്യൽ എന്റർപ്രൈസസ്) യുമാണ് .

ഇവ രണ്ടിന്റെയും പ്രധാന ഉപഭോക്താക്കൾ മധ്യവർഗവും താഴ്ന്ന വരുമാനക്കാരുമാണ്. ഉയർന്ന വിലയ്ക്ക് മദ്യം നൽകി അവരുടെ വരുമാനത്തിലൊരു പങ്ക് സർക്കാർ അപഹരിക്കുന്നു. ചിട്ടിക്കമ്പനിക്കു സ്വർണ വായ്പയുമുണ്ട്.  അതിന്റെ പ്രഖ്യാപിതലക്ഷ്യം സ്വകാര്യപണമിടപാടുകാരുടെ അക്രമപലിശയിൽ നിന്നും കടക്കെണിയിൽ നിന്നും സാധാരണക്കാരെ രക്ഷിക്കുകയാണ്. എന്നാൽ സ്വകാര്യ പണമിടപാടുകാർ ഈ സൗകര്യം ഉപയോഗിച്ച് കടമെടുത്തു ഉയർന്ന പലിശക്ക് സാധാരണക്കാർക്ക് കടം കൊടുക്കുന്നു (സിഎജി, ‘റിപ്പോർട്ട് ഓൺ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഫോർ ദി ഇയർ എൻഡഡ്‌ 31 മാർച്ച് 2018 കേരള’, 2020). ഗുണവശങ്ങൾ ഇല്ലെന്നല്ല. സർക്കാരിന്റെ മദ്യവില്പന വിഷമദ്യ മുതലാളിമാരിൽ നിന്നും സ്വർണപ്പണയ വായ്പയും ചിട്ടിയും അവിശ്വസ്തരായ സ്വകാര്യ പണമിടപാടുകാരിൽ നിന്നും ജനങ്ങളെ കുറെയൊക്കെ സംരക്ഷിക്കുന്നു. എങ്കിലും പൊതുവെ പറഞ്ഞാൽ ഖജനാവിന് ഗുണം ചെയ്യാത്തവയും ഭരണകർത്താക്കളുടെ ഇഷ്ടക്കാർക്കുള്ള തൊഴിലുറപ്പ് പദ്ധതികളുമാണ് കേരളത്തിലെ പൊതുമേഖലാ സംരംഭങ്ങൾ.

 നികുതിയേതര വരുമാനത്തിന്റെ മറ്റു ഉറവിടങ്ങളായ ഭൂമിപാട്ടം, ധാതു ഖനനഭോഗം എന്നിവ കൂടുതൽ പ്രയോജനപ്പെടുത്തും വിധം  നിരക്കുകൾ വർദ്ധിപ്പിക്കാനോ അനധികൃത പ്രവർത്തനം തടയാനോ മാറിവന്ന സർക്കാരുകൾ തയ്യാറല്ല. അവയുടെ കയ്യാളരെ മുഷിപ്പിക്കാനുള്ള മടി തന്നെയാവണം കാരണം. വിദ്യാഭ്യാസ-ആരോഗ്യരക്ഷാ ഫീസ്, ജലസേചനച്ചുങ്കം എന്നിവ കൂട്ടുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കും. അത് അവഗണിച്ചാലും നിരക്കുകൾ വലിയതോതിൽ വർധിപ്പിക്കാൻ കഴിയില്ല. നികുതിയേതര വരുമാനവർധനയിൽ ഏറെ പ്രതീക്ഷ വേണ്ടെന്നു ചുരുക്കം. 

