സഹകരണ ബാങ്കുകളിലെ തട്ടിപ്പ്; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം

കോഴിക്കോട്: തൃശ്ശൂരിലെ കരുവന്നൂർ സഹകരണബാങ്കിലെ 100 കോടി രൂപയുടെ  തട്ടിപ്പടക്കം 400  കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഈ മേഖലയിൽ അടിയന്തിരമായി സമഗ്ര ഓഡിറ്റ് നടത്തണമെന്ന  ആവശ്യം ഉയരുന്നു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഭൂരിപക്ഷം സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണ്. അവയുടെ ഭരണസമിതിയും സെക്രട്ടറി അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരും പാർട്ടി നിയന്ത്രണത്തിൽ ഉള്ളവരുമാണ്. അതിനാൽ തട്ടിപ്പും ക്രമക്കേടും പുറത്തറിയാതെ ഒതുക്കാൻ തലപ്പത്തിരിക്കുന്നവർക്കു കഴിയുന്നു. പക്ഷേ സ്ഥിതിഗതികൾ  പൊട്ടിത്തെറിയിലേക്കു നീങ്ങുമ്പോൾ ഏറ്റവും കടുത്ത പരിക്ക് ഏൽക്കുക നാട്ടിൻപുറങ്ങളിലെ സാധാരണ നിക്ഷേപകർക്ക്‌ ആയിരിക്കും.

കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന്റെ പേരിൽ സിപിഎം തൃശൂർ ജില്ലാകമ്മിറ്റിയിലെ രണ്ടു അംഗങ്ങൾ അടക്കം 13 പ്രവർത്തകർക്കെതിരെ ഇന്നലെ പാർട്ടി നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ  അവിടെ നടന്ന തട്ടിപ്പിന്റെയും ക്രമക്കേടുകളുടെയും രീതി നോക്കിയാൽ ഇത് സംസ്ഥാനമെമ്പാടും വ്യാപിച്ച ഒരു വൻ മാഫിയാ സംവിധാനതിന്റെ ഭാഗമായി കാണാവുന്നതാണ്.

കരുവന്നൂരിൽ  തട്ടിപ്പിനു  നേതൃത്വം നൽകിയ ബാങ്ക് സെക്രട്ടറി, മാനേജർ എന്നിവരും മുഴുവൻ ഭരണസമിതി അംഗങ്ങളും സിപിഎം പ്രവർത്തകരും നേതാക്കളുമാണ്. എന്നാൽ  അവർ സമീപകാലങ്ങളിൽ വാരിക്കൂട്ടിയ അമിതമായ സ്വത്തു സംബന്ധിച്ചു ഒരു  പരിശോധനയും പാർട്ടിയോ സർക്കാർ സംവിധാനമോ നടത്തിയിരുന്നില്ല. ബാങ്ക് തലപ്പത്തുള്ള ബിജു കരീം അടക്കമുള്ളവർ ജില്ലയിൽ ഷോപ്പിംഗ് കോംപ്ലക്സുകളും ഇടുക്കി മൂന്നാറിലും മറ്റും റിസോർട്ടുകളും കെട്ടിപ്പടുക്കുകയുണ്ടായി. മുൻ മന്ത്രിയും തൃശ്ശൂരിലെ പ്രമുഖ നേതാവുമായ എ സി മൊയ്‌തീൻ പ്രതികളുടെ ഭാര്യമാരുടെ പേരിൽ ഇരിങ്ങാലക്കുടയിൽ ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉത്ഘാടനം ചെയ്യുകയുമുണ്ടായി. ഇതിനുള്ള വരുമാനം പരിമിതമായ  ശമ്പളം മാത്രമുള്ള ബാങ്ക് ജീവനക്കാർക്കു എങ്ങനെ കിട്ടി എന്ന ചോദ്യം മന്ത്രിയോ പാർട്ടിയോ    ഒരിക്കലും ഉന്നയിച്ചില്ല. തട്ടിപ്പുകാരിൽ ഒരാൾ മുൻമന്ത്രിയുടെ ഭാര്യയുടെ  ബന്ധുവാണെന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്. തനിക്ക് അയാളെ അറിയില്ല എന്നാണ് മന്ത്രി പറയുന്നത്. അതു വളരെ ദുർബലമായ ന്യായീകരണമാണ് എന്നു വ്യക്തം.

ഗൗരവമുള്ള പ്രശ്‍നം മഞ്ഞുമലയുടെ അറ്റം മാത്രമാണ് കരുവന്നൂരിൽ പൊങ്ങിയത് എന്നതാണ്. സിപിഎം  ഭരിക്കുന്ന എല്ലാ സഹകരണ സംഘങ്ങളിലും വ്യാപകമായ തട്ടിപ്പിനു കളമൊരുക്കുന്ന വിധം പൂർണമായ  പാർട്ടി നിയയന്ത്രണമാണ് നിലവിലുള്ളത്. അവർ സ്വന്തം നിലയിൽ ഒരു സാമ്രാജ്യമാണ്. അതിനെ ചെറുക്കാൻ പാർട്ടി ഉന്നത നേതൃത്വത്തിനും സാധ്യമല്ല. മലബാറിൽ കണ്ണൂർ അടക്കമുള്ള പ്രദേശങ്ങളിൽ പാർട്ടി തീറ്റിപ്പോറ്റുന്ന കൊലപാതക സംഘങ്ങളും സഹകരണ മാഫിയയും ഗുരുതരമായ പ്രശ്നങ്ങളാണ് സമൂഹത്തിൽ ഉയർത്തുന്നത്. നിലവിൽ സിപിഎം ഭരിക്കുന്ന 108 സഹകരണ ബാങ്കുകളിൽ ഇത്തരം തട്ടിപ്പുകൾ നടന്നതായി  സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.  സഹകരണ മേഖലയെ  നിരീക്ഷിക്കുന്നവർ  അതിൽ  അത്ഭുതപ്പെടുകയില്ല. കോൺഗ്രസ്സ് നയിക്കുന്ന ബാങ്കുകളിലും സമാനമായ തട്ടിപ്പിന്  സാധ്യതയുണ്ട്  എന്നതു സത്യമാണ്. എന്നാൽ പാവപ്പെട്ട നിക്ഷേപകർക്ക്‌ അതൊരു ആശ്വാസവും നൽകുന്നില്ല.