ദില്ലിയില്‍ ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രി പോര് വീണ്ടും

ന്യൂഡല്‍ഹി: കര്‍ഷകര്‍ ദില്ലിയില്‍ നടത്തുന്ന പ്രക്ഷോഭം കഴിഞ്ഞ ജനുവരി 26 ന് അക്രമാസക്തമായ സംഭവത്തില്‍ എടുത്ത കേസുകള്‍ കോടതിയില്‍ കൈകാര്യം ചെയ്യുന്നതിന് ദില്ലി മന്ത്രിസഭ നിയോഗിച്ച അഭിഭാഷകരുടെ പാനല്‍ ഗവര്‍ണ്ണര്‍ നിരാകരിച്ചു. പോലീസ് നല്‍കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണ്ണര്‍ നിയമനം നടത്തിയത്. ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിന്റെ നടപടി ദില്ലി നിവാസികളെ അപമാനിക്കലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആരോപിച്ചു. “ഗവര്‍ണ്ണര്‍ നിരന്തരം ഭരണത്തില്‍ അനാവശ്യമായി ഇടപെടുകയാണ്.ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ ദില്ലിയില്‍ അധികാരത്തിലെത്തിച്ചത്.ബിജെപി ഇന്ത്യ ഭരിക്കട്ടെ .ദില്ലി ഭരിക്കാനുള്ള അവകാശം ആം ആദ്മിക്കുള്ളതാണ്.അത് മാനിക്കാതിരിക്കുന്നത് ദില്ലിയിലെ ജനങ്ങളെ അവഹെളിക്കലാണ്.ജനാധിപത്യത്തെ അനാദരിക്കലാണ്”.- മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന മന്ത്രിസഭാ നല്‍കിയ അഭിഭാഷകരുടെ പാനല്‍ തള്ളിക്കളഞ്ഞാണ് പോലീസില്‍ നിന്ന് വാങ്ങിയ പാനല്‍ ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിനയച്ചതെന്ന് ഉപമുഖ്യമന്ത്രി സിസോദിയ പറഞ്ഞു.ഈ പാനല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണെന്നും അവിടെ നിന്നും തീരുമാനം വരാന്‍ വൈകുമെന്നുള്ളതുകൊണ്ടാണ് തന്നില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ച് അടിയന്തിര നടപടി എടുത്തതെന്നുമാണ് ഗവര്‍ണ്ണര്‍ അവകാശപ്പെടുന്നത്.