ഇന്ത്യൻ നാഷണൽ ലീഗിലെ അടി എൽഡിഎഫിന് തിരിച്ചടിയാകും

കോഴിക്കോട്: ഇന്ത്യൻ നാഷണൽ  ലീഗ് പ്രവർത്തകർ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഇന്നലെ എറണാകുളത്തു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ നടത്തിയ തെരുവുയുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വേട്ടയാടും. മലബാറിലെ പാർട്ടി ഓഫീസുകളും ആസ്തികളും പിടിച്ചടക്കാനായി  വിവിധ ജില്ലകളിൽ സംഘടിതനീക്കം നടക്കുന്നുണ്ട്. പുതിയ സർക്കാരിൽ ഐഎൻഎൽ പാർട്ടിക്കു കിട്ടാനിടയുള്ള പദവികളുടെ ഓഹരിവെപ്പിനെ ചൊല്ലിയാണ് പാർട്ടിയിൽ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും നയിക്കുന്ന ഗ്രൂപ്പുകൾ ഏറ്റുമുട്ടുന്നത്. പാർട്ടി ഇരുവിഭാഗമായി പിളർന്നു പരസ്പരം പുറത്താക്കൽ ആരംഭിച്ചതോടെ  പ്രശ്‍നം വീണ്ടും സിപിഎം കളത്തിലേക്ക് മാറുകയുമാണ്.

കഴിഞ്ഞ സർക്കാരിൽ എൻസിപിയിലെ തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ കുട്ടനാട്ടിലെ റിസോർട്ടിലേക്കു സർക്കാർ ചെലവിൽ പണിത റോഡുമാണ് പിണറായി വിജയന്‌ ആദ്യദിവസങ്ങളിൽ തലവേദന സൃഷ്ടിച്ചതെങ്കിൽ ഇത്തവണ ആ റോൾ ഐഎൻഎൽ ഏറ്റെടുത്തു എന്നു മാത്രമേയുള്ളു. യഥാർത്ഥത്തിൽ സ്ഥിതിഗതികൾ ഇങ്ങനെ വഷളാക്കുന്നതിൽ സിപിഎം -എൽഡിഎഫ്  നേതൃത്വത്തിന്റെ പിടിപ്പുകേടും ഒരു കാരണമാണ്.

ഐഎൻഎൽ 1994ൽ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ  പുതിയ പാർട്ടിയായി രംഗത്തുവന്ന  സമയത്തു സിപിഎം അടക്കമുള്ള ഇടതു പാർട്ടികൾക്കു മുസ്ലിം സമുദായത്തിലേക്കുള്ള ഒരു പാതയാണ് അവർ തുറന്നിട്ടത്. എന്നാൽ പിറ്റേവർഷം ചണ്ഡീഗഡിൽ  നടന്ന സിപിഎം പാർട്ടി കോൺഗ്രസ്സ് ഐഎൻഎൽ പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കാനാവില്ല എന്ന തീരുമാനമാണ് എടുത്തത്. പിന്നീട് 1998ൽ പാലക്കാട് നടന്ന സിപിഎം  സംസ്ഥാനസമ്മേളനം അത്തരമൊരു തീരുമാനം പ്രമേയമായി വീണ്ടും അംഗീകരിച്ചു. വിഷയത്തിൽ സിപിഎം നേതൃത്വത്തിൽ ഭിന്നനിലപാടുകൾ ഉണ്ടായിരുന്നു.

 2016ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ഐഎൻഎൽ ഔദ്യോഗികമായി എൽഡിഎഫ് മുന്നണിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. 2018 മുതൽ എൽഡിഎഫ് യോഗങ്ങളിലും പാർട്ടി  ക്ഷണിക്കപ്പെടുന്നു.  

നേരത്തെയുള്ള സിപിഎം നിലപാടിൽ പിണറായി വിജയൻ നേതൃത്വത്തിലെത്തിയ കാലത്തു വരുത്തിയ തിരുത്തൽ പക്ഷേ ഗുണത്തെക്കാളേറെ ദോഷമായി എന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്.  

