ഇന്ത്യൻ ഹോക്കിയുടെ കുതിപ്പിന് പിറകിൽ ഒറീസയും നവീൻ പട്നായിക്കും
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ സെമിയിൽ പ്രവേശിച്ചപ്പോൾ, അതിൽ ഏറ്റവും അഭിമാനിക്കാനാകുക ഒറീസക്കും സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്നായിക്കിനുമാണ്. കാരണം ഇന്ത്യൻ ഹോക്കിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാറിനേക്കാളും ഇന്ന് പരിശ്രമിക്കുന്നത് ഒറീസയാണ്. അതിലൂടെ ഇന്ത്യൻ സ്പോർട്സിൻെറ പുതിയ ആസ്ഥാനമായി സംസ്ഥാനത്തെ മാറ്റിയെടുക്കുന്ന വികസന പ്രവർത്തനങ്ങളാണ് ഒറീസയിലുടനീളം നടന്നു കൊണ്ടിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേ ഹോക്കി കളിക്കാരനായിരുന്ന നവീൻ പട്ട്നായിക്ക് 2014ൽ ചാമ്പ്യൻസ് ഹോക്കി ട്രോഫി സംഘടിപ്പിച്ചു കൊണ്ടാണ് ഒറീസയിൽ പുതിയൊരു കായികരാഷ്ട്രീയത്തിന് തിരശ്ശീല ഉയർത്തിയത്. ഇന്ത്യൻ പുരുഷ-വനിതാ ഹോക്കിയുടെ സ്പോൺസർ സ്ഥാനത്ത് നിന്ന് സഹാറ പിൻവാങ്ങിയപ്പോൾ അഞ്ച് വർഷത്തേക്ക് ടീമിനെ ഏറ്റെടുക്കാൻ പട്നായിയിക്കിൻെറ നേതൃത്വത്തിൽ ഒറീസ സർക്കാർ മുന്നോട്ട് വന്നു. ഇതിനായി 150 കോടി രൂപയാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനം ചെലവഴിക്കുന്നത്. 2018ലെ ഹോക്കി ലോകകപ്പുൾപ്പെടെ നിരവധി കായികമത്സരങ്ങൾക്കും സംസ്ഥാനം വേദിയായി. എന്നാൽ സ്പോട്സിനെ ഉപയോഗപ്പെടുത്തി ജനങ്ങളുടെ ആത്മവിശ്വാസമുയർത്തുന്നത് ചരിത്രത്തിൽ എന്നും വിജയിച്ച രാഷ്ട്രീയ തന്ത്രമാണ്. റഗ്ബിയിലൂടെ കറുത്തവരെയും വെള്ളക്കാരെയും ഒരുമിപ്പിച്ച് അന്താരാഷ്ട്ര കായിക രംഗത്ത് ദക്ഷിണാഫ്രിക്കയെ ശ്രദ്ധിക്കപ്പെടുന്ന രാജ്യമായി നെൽസൺ മണ്ടേല മാറ്റിയിരുന്നു. തങ്ങളുടെ രാജ്യത്തിൻെറ അജയ്യത പ്രഖ്യാപിക്കാൻ കായിക മാമാങ്കങ്ങൾ നടത്തിയ ഭരണകൂടങ്ങൾ നിരവധിയാണ്. 1936ൽ ജർമ്മനിയും 1964ൽ ജപ്പാനും 1988ൽ ദക്ഷിണ കൊറിയയും 2008ൽ ചൈനയും 2016ൽ ബ്രസീലും ഒളിമ്പിക്സിലൂടെ ശ്രമിച്ചത് മറ്റൊന്നുമായിരുന്നില്ല. മാമാങ്കങ്ങൾ നടത്തിയില്ലെങ്കിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഏതെങ്കിലുമൊരു കായിക ഇനം പ്രത്യേകമായി ഏറ്റെടുത്ത് പരിപോഷിപ്പിക്കാവുന്നതാണ്. അങ്ങനെയായാൽ അത് ഇന്ത്യൻ കായികരംഗത്തിൻെറ താരതമ്യങ്ങളിലാത്ത ഉയർച്ചയിലായിരിക്കും കലാശിക്കുക.