ബ്ലിങ്കൻ സന്ദർശനം മോദി നയങ്ങൾക്കു അമേരിക്കയുടെ മൃദുവായ താക്കീത്

ന്യൂദൽഹി: ചൈനയുമായുള്ള അതിർത്തിതർക്കങ്ങൾ രൂക്ഷമായി തുടരുന്ന അവസ്ഥയിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ ഇന്ത്യാസന്ദർശനവും ചർച്ചകളും വിവിധ തലസ്ഥാനങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

ജോ ബൈഡൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയുടെ ആദ്യസന്ദർശനമാണ് ഇന്നലെ നടന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീഘകാല സൗഹൃദത്തിലും  ലോകത്തെ പ്രധാന ജനാധിപത്യ സർക്കാരുകൾ എന്നനിലയിലും ഉരുരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന യോജിപ്പും പൊതുതാൽപര്യങ്ങളും ബ്ലിങ്കൻ അക്കമിട്ടു നിരത്തിയെങ്കിലും ഇന്ത്യയിലെ പൊതുസമൂഹ പ്രവർത്തകരുമായും മാധ്യമങ്ങളുമായും അദ്ദേഹം നടത്തിയ ചർച്ചകളിൽ സമീപകാലത്തെ ഇന്ത്യൻ നയങ്ങളെ സംബന്ധിച്ച അമേരിക്കയുടെ അതൃപ്തിയും ഉത്കണ്ഠകളും നിഴലിക്കുകയുമുണ്ടായി. പൊതുസമൂഹവുമായുള്ള ചർച്ചകളിൽ  പൗരത്വ നിയമഭേദഗതി, കർഷക പ്രക്ഷോഭം, ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, മതപരിവർത്തന അവകാശം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉയർന്നു. 

വിഷയങ്ങളെ സംബന്ധിച്ച പ്രതികരണത്തിൽ ഇന്ത്യൻ സർക്കാരിനെ നേരിട്ടു വിമർശിക്കുന്ന വാക്കുകൾ ഒന്നും ഉണ്ടായില്ലെങ്കിലും രാജ്യത്തെ ഗുരുതരമായി വരുന്ന മതന്യൂനപക്ഷങ്ങളുടെ നേരെയുള്ള ആക്രമണങ്ങൾ,  പൗരാവകാശ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ, സ്വകാര്യത സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളിൽ അമേരിക്കയുടെ ഉത്കണ്ഠ വ്യക്തമാകുന്ന നിലപാടുകളാണ് ബ്ലിങ്കനിൽ നിന്നും വന്നത്. ജനാധിപത്യസമൂഹത്തിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ് എന്നും അവ പരിഹരിക്കാൻ സ്വതന്ത്ര മാധ്യമങ്ങൾ, സ്വതന്ത്രമായ നീതിന്യായ സംവിധാനം എന്നിവയിലൂടെ സാധിക്കുമെന്നുമാണ് ബ്ലിങ്കൻ പറഞ്ഞത്. വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറുമായി നടത്തിയ സംഭാഷണങ്ങളിൽ ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ഉയർന്നതായി പിന്നീടുള്ള സംയുക്ത മാധ്യമസമ്മേളനത്തിൽ വ്യക്തമായി. അമേരിക്കൻ വിദേശകാര്യമന്ത്രി ഉയർത്തിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹത്തെ അറിയിച്ചതായാണ് ജയ്‌ശങ്കർ മാധ്യമങ്ങളോടു പറഞ്ഞത്. ജനാധിപത്യത്തിൽ പ്രശ്നങ്ങളുണ്ട്;  പക്ഷേ  അത് ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവരി ആറിന്  അമേരിക്കൻ കോൺഗ്രസ്സിനു നേരെ നടന്ന ആക്രമണത്തെ സംബന്ധിച്ചു അമേരിക്കയിൽ വിചാരണ ആരംഭിച്ച അവസരത്തിലുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണം നയതന്ത്ര വൃത്തങ്ങളിൽ കൗതുകം ഉയർത്തിയിട്ടുണ്ട്.  

ജനാധിപത്യത്തെ സംബന്ധിച്ച അമേരിക്കൻ അവകാശവാദങ്ങളെ ഇന്നലെ ബ്ലിങ്കന്റെ ഇന്ത്യൻ സന്ദർശനം സംബന്ധിച്ചു പ്രതികരിക്കവേ ചൈനീസ് വിദേശകാര്യ വക്‌താവ്‌ തള്ളി. ജനാധിപത്യത്തിനു ഒരേയൊരു മാതൃക മാത്രമേയുള്ളൂവെന്നും അതു തങ്ങളുടേതാണെന്നുമുള്ള അമേരിക്കയുടെ അവകാശവാദത്തിൽ കഴമ്പില്ല. ജനാധിപത്യത്തെ കുറിച്ച്  സംസാരിക്കുകയും വിഭവങ്ങൾ മുഴുക്കെ ഒരു ചെറുവിഭാഗത്തിനു കയ്യടക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തെ ജനാധിപത്യം എന്നു വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല എന്നും ചൈനീസ് വക്താവ് ചൂണ്ടികാട്ടി.