രണ്ട് മാധ്യമങ്ങൾക്കെതിരെ ആദായനികുതി റെയ്ഡ്

ഇന്ത്യയിലെ ഏറ്റവും മുന്തിയ ഹിന്ദി പത്രമായ ദൈനിക് ഭാസ്ക്കറിന്റെയും ഹിന്ദി വാർത്താ ചാനലായ ഭാരത് സമാചാറിന്റെയും ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ വ്യാപകമായ റെയ്ഡ്. രണ്ട് മാധ്യമങ്ങളും കോവിഡ് രണ്ടാം തരംഗം സർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു.അതിന്റെ പ്രതികാര നടപടിയാണിതെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിക്കുന്നു. ഗംഗയിൽ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നത് വാർത്തയാക്കിയതാണ് ദൈനിക ഭാസ്ക്കറിനോടുള്ള വിരോധം വർദ്ധിച്ചത്‌. പത്രം ഓഫീസിന് പുറമെ ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സ്ത്രീകൾ ആരുമുണ്ടായിരുന്നില്ല . നികുതി വെട്ടിപ്പ് ശ്രദ്ധ യിൽ പെട്ടതിനെത്തുടർന്നാണ് റെയ്ഡ് എന്നാണ് ആദായ നികുതി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. ദൈനിക് ഭാസ്ക്കറിന് വിവിധ സംസ്ഥാനങ്ങളിൽ പലഭാഷകളിലായി 60 ലേറെ എഡിഷനുകൾ ഉണ്ട്.
ഭാരത് സമാചാറിന്റെ ലക്നൗ ഓഫീസിലാണ് റെയ്ഡ് നടന്നത്. ദില്ലി,പശ്ചിമ ബംഗാൾ,രാജസ്ഥാൻ, മുഖ്യമന്ത്രിമാർ ഈ റെയ്ഡുകളെ അതിനിശിതമായി വിമർശിച്ചു. കോവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാരിന് സംഭവിച്ച പാളിച്ചകൾ പുറത്തുകൊണ്ടുവന്നതിന് ഈ മാധ്യമങ്ങൾ വില നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ റെയ്ഡുകൾ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിശേഷിപ്പിച്ചു. ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന നയത്തെ എതിർക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മോദി ഭരണത്തിന്റെ റെയ്ഡ് രാജ് ” ഇവിടെ വിലപ്പോകില്ലെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.

ദില്ലി പ്രസ് ക്ലുബ്ബും റെയ്ഡില്‍ അതിശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങളെ അതിന്റെ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്ന ഇത്തരം റെയ്ഡുകള്‍ അപലപനീയമാണെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി.ലോകത്ത് മാധ്യമങ്ങള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കണക്കെടുപ്പില്‍ 180 രാജ്യങ്ങളില്‍142 ആം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2017 യില്‍ NDTV യുടെ ഉടമസ്ഥരുടെ വീടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു. മോദിയെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമമാണത്.

മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം ഇന്ത്യ അവകാശപ്പെടുന്നതിന്റെ പത്തിരട്ടി വരുമെന്ന് അമേരിക്കന്‍ കമ്പനിയായ ഗ്ലോബല്‍ ഡവലപ്മെന്റ്റ്‌ കണകുകൂട്ടുന്നത് പുറത്തറിയിച്ചതാണ് അധികൃതരെ പ്രകോപിപ്പിച്ചതെന്ന് പത്രം പറയുന്നു. 2020 ജനുവരിക്കും 2021 ജൂണിനും ഇടയ്ക്ക് 3 .4 ദശലക്ഷത്തിനും 4.9 ദശലക്ഷത്തിനും ഇടയ്ക്ക് വര്‍ദ്ധന മരണ നിരക്കില്‍ ഇനിയും പുറത്തുവരാനുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ ഒട്ടാകെ മരണം നാല് ലക്ഷമേയുള്ളൂ. ഈ കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നതിനെതിരെ ഈ മാധ്യമങ്ങളെ പലതരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വ്യവഹാരത്തില്‍ കുടുക്കാനും ശ്രമം നടന്നു.