നികുതിവരുമാനത്തിന്റെ കാര്യം വ്യത്യസ്തമാണ്. അത് വർധിപ്പിക്കാൻ കഴിയും. സംസ്ഥാനത്തിന്റെ നികുതിപിരിവ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിന് വിധേയമാണെന്നത് ശരിയാണെങ്കിൽ കൂടി സംസ്ഥാനസർക്കാർ നികുതിസാധ്യത വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ഭൂവിപണി ഉർജ്ജസ്വലമെങ്കിലും ഭൂമി, കാർഷികാദായം, നഗരസ്വത്ത്, രജിസ്‌ട്രേഷൻ എന്നിവയടങ്ങുന്ന സ്വത്ത് -വരുമാന നികുതി സംസ്ഥാനത്തിന്റെ കാലികവരവിന്റെ എട്ടുശതമാനം മാത്രമാണ്. വലിയ നാണ്യവിളത്തോട്ടങ്ങൾ, നഗരസ്വത്ത്, വാണിജ്യയിടങ്ങൾ എന്നിവമേൽ ഉയർന്ന കൈവശ – ഉടമസ്ഥത – കൈമാറ്റ നികുതി ഏർപ്പെടുത്തുന്നതിനുള്ള തടസ്സം ഭരണകർത്താക്കളുടെ വർഗ്ഗതാല്പര്യങ്ങളല്ലാതെന്ത്? 

ഇന്ത്യയിലെ ഏറ്റവും ആളോഹരി ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം . പെരുത്ത മധ്യവർഗവും പടരുന്ന മധ്യവർഗ ഉപഭോഗശീലങ്ങളും പ്രവാസിപ്പണവും വിപണിയെ വിപുലമാക്കി. എന്നാൽ അതിനനുസൃതമായ വർധന ഉപഭോഗവിപണിയിൽ നിന്നുള്ള ചരക്ക് -സേവനനികുതി വരുമാനത്തിൽ  ഉണ്ടായില്ല. വ്യാജബില്ലും ബില്ലില്ലാക്കച്ചവടവും വലിയ തോതിൽ ചോർച്ചയ്ക്ക് വഴിയൊരുക്കുന്നു. ഈടാക്കാവുന്ന നികുതിയുടെ മൂന്നിലൊന്നെങ്കിലും ഇങ്ങനെ നഷ്ടപ്പെടുന്നു. (ജോസ് സെബാസ്റ്റ്യൻ  1994, 2019;  രാഖി പി ബി 2003; ടി എം തോമസ് ഐസക്ക് , ആർ മോഹൻ 2016; റസൂൽ ശ്രേഷ്ട, ലേഖ ചക്രവർത്തി 2019).  കച്ചവടക്കാരന്റെ ലാഭക്കണ്ണും  ഉപഭോക്താവിന്റെ അല്പത്വവും നികുതിഉദ്യോഗസ്ഥന്റെ കൈക്കൂലികയ്യും ഒത്തുചേരുന്നത്‌ കൊണ്ടാണ് ഇത്രയും വലിയ ചോർച്ച.

ചുമത്തുന്ന നികുതിയാകട്ടെ മുഴുവൻ പിരിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെ വഴിവിട്ട ഇടപെടലാണ് ഇതിനു പ്രധാനകാരണം. ഉദ്യോഗസ്ഥതലത്തിൽ മാത്രമല്ല, കോടതിത്തർക്കമുള്ളവയിൽ സർക്കാർ അഭിഭാഷകതലത്തിലും രാഷ്ട്രീയകക്ഷികൾ സ്വാധീനം ചെലുത്തുന്നു. 2019-20ൽ 19,000 കോടി രൂപയുടെ നികുതി കുടിശ്ശികയായിരുന്നു. അതിൽ 11,000 കോടി രൂപ കോടതിത്തർക്കത്തിലും. (കേരളസർക്കാർ, ‘ബജറ്റ് ഇൻ ബ്രീഫ് 2021-22’, 2021). ബാക്കി 8000 കോടി രൂപയുടെ മൂന്നിലൊന്നെങ്കിലും പിരിച്ചിരുന്നെങ്കിൽ കിഫ്ബിയുടെ മസാലബോണ്ട് കടമെടുപ്പ് ഒഴിവാക്കാമായിരുന്നു.

