പെഗാസസ്‌ തുറന്നുവിടുന്നത് റഫാൽ ഭൂതത്തെ; അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യം

ന്യൂദൽഹി: ഇസ്രേയേലിൽ നിന്ന് വാങ്ങിയ പെഗാസസ് ചാരസോഫ്ട്‍വെയർ ഉപയോഗിച്ചു കേന്ദ്രസർക്കാർ മുൻ സിബിഐ മേധാവി അലോക് വർമയുടെ ഫോൺ ചോർത്തിയതായി വാർത്തകൾ വന്നതോടെ രാജ്യത്തെ പിടിച്ചുകുലുക്കിയ റഫാൽവിമാന അഴിമതി വീണ്ടും തിരിച്ചു വരികയാണ്.

ഫ്രാൻസിൽ നിന്ന് ഇന്ത്യൻ വ്യോമസേന വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ചു പ്രധാനമന്ത്രി  നരേന്ദ്രമോദി ഫ്രഞ്ച് അധികൃതരുമായി നേരിട്ടു നടത്തിയ ചർച്ചകൾ വിവാദമായിരുന്നു. നേരത്തെ നിശ്ചയിച്ചതിൽ നിന്നും വളരെ ഉയർന്ന വിലയ്ക്ക് ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ സമ്മതിച്ചു എന്നായിരുന്നു പ്രധാന ആരോപണം. ഇതു സംബന്ധിച്ച നിരവധി വാർത്തകൾ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാധ്യമങ്ങളിൽ  വന്നിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണവും റഫാൽ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹൈ) എന്നായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണം. എന്നാൽ കോൺഗ്രസ്സ് നേതാക്കൾ പോലും അത് ഏറ്റുപിടിക്കുകയുണ്ടായില്ല. തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി ജയിക്കുകയും മോദി രണ്ടാംതവണയും പ്രധാനമന്ത്രി ആവുകയും ചെയ്തതോടെ റഫാൽ വിഷയം കെട്ടടങ്ങി.

എന്നാൽ റഫാൽ വീണ്ടും മാധ്യമശ്രദ്ധയിൽ വരികയാണ്.  ഫ്രാൻസിൽ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനു പ്രസിഡണ്ട്  ഇമ്മാനുവേൽ   മക്രോണിന്റെ സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. ഇന്ത്യക്കു നൽകിയ വിമാനങ്ങളുടെ വിലയിൽ നടന്ന  അട്ടിമറിയും അതിന്റെ ഭാഗമായി കൈമാറിയ കോഴയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫ്രഞ്ച് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരാൻ സാധ്യതയുണ്ട്. അത് ഇന്ത്യയിലും കോളിളക്കങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.

ഈ സാഹചര്യത്തിലാണ് ഇസ്രായേൽ സഹായത്തോടെ ഇന്ത്യൻ സർക്കാർ   നടത്തിയ ചാരപ്പണിയുടെ വിശദാംശങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ഇന്ത്യയിലെ വിവിധ രാഷ്ട്രീയനേതാക്കൾ, മാധ്യമപ്രവർത്തകർ അടക്കം പൊതുസമൂഹത്തിലെ നിരവധിയാളുകളെ സർക്കാർ ലക്‌ഷ്യം വെച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ സിബിഐ മുൻ മേധാവി അലോക് വർമയുടെ പേരും ഉൾപ്പെട്ടതായി ഇന്നലെയാണ് വിവരങ്ങൾ  പുറത്തുവന്നത്.

ഇതിന്റെ ഗൗരവം വലുതാണ്. അലോക് വർമയാണ് റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട  വിഷയത്തിൽ അന്വേഷണം നടത്തിയത്. അതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാൻ ഇരിക്കുന്ന അവസരത്തിലാണ് വർമയെ സിബിഐ മേധാവിയുടെ സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. തുടർന്ന് കേന്ദ്രം അദ്ദേഹത്തിന്റെ ഫോൺ ചോർത്തി എന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്.

റഫാൽ വിഷയത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ഇന്നലെ വീണ്ടും ആവശ്യപ്പെട്ടു. അലോക് വർമയുടെ ഫോൺ ചോർത്തലുമായി   റഫാൽ അട്ടിമറിയെ അദ്ദേഹം ബന്ധപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഇസ്രേയേൽ സഹായത്തോടെ പിൻതുടർന്നാണ് കേന്ദ്രം അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത്. ഇത് രാജ്യദ്രോഹമാണ്. മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും അതിനു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഫാൽ അഴിമതി മൂടിവെക്കാൻ സർക്കാർ എത്ര ശ്രമിച്ചാലും വിജയിക്കുകയില്ലെന്നും സത്യം എങ്ങനെയും പുറത്തു വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.