അതിനുകാരണം ഐഎൻഎൽ പാർട്ടിയിലും മുസ്ലിം രാഷ്ട്രീയത്തിലും കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ഉണ്ടായ മാറ്റങ്ങളാണ്.  ദേശീയ രാഷ്‌ടീയത്തിൽ സേട്ടിന്റെ കാലത്തുപോലും പാർട്ടിക്കു കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരളത്തിൽ അവർ ശക്തമായ കോൺഗ്രസ്സ് വിരുദ്ധ–ഇടത് അനുകൂല നിലപാട് തുടർന്നെങ്കിലും അതിനു സ്വീകാര്യത ലഭിച്ചതുമില്ല. ഇതിനിടയിൽ പാർട്ടിയുടെ സമുന്നത നേതൃത്വം പൂർണമായും അപ്രത്യക്ഷമായി. സുലൈമാൻ സേട്ട് , സി കെ പി ചെറിയ മമ്മുക്കേയി, പി എം അബൂബക്കർ, യു  എ ബീരാൻ, സക്കറിയാ സേട്ട്, എസ് എ പുതിയവളപ്പിൽ തുടങ്ങിയ ആദ്യകാലനേതാക്കൾ  മരിച്ചു. മമ്മുക്കേയിയുടെ മകനും പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ പുതിയവളപ്പിൽ മരിച്ചതോടെയാണ് തിരൂരങ്ങാടിയിലെ പോക്കർ സാഹിബ് സ്മാരക കോളേജിൽ അധ്യാപകനായിരുന്ന എ പി അബ്ദുൽ വഹാബ് അധ്യക്ഷനായത്. നേരത്തെ അദ്ദേഹം ജനറൽ സെക്രട്ടറി ആയിരുന്നു.

നിലവിലെ  സെക്രട്ടറി കാസിം ഇരിക്കൂർ പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത് മൂന്നു വർഷം മുമ്പാണ്. അതിനു മുമ്പ് കോഴിക്കോട്ടു ജമാഅത്തെ ഇസ്ലാമി നിയയന്ത്രണത്തിലുള്ള മാധ്യമം .ദിനപത്രത്തിൽ സീനിയർ പദവിയിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ടയർ ചെയ്ത സമയത്തു ഐഎൻഎൽ സെക്രട്ടറിയായി നിയമിതനായി.

അതിനു ശേഷമാണ് പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ ശീതസമരം തുടങ്ങിയത്. പുതിയ സർക്കാർ വന്നതോടെ അതു മൂർച്ഛിച്ചു. മന്ത്രിയുമായി കൂട്ടുചേർന്ന് പദവികൾ മുഴുക്കെ സെക്രട്ടറിയും കൂട്ടരും അടിച്ചുമാറ്റി. പിഎസ്‌സി അംഗത്വം അടക്കമുള്ള പദവികൾക്കു വൻതുക കോഴ വാങ്ങി. മന്ത്രിയുടെ ഓഫിസിൽ സ്റ്റാഫിനെ നിയമിക്കാൻ ലേലംവിളി നടന്നു എന്നാണ് പാർട്ടിക്കാർ തന്നെ പറയുന്നത്.

ഐഎൻഎൽ പ്രതിസന്ധി ലീഗിന് വലിയ സന്തോഷം നൽകുന്നതാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു ക്ഷീണിച്ചിരിക്കുന്ന അവസരത്തിലാണ് എതിർചേരിയിലെ തെരുവുയുദ്ധം. അതിൽ വിഷമമുള്ള ഐഎൻഎൽ പ്രവർത്തകരെ പി കെ  കുഞ്ഞാലിക്കുട്ടി ഇന്നലെത്തന്നെ  മാതൃപാർട്ടിയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഐഎൻഎൽ എംഎൽഎയും മുൻ ജനറൽ സെക്രട്ടറിയും  ആയിരുന്ന പി എം എ  സലാം, സേട്ടിന്റെ കടുംബത്തിലെ സിറാജ് ഇബ്രാഹിം സേട്ട് തുടങ്ങിയ പ്രധാന നേതാക്കൾ മിക്കവരും ഇതിനകം ലീഗിൽ തിരിച്ചെത്തിയിട്ടുണ്ട്. ലീഗ്  അഖിലേന്ത്യാ ട്രഷറർ പി വി അബ്ദുൽ വഹാബിൽ നിന്ന് മൂന്നുലക്ഷം രൂപ സംഭാവന വാങ്ങി ലീഗിലെ നൂർബീനാ റഷീദിനെ തന്നെ തോൽപിച്ച ഐഎൻഎൽ മന്ത്രി ദേവർകോവിൽ അടക്കമുള്ള വിഭാഗവും അധികം വൈകാതെ മാതൃപേടകത്തിലേക്കു തിരിച്ചുപോകാനാണ് സാധ്യത. നിലവിൽ കിട്ടുന്ന അപ്പക്കഷണങ്ങൾ   സിപിഎം താത്കാലികമായി നിർത്തിവെച്ചാൽ ഈ പ്രക്രിയ വേഗത്തിലാവുമെന്നു മാത്രം.