സംസ്ഥാനത്തിൽ നികുതിയടക്കമുള്ള തനതുവരുമാനവും വാർഷിക ആഭ്യന്തരോല്പാദനവും തമ്മിലുള്ള അനുപാതം നിരന്തരം കുറയുന്നു. 1993-94ലെ ആഭ്യന്തരോല്പാദനം (മതിപ്പ് പ്രവാസിപ്പണവരവ് അടക്കം) 100 രൂപയെന്നു കരുതിയാൽ തനതുവരുമാനം 9.73 രൂപയായിരുന്നത് 2019-20 ആയപ്പോഴേക്കും 7.71 രൂപയായി കുറഞ്ഞു. (കെ പി കണ്ണൻ, കെ എസ് ഹരി 2020). സംസ്ഥാന സർക്കാർ തനതുവിഭവ സമാഹരണത്തിലെ തങ്ങളുടെ വീഴ്ച ജനങ്ങളിൽ നിന്നും തന്ത്രപൂർവം മറച്ചുപിടിച്ചുകൊണ്ട് കടമെടുപ്പിനെ ന്യായീകരിക്കുകയും കേന്ദ്രസർക്കാർ കടമെടുപ്പുപരിധി വർധിപ്പിക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നു. 

കടമെടുപ്പ് സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങാനാവുമോയെന്നതിന്റെ മാനദണ്ഡം  നിലവിലെ ബാധ്യതയും പ്രതീക്ഷിത സാമ്പത്തികവളർച്ചയുമാണ്. സംസ്ഥാനത്തിന്റെ കടം മൂന്നുലക്ഷം കോടി രൂപ കവിഞ്ഞു.  വാർഷിക ആഭ്യന്തരോൽപാദനത്തിന്റെ 36 ശതമാനത്തിനു തുല്യമാണത്. കാലികവരവിന്റെ 22 ശതമാനം പലിശയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നു. ഓരോ വർഷവും  തനതുവരുമാനത്തിന്റെ വർധിക്കുന്ന പങ്ക് പലിശയ്ക്കായി ചെലവിടേണ്ട അവസ്ഥ. അത് 2011-12ൽ 22 ശതമാനമായിരുന്നു. 2020-21 ആയപ്പോൾ 37 ശതമാനമായി. കടം കൂടുന്നുവെങ്കിലും സമ്പദ്‌വളർച്ച ഉണ്ടാകുന്നില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലൂടെ കടം 11 മടങ്ങായെങ്കിലും ആഭ്യന്തരോല്പാദനം 8 മടങ്ങേ കൂടിയുള്ളു. (കേരളസർക്കാർ, ’ബജറ്റ് ഇൻ ബ്രീഫ് 2021-22’, 2021). 

കടംനടത്തിപ്പ് കാര്യക്ഷമമാകണമെങ്കിൽ കാലികവരവിന്റെ നിശ്ചിതപങ്ക്  തിരിച്ചടവിനായി മാറ്റിവെക്കണം; അത് നിക്ഷേപിച്ചു കിട്ടുന്ന പലിശ കടം വീട്ടാൻ ഉപയോഗിക്കണം. ഇതിനായി രണ്ടു സഞ്ചിതനിധികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനസർക്കാർ എടുക്കുന്ന എല്ലാ കടങ്ങൾക്കുമായി ഋണനിമജ്ജന സഞ്ചിതനിധിയും  ഈട് നൽകുന്ന കടങ്ങൾക്ക് പ്രത്യേകമായി ഈടുവായ്പാ തിരിച്ചടവ്നിധിയും. രണ്ടു നിധികളും  സൂക്ഷിക്കുന്നത് റിസർവ്‌ബാങ്കാണ്‌. സംസ്ഥാനങ്ങൾ നിധിയിലടയ്ക്കുന്ന പണം റിസർവ്ബാങ്ക് കേന്ദ്രസർക്കാർ ഇറക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു, പലിശ വരവുവെക്കുന്നു, കടം തിരിച്ചടവിനായി പിൻവലിക്കാൻ അനുവദിക്കുന്നു. സംസ്ഥാനം നിധിയിലടക്കുന്ന വിഹിതത്തിനു ആനുപാതികമായി പ്രത്യേക കടങ്ങളിൽ പലിശയിളവ് നൽകുന്നു. കാലികക്കമ്മിയുണ്ടായാലും നിധിയിലേക്ക് അടവ് മുടക്കരുതെന്നാണ് റിസർവ്ബാങ്കിന്റെ നിർദേശം. 

