ആത്മഹത്യകൾ പെരുകുന്നു; പ്രതിസന്ധിയുടെ ആഘാതം വ്യാപകം
പ്രത്യേക ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആത്മഹത്യകളുടെ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നത് അനിയന്ത്രിതമായ കോവിഡ് അടച്ചിൽ നയത്തിന്റെ അതിഗുരുതരമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്കു വിരൽ ചൂണ്ടുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ മാത്രം അരഡസനോളം ആത്മഹത്യാ വാർത്തകൾ വടക്കൻ ജില്ലകളിൽ പുറത്തുവന്നിട്ടുണ്ട്. വയനാട്ടിൽ അമ്പലവയലിൽ 58 കാരനായ ബസ്സുടമയുടെ ആത്മഹത്യയും തൃശ്ശൂരിലെ എയ്യലിൽ മരംവെട്ടുകാരനായ അച്ഛനും തൊഴിൽനഷ്ടപ്പെട്ട മകനും ഒരേമരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്ത വാർത്തയും ഇന്ന് വാർത്തകളിലുണ്ട്. കടംകേറി മുടിഞ്ഞ ചെറുകിട കച്ചവടക്കാരനും അടച്ചിടൽ കാരണം തൊഴിൽ നഷ്ടപ്പെട്ട പാലക്കാട്ടെ ലൈറ്റ് &സൗണ്ട് ഉടമയും ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്. മെയ് മാസം മുതൽ ആരംഭിച്ച കോവിഡ് രണ്ടാം ഘട്ട അടച്ചിടലിന്റെ മാരകമായ സാമൂഹിക-സാമ്പത്തിക ഫലങ്ങൾ ഈ മാസം തുടക്കം മുതൽ കേരളത്തിൽ പല തരത്തിൽ പ്രതിഫലിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും പോലെ സർക്കാരിൽ നിന്ന് വേതനം കിട്ടുന്നവരല്ലാത്ത എല്ലാ വിഭാഗങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ഗണേശൻ കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. യഥാർത്ഥത്തിൽ സ്ഥിതിഗതികൾ സർക്കാരും പൊതുസമൂഹവും മനസ്സിലാക്കുന്നതിനേക്കാൾ ഭീകരമാണ് എന്ന് തൊഴിൽ നഷ്ടപ്പെട്ട വിവിധ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.
ഇതിന്റെ നേർചിത്രമാണ് ഇത്തവണ ബക്രീദ് വ്യാപാരത്തിൽ കണ്ടത്. വലിയ പെരുന്നാളിലും ചെറിയ പെരുന്നാളിലും ഓണം, വിഷു സീസണിലുമാണ് കോഴിക്കോട്ട് അങ്ങാടി ഏറ്റവും സജീവമാകുന്നത്. ഇത്തവണ വിഷു കച്ചവടം മോശമായിരുന്നു. കടകൾ തുറന്നെങ്കിലും കാര്യമായ വിപണനം നടന്നില്ല. സാധാരണക്കാരുടെ പോക്കറ്റ് കാലിയായതുതന്നെ കാരണം. ബിവറേജസ് കോർപ്പറേഷൻ കടകൾ തുറന്നപ്പോൾ തിരക്ക് അനുഭവപ്പെട്ടത് മാത്രമാണ് ഒരു അപവാദം. എന്നാലത് നാട്ടിൽ വളർന്നു വരുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ലക്ഷണമാണ്. കുടുംബങ്ങൾക്കകത്തു അസ്വസ്ഥത നിറയുകയാണ്. അമിതമായ മദ്യാസക്തിയും മറ്റു സാമൂഹികപ്രശ്നങ്ങളും അതിന്റെ സൂചനയാണ്.
