depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp “മഹാമാരിയെ പിടിച്ചു കെട്ടിയില്ലെങ്കിൽ സാമ്പത്തിക അസമത്വം ഗുരുതരമാകും:” ഐ എം എഫ്ൻെറ മുന്നറിയിപ്പ് – Janashakthi Online

“മഹാമാരിയെ പിടിച്ചു കെട്ടിയില്ലെങ്കിൽ സാമ്പത്തിക അസമത്വം ഗുരുതരമാകും:” ഐ എം എഫ്ൻെറ മുന്നറിയിപ്പ്

മഹാമാരി മൂലമുള്ള അനിശ്ചിതത്വങ്ങൾ കാരണം ലോകത്തിൻെറ പല ഭാഗങ്ങളും സാമ്പത്തിക തകർച്ചയിൽ നിന്നും പുറത്തു വരുന്നതിൽ എടുക്കുന്ന അന്തരം അതിഗുരുതരമായ അസമത്വങ്ങൾക്കിടയാക്കും. ഐ എം എഫിൻെറ ഏറ്റവും പുതിയ സാമ്പത്തിക പഠനത്തിലാണ് ഈ മുന്നറിയിപ്പ്. ‘ആഗോള സമ്പദ് വ്യവസ്ഥയിൽ പിഴവുകൾ വർദ്ധിക്കുന്നു’ (Fault Lines Widen in the Global Economy) എന്ന പഠനം ഓൺലൈൻ പത്രസമ്മേളനത്തിൽ അവതരിപ്പിക്കവേ,ഐ എം എഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീത ഗോപിനാഥ് ആണ് മഹാമാരി കാരണം കരുത്താർജ്ജിക്കുന്ന സാമ്പത്തിക ദുരന്തം വിശദീകരിച്ചത്.

ഏതാണ്ടെല്ലാ രാജ്യങ്ങളും ലോക് ഡൌൺ അവസാനിപ്പിച്ചതിനാൽ വിപണികൾ സജീവമാകുമെങ്കിലും, വാക്സിൻ വിതരണത്തിലെ അസമത്വവും പുതിയ വൈറസ് വകഭേദങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കാരണം സാമ്പത്തികവളർച്ച പിറകോട്ടടിക്കുമെന്നാണ് സൂചന. ആഗോളസാമ്പത്തിക വളർച്ചാ നിരക്ക് ഈ വർഷത്തെ ആറ് ശതമാനത്തിൽ നിന്ന് 4.9 ശതമാനത്തിലേക്ക് അടുത്തവർഷം കുറയും. നിലവിലെ സാഹചര്യത്തിൽ വാക്സിനിലൂടെയല്ലാതെ മഹാമാരിയെ നേരിടാനാവാത്തതിനാൽ വാക്സിൻ വിതരണത്തിന് അടിയന്തിര പ്രാധാന്യം നൽകണം. എന്നാൽ ധനികരാഷ്ട്രങ്ങളിൽ ഏതാണ്ട് നാൽപ്പതു ശതമാനം പേർക്ക് വാക്സിൻ നൽകിയപ്പോൾ, പതിനൊന്ന് ശതമാനം പേർക്ക് മാത്രമാണ് ദരിദ്ര രാഷ്ട്രങ്ങളിൽ വാക്സിൻ ലഭിച്ചിട്ടുള്ളത്. അതിദരിദ്ര രാഷ്ട്രങ്ങളിൽ അതേതാണ്ട് ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ്. ഈ സാഹചര്യത്തിൽ മഹാമാരിക്ക് ശേഷമുള്ള സാമ്പത്തികാസമത്വം ധനിക-ദരിദ്ര രാഷ്ട്രങ്ങൾക്കിടയിൽ നിരവധി മടങ്ങ് വർദ്ധിക്കും. ധനികരാഷ്ട്രങ്ങളൊഴികെയുള്ളവർക്ക് സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറുന്നതും അതീവ ദുഷ്ക്കരമാകും. ബ്രസീൽ, തുർക്കി, മെക്സിക്കോ, ഹംഗറി, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പണപ്പെരുപ്പവും വിലവർദ്ധനവും രൂക്ഷമാവുകയും ആ രാജ്യങ്ങളിലെ നാണയത്തിന് മൂല്യ൦ കുറയുകയും ചെയ്യും.

വികസിത രാജ്യങ്ങൾക്ക് പുറത്ത് സംഭവിക്കുമെന്ന് ഉറപ്പായ സാമ്പത്തിക ദുരന്തത്തെ നേരിടുന്നതിനായി ലോകാരോഗ്യ സംഘടനയും ലോകബാങ്കും ലോകവ്യാപാര സംഘടനയുംഐ എം എഫും ചേർന്ന് ഒരു ബൃഹദ് പദ്ധതിക്ക് രൂപം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ലോകജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർക്ക് ഈ വർഷാവസാനത്തോടെയും അറുപത് ശതമാനം പേർക്ക് അടുത്ത വർഷം പകുതിയോടെയും വാക്സിൻ നൽകുന്ന രീതിയിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുവാനാണ് റിപ്പോർട്ട് വിഭാവനം ചെയ്യുന്നത്. ദരിദ്ര രാജ്യങ്ങൾക്ക് നൂറു കോടി വാക്സിൻ ഡോസുകൾ അടിയന്തിരമായി ധനിക രാജ്യങ്ങൾ പങ്കു വെക്കണമെന്നും മരുന്നു നിർമ്മാതാക്കൾ വാക്സിൻ നിർമ്മാണം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. കൂടാതെ അറുപത്തിയയ്യായിരം കോടി ഡോളറിൻെറ സാമ്പത്തിക സഹായവും ദരിദ്ര രാജ്യങ്ങൾക്കായി ഐ എം എഫ്ഉടനെ പൂർത്തീകരിക്കും. അത്തരം രാജ്യങ്ങളുടെ കടബാധ്യത ലഘൂകരിക്കാൻ G-20 രാജ്യങ്ങളെ പ്രേരിപ്പിക്കാനുംഐ എം എഫ് മുന്നിട്ടിറങ്ങുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.