കേരളസർക്കാരിനു ഇവയോട് അങ്ങേയറ്റത്തെ ഉദാസീനതയാണ്. പല സംസ്ഥാനങ്ങളും ബാധ്യതയുടെ നാലുമുതൽ പന്ത്രണ്ടു ശതമാനം വരെ ഋണനിമജ്‌ജനനിധിയിൽ നിക്ഷേപിക്കുന്നു. അഖിലേന്ത്യാ സംസ്ഥാന ശരാശരി മൂന്നു ശതമാനമാണ്. കേരളത്തിന്റെ അടവാകട്ടെ ഒരു ശതമാനത്തിൽ താഴെ. അതു പലപ്പോഴും മുടങ്ങുന്നു. 2018-19ൽ 1073 കോടി രൂപ സഞ്ചിതനിധിയിലേക്കു മാറ്റേണ്ടതായിരുന്നു. അതു ചെയ്തില്ലെന്നു സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. അടവ് മുടങ്ങുന്നെങ്കിലും പിൻവലിക്കൽ മുറയ്ക്കു നടക്കുന്നു. അതുകൊണ്ടു കേരളത്തിന്റെ നിധിയിൽ നീക്കിയിരിപ്പ് തുച്ഛം. 2020-21 അവസാനം 2050 കോടി രൂപയേ നിധിയിൽ അവശേഷിച്ചിരുന്നുള്ളൂ. അതിന്റെ പത്തിരട്ടിയോളമായിരുന്നു വാർഷിക  പലിശഭാരം. 

റിസർവ് ബാങ്കിന്റെ നിർദേശമുള്ളതിനു പുറമെ സംസ്ഥാനസർക്കാരിന്റെ ഈടുവയ്‌പാപരിധി നിയമത്തിലും വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് രണ്ടാമതു പറഞ്ഞ നിധി. നിയമം നിലവിൽ വന്ന് വർഷം 18 കഴിഞ്ഞെങ്കിലും സർക്കാർ ഇപ്പോഴും നിധി രൂപവത്കരിച്ചിട്ടില്ല. തങ്ങളുടെ  മുൻറിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ ഇതിനു തുനിയാത്തത് സിഎജിയുടെ നിശിത വിമർശനത്തിനു ഇത്തവണ കാരണമായി. പൊതുമേഖലാ സംരംഭങ്ങളുടെ വായ്പകൾക്ക് ഈട് നൽകുമ്പോൾ പിരിക്കുന്ന കമ്മീഷനാണ് സർക്കാർ നിധിയിൽ അടക്കേണ്ടത്. മറ്റുപല സംസ്ഥാനങ്ങളും വായ്പയുടെ ഒന്നര മുതൽ രണ്ടുശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ കേരളം 0.75 ശതമാനമെന്ന കുറഞ്ഞ നിരക്കേ നിശ്ചയിച്ചിട്ടുള്ളു. അതുപോലും യഥാസമയം പിരിച്ചെടുക്കാറില്ല. 2019-20ൽ 170 കോടി രൂപ കുടിശ്ശികയായിരുന്നു. നിധി രൂപവത്കരിക്കാത്തതിനാൽ പിരിച്ചെടുക്കുന്ന തുകയാകട്ടെ കടം തിരിച്ചടവിനല്ല കാലികച്ചെലവിനാണ് വിനിയോഗിക്കുന്നത്. 2003-04 മുതൽ 2018-19 വരെ കമ്മീഷനായി ഈടാക്കിയ 1100 കോടി രൂപ ഇപ്രകാരം വകമാറ്റി ചെലവഴിച്ചു. (സിഎജി, ‘സ്റ്റേറ്റ് ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് ഫോർ ദി ഇയർ എൻഡഡ്‌ മാർച്ച് 2019 കേരള , 2020). പൊതുധനകാര്യത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിത്. 

