കരീബിയൻ ഇതിഹാസം ജോണി വെഞ്ചൂറ അന്തരിച്ചു
അറുപതുകളിൽ ലാറ്റിനമേരിക്കയെ പുളകം കൊള്ളിച്ച ഗായകൻ ജോണി വെഞ്ചൂറ ബുധനാഴ്ച്ച ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലാവേഗയിൽ 1940 ലാണ് ജുവാൻ ഡിയോസ് വെഞ്ചൂറ സോറിയാനോ ജനിച്ചത്. അറുപതിൻെറ തുടക്കത്തിലാണ് ജോണി വെഞ്ചൂറ എന്ന പേര് സ്വീകരിച്ചത്. കരീബിയൻ സംഗീത ലോകത്തെ ഏറ്റവും സ്വാധീനിച്ച മ്യൂസിക്ക് ബാൻഡായിരുന്നു അദ്ദേഹം സ്ഥാപിച്ച ‘കോംബോ ഷോ’. പാട്ടും നൃത്തവും കൊണ്ട് തലമുറകളെ ഉന്മാദത്തിലാറാടിച്ച വെഞ്ചൂറ കഴിഞ്ഞ മാർച്ചിൽ കോവിഡ് പോസിറ്റിവായിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചിരുന്ന അദ്ദേഹം എൺപത്തിയൊന്നാം വയസ്സിലാണ് മരിച്ചത്. ആറ് പ്രാവശ്യം ലാറ്റിൻ ഗ്രാമി അവാർഡും 2006ൽ ലൈഫ്ടൈം ലാറ്റിൻ ഗ്രാമി അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1999ൽ അന്താരാഷ്ട്ര ലാറ്റിൻ മ്യൂസിക് ഹാൾ ഓഫ് ഫെയിമിലും അദ്ദേഹം അംഗമായി.