പാക്കിസ്ഥാൻെറ വ്യാപാരപങ്കാളിത്ത പ്രത്യേകപദവി പിൻവലിക്കാനൊരുങ്ങി യൂറോപ്യൻ പാർലമെൻറ്

രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ മതനിന്ദ നിയമങ്ങളും വർദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും മുൻനിർത്തി പാക്കിസ്ഥാന് 2014 മുതൽ നൽകിപോന്ന വ്യാപാരങ്ങളിലെ പ്രത്യേക പരിഗണന ഉപേക്ഷിക്കാൻ യൂറോപ്യൻ പാർലമെൻറ് ആലോചിക്കുന്നു. മനുഷ്യാവകാശം, തൊഴിൽ, പരിസ്ഥിതി, സത്-ഭരണം തുടങ്ങി നിരവധി മേഖലകളോട് ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികൾ യാഥാർഥ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് യൂറോപ്യൻ പാർലമെൻറ് ഈ പ്രത്യേക പരിഗണന , അതിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങൾക്ക് നൽകുന്നത്.

കഴിഞ്ഞ ഏപ്രിൽ 24ന് നടന്ന ചർച്ചയിൽ പാക്കിസ്ഥാൻെറ പ്രത്യേക പദവി പുനഃപരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ആ പദവി പിൻവലിക്കുന്നതിനും ഏതാണ്ടെല്ലാ കക്ഷികളും യോജിച്ചിരുന്നു. രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദ നിയമങ്ങൾ അന്താരാഷ്ട്ര ഉടമ്പടികൾക്ക് നിരക്കാത്തതായതിനാൽ അവ കഴിവതും വേഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, അനുകൂലമായി പ്രതികരിക്കാത്തതിനാലാണ് പാക്കിസ്ഥാനോടുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കുവാൻ യൂറോപ്യൻ രാജ്യങ്ങൾ യോജിക്കുന്നത്. പാക്കിസ്ഥാൻെറ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2020ൽ ആകെ വ്യാപാരത്തിൻെറ ഏതാണ്ട് പതിനഞ്ച് ശതമാനവും കയറ്റുമതിയുടെ ഇരുപത്തെട്ട് ശതമാനവും യൂറോപ്യൻ യൂണിയനിലേക്കായിരുന്നു എന്ന് മാത്രമല്ല, പ്രത്യേക പദവി ലഭിച്ച 2014ന് ശേഷം യൂറോപ്പിലേക്കുള്ള പാക്കിസ്ഥാൻെറ കയറ്റുമതി ഏതാണ്ടിരട്ടിയായി വർദ്ധിച്ചിട്ടുമുണ്ട്. പ്രത്യേക പദവി കാരണം ഏതാണ്ടെല്ലാ സാധനങ്ങൾക്കും ഇറക്കുമതി ചുങ്കം ഒഴിവാക്കപ്പെടുന്നത് വിപണി അനുകൂലമാക്കാൻ സഹായിക്കും. അതിനാൽ യൂറോപ്യൻ പാർലമെൻറിൻെറ നീക്കം പാക്കിസ്ഥാൻെറ സാമ്പത്തികരംഗത്ത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്.

ലോകത്തെ 84 രാജ്യങ്ങളിൽ ഏതെങ്കിലും നിലയിലുള്ള മതനിന്ദ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഏറ്റവും കടുത്ത നിയമങ്ങൾ ഉള്ളത് പാക്കിസ്ഥാനിലും ഇറാനിലുമാണ്.