ചുരുക്കിപ്പറഞ്ഞാൽ, സംസ്ഥാനസർക്കാർ തനതുവിഭവ സമാഹരണത്തിൽ കാട്ടുന്ന അലസത, നിലവിലെ ബാധ്യതയും പ്രതീക്ഷിത സമ്പദ് വളർച്ചയും പ്രകാരമുള്ള കടമെടുപ്പുശേഷി, വികലവും അപര്യാപ്തവുമായ തിരിച്ചടവ് സംവിധാനം എന്നിവ വെളിവാക്കുന്നത് കിഫ്ബിയുടേതെന്നല്ല, സംസ്ഥാന സർക്കാരിന്റെ  ഏതു വലിയ കടമെടുപ്പും ഇന്നത്തെ സാഹചര്യത്തിൽ സാധൂകരിക്കാനാവില്ലെന്നാണ്. 

ചോദ്യത്തിൽ സൂചിപ്പിക്കുന്ന തരത്തിൽ കിഫ്ബിയോടുള്ള സർക്കാർ സമീപനത്തിൽ  മാറ്റമുണ്ടായിട്ടുണ്ടോ? വികസനപ്രശ്നസർവ്വസംഹാരിയെന്ന നിലയിൽ കിഫ്ബിയെ ഇപ്പോൾ അവതരിപ്പിക്കുന്നില്ല എന്നതു ശരിയാണ്. പുതിയ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലും പത്രസമ്മേളനങ്ങളിലും കിഫ്ബിയെക്കുറിച്ചു പരിമിതമായ പരാമർശമേ ഉള്ളൂ. സംസ്ഥാന വരുമാനത്തിന്റെ നിശ്ചിതപങ്ക് പറ്റുന്ന കിഫ്ബിയുടെ പണവരവ് മാതൃകയെ ഭരണകക്ഷിയോടു കൂറുപുലർത്തുന്ന സമ്പദ് ശാസ്ത്രജ്ഞനായ പ്രഭാത് പട്നായിക്  അടുത്തകാലത്തു  വിമർശിച്ചതും ശ്രദ്ധേയമാണ്. കിഫ്‌ബിയെക്കുറിച്ചുള്ള ആശങ്കകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മറച്ചുപിടിച്ചത് ഇപ്പോൾ പുറത്തുവരികയാണെന്നു തോന്നുന്നു.

എന്നാൽ സർക്കാരിന്റെ വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിട്ടില്ല. കിഫ്ബിയുടേതിനേക്കാൾ വലിയ കടമെടുപ്പിലൂടെ നടപ്പിലാക്കുന്ന, ഏറെ  പരിസ്ഥിതി നാശം വരുത്താൻ സാധ്യതയുള്ള  കെ-റെയിൽ പദ്ധതിയുടെ ആദ്യജോലികൾക്കു തുടക്കമായിയെന്നത് ഇതിനു തെളിവാണ്. ഈയൊരു വികസനകാഴ്ചപ്പാടിൽ ഉൾച്ചേർന്നതാണ് കിഫ്‌ബി. ചോദ്യത്തിൽ സങ്കൽപ്പിക്കുംവിധം കിഫ്ബിയെ മാത്രമായി കുറ്റമറ്റതാക്കാനാവില്ല. 

