കോപം കൊണ്ട് കോവിഡ് പേടിക്കില്ല;ബ്രിട്ടന്റെ പാഠം കേരളം പഠിക്കണം
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: കേരളം രണ്ടാം അടച്ചിടൽ തുടങ്ങിയത് മെയ് മാസത്തിലാണ്. പിണറായി വിജയന്റെ രണ്ടാംഭരണവും കോവിഡ് രണ്ടാം അടച്ചിടലും ഒന്നിച്ചാണ് വന്നത്. ഇപ്പോൾ മൂന്നുമാസം പൂർത്തിയാകുന്ന സമയത്തു കോവിഡും ഭരണവും ഒരേപോലെ തിക്താനുഭവങ്ങളാണ് നാട്ടിലെ ജനങ്ങൾക്ക് നൽകുന്നത്. രണ്ടും എപ്പോൾ അവസാനിക്കും എന്നാണ് എവിടെയും ചോദ്യം.
എന്താണ് ഈ പുതിയ സർക്കാരിന്റെ ഈടുവയ്പ്? ബ്രിട്ടീഷുകാർ പോലും മുറിക്കാൻ മടിച്ച രാജകീയമരങ്ങൾ കേരളത്തിന്റെ വിരിമാറിൽ നിന്നും ഒന്നടങ്കം മുറിച്ചുമാറ്റിയതിന്റെ ആഘോഷവുമായാണ് രണ്ടാം ഭരണം തുടങ്ങിയത്. യുവസഖാക്കൾ സർണക്കടത്തും “പൊട്ടിക്കലും” കോട്ടേഷൻ പണിയും മറ്റുമായി ആഘോഷിക്കുന്നു. സഹകരണ ബാങ്കുകളിൽ കൊള്ളയാണ് നടക്കുന്നത്. തൃശൂരിൽ മാത്രമല്ല ഇങ്ങനെ വ്യാജമായി വായ്പയെടുത്തു പാർട്ടിക്കാർ ദീവാളി കുളിക്കുന്നതെന്നു നാട്ടുകാർക്കൊക്കെ അറിയാം. അതിനാൽ നിവൃത്തിയുള്ളവർ സഹകരണബാങ്കുകളിലെ ഇടപാടു തന്നെ അവസാനിപ്പിക്കുകയാണ്. കേരളത്തിൽ പലേടത്തും ബിവറേജസ് കടകൾക്കു മുന്നിലെ ക്യൂവിനെ വെല്ലുന്ന മട്ടിലാണ് ജനങ്ങൾ വരിനിൽക്കുന്നത്. ഒരുവ്യത്യാസം മാത്രം. കള്ളു വാങ്ങാൻ പുരുഷൻമാർക്കാണ് ധൃതി; സഹകരണ ബാങ്കിലെ ചെറിയനിക്ഷേപം പിൻവലിക്കാൻ സ്ത്രീകളാണ് വരിനിൽക്കുന്നത്. മിക്ക ബാങ്കുകളുടെയും ഭരണം ആരാണ് നടത്തുന്നതെന്ന് ചോദിക്കേണ്ടതില്ല.
സഹകരണവകുപ്പിൽ ഓഡിറ്റും മറ്റു സംവിധാനങ്ങളുമുണ്ട്. ബാങ്കുകളിൽ സെക്രട്ടറി പോലുള്ള ഉദ്യോഗസ്ഥരും നിയമപരമായ ഉത്തരവാദിത്വങ്ങൾ ഉള്ളവരാണ്. പക്ഷേ അതുകൊണ്ടൊന്നും തട്ടിപ്പു ഒഴിവായില്ല. കാരണം മുകളിലും താഴെയും പാർട്ടിയാണ്. അതിനാൽ ഉദ്യോഗസ്ഥരെ പേടിപ്പിച്ചു നിർത്തി. സഹകരണവകുപ്പിന്റെ ചുമതലക്കാരനായി കഴിഞ്ഞ മന്ത്രിസഭയിൽ ഞെളിഞ്ഞിരുന്ന കടകംപള്ളിക്കാരനെ വേറെ വല്ല നാടുമായിരുന്നെങ്കിൽ ആളുകൾ മുക്കാലിയിൽ കെട്ടി കൈകാര്യം ചെയ്തേനെ.
