യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷസ്ഥാനത്ത്
ന്യൂദൽഹി: ഈ മാസം ഐക്യരാഷ്ട്ര രക്ഷാസമിതിയിലൂടെ അധ്യക്ഷസ്ഥാനത്തേക്കു ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2011നു ശേഷം ആദ്യമായാണ് ഈ സുപ്രധാന അന്താരാഷ്ട്ര പദവിയിൽ ഇന്ത്യ എത്തുന്നത്. യുഎൻ രക്ഷാസമിതിയിൽ അഞ്ചു സ്ഥിരം അംഗങ്ങളും അംഗരാജ്യങ്ങളിൽ നിന്ന് കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും അംഗങ്ങളുമാണുള്ളത്. ഇത്തവണ ഏഷ്യ-പസിഫിക് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ രക്ഷാസമിതിയിലേക്കു നിയോഗിക്കപ്പെട്ടത്.
രക്ഷാസമിതിയുടെ അധ്യക്ഷരാജ്യമാണ് അതാതുകാലത്തെ പ്രധാന അജണ്ടകൾ നിശ്ചയിക്കുന്നത്. ഇന്ത്യയുടെ കാലത്തു ഏഷ്യയിലെ ഏറ്റവും സുപ്രധാന അന്താരാഷ്ട്ര പ്രശ്നങ്ങൾക്ക് സമിതിയിൽ കൂടുതൽ പരിഗണന ലഭിക്കുമെന്നാണ് വിവിധരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. കടുത്ത കോവിഡ് പ്രതിസന്ധി ഏഷ്യയെയും ആഫ്രിക്കയെയും ലാറ്റിനമേരിക്കയെയും പിടികൂടിയ സാഹചര്യത്തിൽ പ്രതിരോധവാക്‌സിനുകൾ അടിയന്തിരമായി എത്തിക്കേണ്ട പ്രശ്‍നം ഗുരുതരമാണ്. വൻശക്തിരാജ്യങ്ങളിൽ അമിതമായി ശേഖരിച്ച വാക്‌സിൻ കാലാവധി കഴിഞ്ഞു ഉപയോഗശൂന്യമായി മാറുന്ന അവസ്ഥയുണ്ട്. അതേസമയം നിരവധി ദരിദ്രരാജ്യങ്ങൾക്കു അവരുടെ ആരോഗ്യപ്രവർത്തകർക്കു നൽകാനുള്ള വാക്‌സിൻപോലും ലഭിച്ചിട്ടുമില്ല.
ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ വർധിച്ചുവരുന്ന സംഘർഷങ്ങളാണ് അടിയന്തിര ലോകശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊരു വിഷയം. ഇറാക്ക്, സിറിയ, അഫ്‌ഘാനിസ്ഥാൻ, ലിബിയ തുടങ്ങിയ സംഘർഷ മേഖലകളിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. മ്യാൻമറിലെ പട്ടാളഅട്ടിമറിയും രാക്കൈൻ ജനങ്ങളുടെ നേരെയുള്ള ആക്രമണങ്ങളും ചൈനയിൽ വൈഗുർ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളും കൂടുതൽ ഗുരുതരമായി മാറിയിട്ടുണ്ട്.
ദക്ഷിണ ചൈനാക്കടലിൽ ഉയരുന്ന സംഘർഷമാണ് മറ്റൊരു പ്രശ്‍നം. ചൈന അവിടെ ആധിപത്യം സ്ഥാപിക്കുകയാണെന്നും ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങളുടെ മൽസ്യബന്ധന അവകാശം പോലും ചൈനീസ് യുദ്ധക്കപ്പലുകൾ തടയുന്നതായും ആരോപണമുണ്ട്. അവിടെ കടലിലെ പാറകൂട്ടങ്ങൾ പലതും ചൈന ഏകപക്ഷീയമായി കയ്യടക്കി എന്നും അവർ അവിടെ ഒരു സൈനിക താവളം പണിയുകയാണെന്നും ആരോപണമുണ്ട്. തെക്കൻ ഏഷ്യൻ-പശ്ചിമേഷ്യൻ ഭാഗത്തുനിന്നും യുറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നും വിദൂരപൂർവ ദേശങ്ങളിലേക്കുള്ള കപ്പൽപാതയിലാണ് തന്ത്രപ്രധാനമായ ഈ പ്രദേശം. അവിടെ ചൈന ആധിപത്യം ഉറപ്പിക്കുന്നത് പ്രദേശത്തെ മറ്റു രാജ്യങ്ങളുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയം രക്ഷാസമിതിയുടെ പരിഗണനയിൽ കൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുമെന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഇന്ത്യ ചുമതലയേൽക്കുന്ന സന്ദർഭത്തിൽ ട്വീറ്റിലൂടെ സൂചിപ്പിച്ചു.