സാമൂഹികനീതിക്കു മൂല്യം കല്പിക്കാത്തതും പരിസ്ഥിതിയെ പരിഗണിക്കാത്തതും  ജനേച്ഛയെ മാനിക്കാത്തതുമായ ഈയൊരു വികസന നയത്തെ മുറുകെ പിടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ചെറുകൂട്ടം. ബഹുരാഷ്ട്ര കമ്പനികളുടെ സാങ്കേതികവിദ്യയും ആഗോളധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും ബലം. അഴിമതിയുടെ കയ്യൊപ്പില്ലാത്ത കരാറുകൾ അപൂർവം.

ഭരണകർത്താക്കൾ പദ്ധതികളുടെ പാരിസ്ഥിതിക-സാമൂഹിക ദൂഷ്യങ്ങളെ മറച്ചുവെക്കുകയും പ്രതീക്ഷിതനേട്ടങ്ങളെ പെരുപ്പിച്ചുകാട്ടുകയും സ്വന്തം വിഭാഗീയ താല്പര്യങ്ങളെ സമൂഹത്തിന്റെ പൊതുആവശ്യമെന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വൻകിടപദ്ധതികൾ ഏറ്റവും ദൃശ്യമായ ‘വികസനനേട്ട’മായി വോട്ടർമാരെ വശീകരിക്കുമെന്നും അവർക്കറിയാം. ഒപ്പം ,മാധ്യമങ്ങൾ അവയെ ‘സ്വപ്നപദ്ധതി’കളായി വാഴ്ത്തും. 

കേരളത്തിന്റെ മാത്രം കഥയല്ലിത്. മൂന്നാംലോകത്തിലെമ്പാടും ഇങ്ങനെയാണ്. രാഷ്ട്രീയ സമ്പദ് ശാസ്ത്രജ്ഞർ നവലിബറൽ എന്നുവിളിക്കുന്ന സാമ്പത്തികക്രമത്തെ രൂപപ്പെടുത്തുന്നതിൽ ഈ അടിസ്ഥാനസൗകര്യനയത്തിനു വലിയ പങ്കുണ്ട്. 

സംസ്ഥാന സർക്കാരിന്റെ വികസനനയം ഇതായിരിക്കെ, അതിന്റെ ദൂഷ്യങ്ങൾ കുറെയെങ്കിലും കുറയ്ക്കാനുതകുന്ന ചില നിർദേശങ്ങൾ വെക്കാം. അവ പോലും സഫലീകരിക്കണമെങ്കിൽ കിഫ്‌ബി നിയമം ഭേദഗതി ചെയ്യേണ്ടിവരും. 

(ഒന്ന്) വൻകിട അടിസ്ഥാനസൗകര്യവികസന പദ്ധതികൾ വലിയതോതിൽ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നവയും പലപ്പോഴും കുടിയൊഴിക്കലിനു കാരണമാവുന്നവയുമാണ്. ഇത്തരം പദ്ധതികളുടെ പാരിസ്ഥിതിക-സാമൂഹിക വിവക്ഷകളെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണവും ജനഹിത പരിശോധനയും ആവശ്യമാണ്. അവയുടെ റിപ്പോർട്ടുകൾ നിയമസഭയിൽ ചർച്ച ചെയ്തതിനു ശേഷമേ പദ്ധതികൾ തീരുമാനിക്കാവൂ. “എന്തുവന്നാലും നടപ്പാക്കും“ എന്ന സമീപനം ജനാധിപത്യ സർക്കാരിനു യോജിച്ചതല്ല.