കഴിവുകേടും കെടുകാര്യസ്ഥതയും അങ്ങനെ അരങ്ങുവാഴുന്ന നാടായി കേരളവും മാറിയിരിക്കുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി കുപിതനായെന്നും ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ചെന്നും ഒക്കെ വാർത്തകൾ വരുന്നത്. അടച്ചിടൽ മാസം മൂന്നായിട്ടും ഒരു ഗുണവും ചെയ്യുന്നില്ല. നാളുകൾ ചെല്ലുംതോറും കേസുകൾ കൂടുകയാണ്. ഇന്ത്യയിൽ ആദ്യം കോവിഡ് വന്ന നാടാണ് കേരളം. ആദ്യം അടച്ചിടൽ പരിപാടിയും ഇവിടെയാണ് തുടങ്ങിയത്. മോദി പോലുംഏതാനും മാസം അടച്ചിടൽ കഴിഞ്ഞപ്പോൾ നയം മാറ്റി. ആശുപത്രികളിൽ സൗകര്യം കൂട്ടിയും ജനകീയ ജാഗ്രതയിൽ ഊന്നിയും പുതിയ നയം വന്നു. ചില സ്ഥലങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. പക്ഷേ രാജ്യംചുരുങ്ങിയ കാലംകൊണ്ട് ഒരുപരിധി വരെ പ്രതിസന്ധി മറികടന്നു.
ഇപ്പോൾ ആളുകൾ കേരളത്തെ നോക്കി ചിരിക്കുകയാണ്. എന്തുകൊണ്ട് കേരളം കോവിഡിനെതിരായ യുദ്ധത്തിൽ ഇത്ര ദയനീയമായി പരാജയപ്പെട്ടു എന്നുചോദിച്ചാൽ ഉത്തരം ഉദ്യോഗസ്ഥർ പറയുന്ന എല്ലാത്തിനും കീഴെ ഒപ്പുവെച്ചു കൊടുക്കുന്ന ശുദ്ധാത്മാക്കൾ ആയിപ്പോയി നമ്മുടെ ഭരണാധികാരികൾ എന്നതുതന്നെ കാര്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വാധികാര്യക്കാരായി വാണരുളിയ ഒരു ശിവശങ്കു പണ്ടു പറഞ്ഞതു ഓർക്കുക. താൻ എന്തു എഴുതികൊടുത്താലും മുഖ്യൻ കണ്ണടച്ച് ഒപ്പിടും.
കോവിഡിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഉദ്യോഗസ്ഥർ പൂട്ടാൻ പറഞ്ഞു ; പൂട്ടി. ജനങ്ങൾ ആത്മഹത്യയുടെ വക്കിലെത്തി. ഓരോ ആഴ്ചയും ഇപ്പോൾ പത്തും പന്ത്രണ്ടും ആത്മഹത്യാ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു. വൈകുന്നേരത്തെ ദർബാറിൽ ആരും അതൊന്നും ചോദിക്കുന്നില്ല. മുഖ്യൻ കോപിച്ചാലോ?
പക്ഷേ അതിനിടയിലും ശ്രദ്ധിക്കേണ്ട വാർത്തകൾ ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നുണ്ട്. ജൂലൈ 19 മുതൽ ഇംഗ്ലണ്ടിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർണമായി [പിൻവലിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിറക്കി.അപ്പോൾ അവിടെ ദിനംപ്രതി 50,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അവിടെയും ഉദ്യോഗസ്ഥരുണ്ട്. അവർ എതിർത്തു . പ്രധാനമന്ത്രി അവരെ ഒതുക്കിനിർത്തി.ഉത്തരവാദിത്വത്തോടെ പുതിയ അവസരം ഉപയോഗിക്കാൻ ജനങ്ങളോടു ആവശ്യപ്പെട്ടു. ഇപ്പോൾ രണ്ടാഴ്ച കഴിയുന്നു. ഇവിടെയുള്ള പോലെ അവിടെയും ഉദ്യോഗസ്ഥർ പേടിപ്പിക്കാൻ നോക്കിയെങ്കിലും കാര്യങ്ങൾ സംഭവിച്ചത് നേരെ മറിച്ചാണ്. കേസുകൾ കൂടും, മരണം കൂടും എന്ന മുന്നറിയിപ്പു വന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിൽ ഇംഗ്ലണ്ടിൽ കേസുകൾ കുറയുകയാണ് ചെയ്തത് എന്നു പ്രശസ്തമായ ദി ഇക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവർ ചൂണ്ടിക്കാണിക്കുന്ന കാരണം ലളിതമാണ്. ജനങ്ങൾ ഭരണാധികാരികളേക്കാൾ സ്വന്തം താല്പര്യം നോക്കിനടക്കാൻ ശേഷിയുളളവരാണ്. മഹാമാരികൾ ലോകത്തു പുതിയതല്ല. അതിനാൽ സൂക്ഷിച്ചു പെരുമാറാനും ജീവൻ കാക്കാനും അവർക്കു ജന്മനാ ഒരു കഴിവുണ്ട്. അതിനു സർക്കാർ അവരെ അനുവദിക്കണം എന്നുമാത്രം.
ബ്രിട്ടനിൽ ബോറിസ് ജോൺസനു ആഴ്ചകൾക്കു മുമ്പേ ബോധ്യമായ കാര്യം നമ്മുടെ നാട്ടിലെ ഇരട്ടച്ച(വ)ങ്കന്മാർക്കു എന്നാണാവോ ബോധ്യമാവുക?