depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ദരിദ്ര വൽക്കരിക്കപ്പെടുന്ന ഇന്ത്യ – Janashakthi Online

ദരിദ്ര വൽക്കരിക്കപ്പെടുന്ന ഇന്ത്യ

ദേശീയ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് 493 ദിവസങ്ങൾ പിന്നിടുമ്പോൾ, കോടികണക്കിനാളുകളാണ് തൊഴിലുകൾ നഷ്ടപ്പെട്ടത് കാരണം ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങൾ മാത്രം സ്ഥിരവരുമാനമുള്ളവരെ പോലും കടക്കെണിയിലാക്കിയെന്ന സ്ഥിതി വരുമ്പോൾ, അടച്ചിടലും തൊഴിലില്ലായ്മയും കാരണം പട്ടിണിയിലേക്കും രോഗങ്ങളിലേക്കും ആത്യന്തികമായി മരണത്തിലേക്കും താഴെത്തട്ടിലുള്ളവർ നീങ്ങുകയാണ്. തിളങ്ങുകയും അതിവേഗം മുന്നേറുകയും ചെയ്യുന്നെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്ന കുമിളയുടെ യഥാർത്ഥ ചിത്രമാണ് മഹാമാരി ദൃശ്യമാക്കിയിരിക്കുന്നത്. സമ്പാദ്യശീലമോ ഇൻഷുറൻസ് പരിരക്ഷയോ ഒന്നുമില്ലാത്ത സാധാരണക്കാർ വിറ്റ് പെറുക്കിയും കടം കൊണ്ടും അനന്തമായ ദാരിദ്ര്യത്തിലേക്കാണ് വീണിരിക്കുന്നത്. അയൽപക്കത്തുള്ളതോ പ്രാദേശികമോ ആയ വിപണികളുടെ അഭാവം കാരണം സ്വാഭാവികമായ കൃഷിയോ മറ്റുൽപ്പാദനമോ പോലും അസാദ്ധ്യമായ സ്ഥിതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിലവിലുള്ള സാമ്പത്തിക ചുറ്റുപാടുകളിൽ ഭരണക്കൂട റേഷനോ സന്മനസ്സുള്ളവരുടെ ഔദാര്യമോ കൂടാതെ ജീവിതം അസാദ്ധ്യമായ അവസ്ഥയിലാണ് പ്രാന്തവൽക്കരിക്കപ്പെട്ടതോ അസംഘടിത മേഖലയിലുള്ളതോ ആയ ഏതാണ്ടെല്ലാവരുടെയും അവസ്ഥ. 

പൊതുആരോഗ്യ സംവിധാനങ്ങളുടെ അഭാവം ചികിത്സാച്ചെലവുകളിലുണ്ടാക്കിയ വർദ്ധനവ് ഇന്ത്യയെ കൂടുതൽ ദാരിദ്ര്യവൽക്കരിക്കുന്നതിൻെറ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയിലെ മൂന്നിൽ രണ്ട് സ്വയം തൊഴിൽക്കാർക്കും പകുതി വരുന്ന സ്ഥിരം ജീവനക്കാർക്കും ചികിത്സാച്ചെലവുകൾക്ക് കടം വാങ്ങേണ്ട അവസ്ഥയാണെന്ന് അമേരിക്കയിലെ ഡ്യൂക്ക് ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനം കാണിക്കുന്നു. മഹാമാരി കാലത്ത് 23 കോടി ആളുകളാണ് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതായി അസിം പ്രേംജി സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. ഗ്രാമീണ മേഖലയിൽ പതിനഞ്ച് ശതമാനവും നഗര മേഖലയിൽ ഇരുപത് ശതമാനവും ദാരിദ്യ്രരേഖക്ക് താഴെയുള്ളവരുടെ എണ്ണം വർദ്ധിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലും തൊഴിൽനഷ്ടവും ദുരിതങ്ങളും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മഹാമാരികാലം ഇന്ത്യയുടെ ദാരിദ്ര്യവൽക്കരണത്തിൻെറ കാലം കൂടിയാണെന്ന് ഇത് തെളിയിക്കുന്നു.

ആരോഗ്യമേഖലയിൽ ഏതാണ്ട് 1.2 ശതമാനവും വിദ്യാഭ്യാസത്തിൽ ഏതാണ്ട് മൂന്ന് ശതമാനവുമാണ് ഇന്ത്യയിലെ പൊതുചിലവ്. അതുകാരണം മഹാമാരിയും അടച്ചിടലും ഗൗരവമായി ബാധിച്ചത് സാധാരണക്കാരെയാണ്. മുൻകൂട്ടി പ്രവചിക്കാനാവാത്ത ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഭരണകൂടത്തിന് സാധിക്കാത്തതിൻെറ പ്രധാന കാരണവും പൊതുമേഖലയും അനുബന്ധ സംവിധാനങ്ങളും ദുർബലമായതിനാലാണ്. ഈ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ദീർഘകാലയളവ് വേണ്ടിവരുമെന്നതിനാൽ സ്വകാര്യമേഖലക്കും നിയമപരമല്ലാത്ത വിപണികൾക്കും മാത്രമേ ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാനാവൂ. അനിയന്ത്രിതമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ചേർന്ന് സാമ്പത്തിക സ്തംഭനം ഉണ്ടാക്കാനുള്ള സാധ്യത ഇന്ത്യയിൽ വിദൂരമല്ലെന്നും, ആഗോളവിപണിയും കയറ്റുമതിയും ആഡംബര-പ്രതിരോധ സാമഗ്രികളും ലക്ഷ്യമാക്കിയുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ ഇനി വരുന്ന കാലത്ത് ദാരിദ്ര്യത്തിലേക്കും സാമ്പത്തിക അസമത്വത്തിലേക്കും ക്ഷാമത്തിലേക്കും മാത്രമേ സമ്പദ് വ്യവസ്ഥയെ നയിക്കുകയുള്ളൂ എന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.