(രണ്ട്) സംസ്ഥാന സർക്കാരിന്റെ സ്ഥിരതയുള്ളതും ക്രമമായി വർധിക്കുന്നതുമായ രണ്ടു പ്രധാന വരുമാനയിനങ്ങളാണ് മോട്ടോർവാഹന നികുതിയും പെട്രോൾ സെസ്സും. ആദ്യത്തേതിന്റെ പകുതിയും  രണ്ടാമത്തേത് മുഴുവനായും കിഫ്ബിക്കായി നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാന വരുമാനത്തിന്റെ നിശ്ചിതപങ്ക് സ്ഥിരമായി ഇങ്ങനെ മാറ്റിവെക്കുന്നത് പൊതുധനകാര്യ വഴക്കത്തെ ദോഷകരമായി ബാധിക്കുന്നു. കിഫ്‌ബി ധനകാര്യ നിർവഹണത്തിൽ ഉദാസീനത കാട്ടാനും ഇതിടയാക്കും.

(മൂന്ന്) കിഫ്‌ബി വലിയ തുകകളാണ് വായ്പയെടുക്കുന്നത്. ഇവയ്ക്കെല്ലാം ഈടുനൽകുക വഴി സർക്കാർ ബാധ്യതയേൽക്കുന്നു. കിഫ്ബിയുടെ വായ്പകൾ നിശ്ചിതപരിധിക്കു മേലെയെങ്കിൽ നിയമസഭയുടെ മുൻ‌കൂർ അനുമതി നിർബന്ധമാക്കണം. തീർത്തും ഒഴിച്ചുകൂടാത്ത സന്ദർഭങ്ങളിൽ മാത്രമേ വായ്പകൾക്കു സർക്കാർ ഈടു നൽകാവൂ. 

 (നാല്) സംസ്ഥാനവരുമാനത്തിന്റെ പങ്കുപറ്റി പ്രവർത്തിക്കുന്ന കിഫ്ബിയുടെ ധനവിനിയോഗത്തെക്കുറിച്ചു മുൻകൂട്ടി അറിയാൻ ജനപ്രതിനിധികൾക്കു അവകാശമുണ്ട്. നിയമസഭയിൽ ബജറ്റ് രേഖകൾക്കൊപ്പം കിഫ്ബിയുടെ  പോയവർഷത്തെ വരവ്-പോക്ക് കണക്ക് അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ രീതി. അതോടൊപ്പം കിഫ്ബിയുടെ വരുംവർഷത്തെ പ്രവർത്തനപദ്ധതി അവതരിപ്പിച്ചു ജനപ്രതിനിധികളുടെ അംഗീകാരം നേടുന്നത് നിർബന്ധമാക്കണം. 

(അഞ്ച്) സർക്കാരിന്റെ വരുമാനം ജനങ്ങളിൽ നിന്നാണ്. അതു ശ്രദ്ധാപൂർവം ചെലവാക്കുന്നുവെന്നു ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കിഫ്‌ബി സ്വന്തം നിലയ്ക്ക് ഓഡിറ്ററെ നിയമിച്ചാണ് കണക്കു പരിശോധിക്കുന്നത്; സിഎജിയുടെ സമഗ്ര പരിശോധനക്കു വഴങ്ങുന്നില്ല. ഇത് പൊതുധനകാര്യ സുതാര്യതയുടെ നിഷേധമാണ്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ പരിശോധന ഉറപ്പുവരുത്താൻ സിഎജിക്കാണ് കഴിയുക.

(ആറ്) സാമ്പത്തിക ഓഡിറ്റിനൊപ്പം പ്രാധാന്യമുള്ളതാണ് നിർവഹണ -ഫലപ്രാപ്‌തി ഓഡിറ്റ്. പദ്ധതികളുടെ ഗുണനിലവാരവും സമയക്രമവും സാമ്പത്തിക അച്ചടക്കവും പരിശോധിക്കുകയും പദ്ധതിലക്ഷ്യം കൈവരിച്ചുവോയെന്ന് വിലയിരുത്തുകയും ചെയ്യുന്നത് ഭാവിയിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഓരോ വർഷാവസാനവും കിഫ്ബിയുടെ നിർവഹണ-ഫലപ്രാപ്തി അവലോകനറിപ്പോർട്ട് പൊതുമണ്ഡലത്തിൽ ലഭ്യമാക്കണം.