ബക്രീദ് ആഴ്ചയിൽ സാധാരണ വലിയ തിരക്ക് അനുഭവപ്പെടുന്ന കോഴിക്കോട്ടു ഇന്നലെപ്പോലും കാര്യമായ ഒരു വ്യാപാരവും നടക്കുകയുണ്ടായില്ല. സർക്കാരുമായി വലിയ സംഘർഷത്തിൽ ഏർപ്പെട്ടാണ് വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കൾ മിട്ടായിതെരുവ് അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിൽ കടതുറക്കാൻ അനുമതി നേടിയത്. അതിനെ സുപ്രീം കോടതിയിലടക്കം പലരും ചോദ്യം ചെയ്‌തു. കോവിഡ് പടർന്നാൽ സർക്കാരിനെതിരെ നടപടി എടുക്കുമെന്ന് സുപ്രീം കോടതിയും ഭീഷണി മുഴക്കി. എന്നാൽ അങ്ങനെയൊരു ഉത്കണ്ഠയും കോടതിക്കു വേണ്ടാ എന്നതായിരുന്നു ഇന്നലെ വലിയങ്ങാടി, പാളയം, മിട്ടായിത്തെരുവ്, മാവൂർ റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലെ അവസ്ഥ. മുൻകാലങ്ങളിൽ നടക്കുന്ന കച്ചവടത്തിന്റെ നാലിലൊന്നുപോലും ഇത്തവണ നടന്നില്ല എന്നാണ് മിക്ക വ്യാപാരികളും പറയുന്നത്.
അതിന്റെ മറ്റൊരു ലക്ഷണമായിരുന്നു ബസ്, ഓട്ടോറിക്ഷ തടുങ്ങിയ സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ സ്ഥിതി. ബസുകളിൽ വളരെ ചുരുക്കം ആളുകളാണ് യാത്ര ചെയ്തത്. ബസ്സുകൾ ദീർഘകാലം നിർത്തിയിട്ടാൽ അവക്കുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാൻ മാത്രമാണ് ഓടുന്നതെന്നു മുസ്ലിംകേന്ദ്രമായ പയ്യാനക്കൽ-സിറ്റി റൂട്ടിൽ ഓടുന്ന ഒരു ബസ്സിലെ കണ്ടക്ടർ പറഞ്ഞു. ആ സമയത്തു ബസ്സിലെ യാത്രക്കാരുടെ എണ്ണം നാല്.
സ്ഥിതിഗതികൾ അങ്ങേയറ്റം മോശമാണെന്നു സിറ്റിയിൽ ഓട്ടോ ഓടിക്കുന്ന ഒരു തൊഴിലാളിയും ചൂണ്ടിക്കാട്ടി. ബക്രീദ് തലേന്ന് സൂചി കുത്താൻ ഇടയില്ലാത്ത വിധം തിരക്ക് അനുഭവപ്പെടാറുള്ള നഗരത്തിൽ തനിക്ക് രാവിലെ മുതൽ വണ്ടിയുമായി ഇറങ്ങിയിട്ടും വളരെ ചുരുക്കം സവാരി മാത്രമാണ് കിട്ടിയത് .”ഞാൻ വീട്ടിൽപ്പോയി ഭാര്യയോട് പണിയില്ല എന്നു പറഞ്ഞാൽ അവൾ പോലും വിശ്വസിക്കുകയില്ല. കാരണം ഇങ്ങനെയൊരു അവസ്ഥ ഇന്നുവരെ ഉണ്ടായിട്ടില്ല”, അദ്ദേഹം പറഞ്ഞു.
കടുത്ത നിയന്ത്രണങ്ങളും ദീർഘമായ കോവിഡ് അടച്ചിടലും ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് എന്നകാര്യം പകൽപോലെ വ്യക്തമാണ്. സർക്കാരിലെ പ്രമുഖരും പോലീസ് മേധാവികളും ഒഴികെ മിക്കവിഭാഗങ്ങളും അക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ അവസ്ഥയിൽ ഇനിയും രണ്ടാഴ്ച കൂടി ഇതേ അവസ്ഥയിