പെഗാസസ് രാഷ്ട്രീയയുദ്ധമായി വികസിക്കുന്നു; രഹസ്യാന്വേഷണ ഏജൻസികൾക്ക് നിയന്ത്രണം വേണം

ന്യൂദൽഹി: ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷനേതാക്കളെയും മാധ്യമ പ്രവർത്തകരെയും  മറ്റു പൊതുസമൂഹനേതാക്കളെയും ഇസ്രായേൽ ചാരകമ്പനിയുമായി ചേർന്ന് ചാരവൃത്തിക്ക് വിധേയമാക്കിയ  നരേന്ദ്രമോദി സർക്കാരിന്റെ നടപടികൾ ശക്തമായ രാഷ്ട്രീയയുദ്ധമായി വികസിക്കുകയാണ്.

കൽക്കത്തയിൽ ഇന്നലെ  രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഈ ഗുരുതരമായ വിഷയം സുപ്രീംകോടതി സ്വമേധയാ കേസെടുത്തു അന്വേഷണം നടത്തേണ്ട പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി. നീതിപീഠങ്ങളും മാധ്യമങ്ങളും അടക്കം ആർക്കും മോദി ഭരണത്തിൽ രക്ഷയില്ലാത്ത അവസ്ഥയാണ്. എല്ലാവരുടെയും ഫോണുകൾ ചോർത്തുകയാണ്. ഇത് ജനാധിപത്യരാജ്യത്തു കേട്ടുകേൾവിയില്ലാത്ത അവസ്ഥയാണ്. അതിനെതിരെ പ്രതിപക്ഷം ഒന്നിച്ചുനിൽക്കേണ്ട അവസരമാണിത്. രണ്ടരവർഷം കഴിയുമ്പോൾ ഈ സർക്കാരിനെ പുറത്തെറിയണമെങ്കിൽ  ഇപ്പോൾത്തന്നെ ഒന്നിച്ചുനിൽക്കണം. അതിനുള്ള ചർച്ചകൾക്കായി ഈയാഴ്ച ജൂലൈ 29 മുതൽ 29 വരെ താൻ ഡൽഹിയിൽ പോകുമെന്നും അവർ പറഞ്ഞു. രണ്ടുവർഷത്തിനു ശേഷമാണ് മമത ഡൽഹിയിൽ എത്തുന്നത്. പ്രതിപക്ഷത്തെ പി ചിദംബരം മുതൽ ശരദ് പവാർ വരെയുള്ള നേതാക്കളെ താൻ നേരിട്ട് കാണുമെന്നും മമത അറിയിച്ചു.

അതേസമയം പെഗാസസ് സോഫ്ട്‍വെയർ ഉപയോഗിച്ചു ഇന്റലിജിൻസ് ബ്യുറോ അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ വിവരം ചോർത്തുന്നത് തികച്ചും നിയമവിരുദ്ധമായാണെന്നു കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. മറ്റു ജനാധിപത്യ രാജ്യങ്ങളിൽ സാമ്പത്തികക്കുറ്റവും  രാജ്യസുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ അന്വേഷണ  ഏജൻസികൾ ഫോൺ ചോർത്തുമ്പോൾ അതിനു കൃത്യമായ നിയമസംവിധാനമുണ്ട്. ചില രാജ്യങ്ങളിൽ കോടതികളുടെ അനുവാദം വേണം ഇത്തരം അന്വേഷണം നടത്തുന്നതിന്. പ്രധാന രാജ്യങ്ങളിലെല്ലാം രഹസ്യാന്വേഷണ ഏജൻസികൾ പാർലമെന്ററി സമിതികളുടെ മേൽനോട്ടത്തിനു വിധേയമാണ്. ഇന്ത്യയിൽ അവർ സ്വയം ഒരു സാമ്രാജ്യം എന്നനിലയിലാണ് പ്രവർത്തിക്കുന്നത്. സിബിഐ, ഐബി, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) തുടങ്ങിയ പ്രധാന ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ  പ്രവർത്തനം നിയന്ത്രിക്കുന്നതിനു നിയമസംവിധാനമില്ല. പാർലമെന്ററി  സമിതികളുടെ  പരിശോധനക്കും അവർ വിധേയമല്ല. ഇന്ന് നടന്നുവരുന്ന നിയമരഹിതമായ നടപടികൾക്കു ഒരു കാരണം ഈ ഏജൻസികളുടെ പ്രവർത്തനം കോടതികളോ പാർലമെന്ററി സമിതികളോ പരിശോധിക്കുന്നില്ല എന്നതാണ്. ഇക്കാര്യത്തിൽ പാർലമെന്റ് അടിയന്തിര നിയനിർമാണത്തിനു തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.