ഈ പംക്തിയിലേക്കു  അയച്ചുകിട്ടിയ ചോദ്യങ്ങൾക്കുള്ള മറുപടികൾ ഇവിടെ അവസാനിക്കുകയാണ്. സമാനസ്വഭാവമുള്ള ചോദ്യങ്ങൾ സംയോജിപ്പിച്ചാണ് മറുപടികൾ നൽകിയിട്ടുള്ളത്.  പംക്തിയുടെ പ്രമേയത്തോടു ചേരാത്ത ചോദ്യങ്ങൾ, അവ സമ്പദ് ശാസ്ത്ര സംബന്ധിയെങ്കിൽകൂടി, വിട്ടുകളയേണ്ടിവന്നു.  മറുപടികളിൽ കൊടുത്ത സ്ഥിതിവിവരക്കണക്കിനായി  പ്രധാനമായും ആശ്രയിച്ചത് കിഫ്ബിയുടെ രേഖകൾ, സർക്കാർ ഉത്തരവുകൾ, ബജറ്റ്, നിയമസഭാ പ്രൊസീഡിങ്സ്, സിഎജി റിപോർട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ പ്രസിദ്ധീകരണങ്ങൾ എന്നിവയാണ്.

ഒരുകാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ പംക്തി അവസാനിപ്പിക്കാം. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ സമ്പദ് ശാസ്ത്ര ഗവേഷണപ്രബന്ധം 1944ൽ തിരുവിതാംകൂർ സർവകലാശാലയിൽ ഡി ബ്രൈറ്റ് സിങ് സമർപ്പിച്ച ‘ഫിനാൻഷ്യൽ ഡവലപ്മെന്റ്സ് ഇൻ ട്രാവൻകൂർ 1800-1940’ ആയിരിക്കും. എന്നാൽ പിന്നീടുള്ള സമ്പദ് ശാസ്ത്ര ഗവേഷണത്തിൽ പൊതുധനകാര്യത്തിനു അർഹിക്കുന്ന ശ്രദ്ധ കൈവന്നില്ല. കേരളവികസന മാതൃകയ്ക്കുള്ള നിലയ്ക്കാത്ത കയ്യടിയിൽ ഈ വിഷയം ഏറക്കുറെ വിസ്മരിക്കപ്പെട്ടു. ഇത് പൊതുവിൽ കേരളത്തിലെ സമ്പദ് ശാസ്ത്ര ഗവേഷണത്തെ മാത്രമല്ല, ഈ വിഷയസംബന്ധിയായ പത്രപ്രവർത്തനത്തെയും പൊതുജനബോധത്തെയും പ്രതികൂലമായി ബാധിച്ചു. പൊതുധനകാര്യ പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിക്കപ്പെട്ട പ്രത്യേകകേന്ദങ്ങളുടെ ശ്രദ്ധേയമായ കാൽവെപ്പുകൾ വരാനിരിക്കുന്നതേയുള്ളൂ. സാമാന്യ ജീവിതനിലവാരം ഉയർത്തുന്നതിൽ ഏറെ പ്രാധാന്യമുള്ള ഈ വിഷയത്തിന്റെ പഠനം കേരളത്തിൽ വേണ്ടത്ര മുന്നോട്ടുപോകാത്തത് ഖേദകരമാണ്. എന്തുകൊണ്ട് ഗവേഷണത്തിനായി പൊതുധനകാര്യം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു മറുപടിയായി ഡോ. ബി. ആർ. അംബേദ്‌കർ പറഞ്ഞത് തന്റെ രാജ്യത്തിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ  അതാണ് ഏറ്റവും ഉതകുകയെന്നായിരുന്നു.

(അവസാനിച്ചു)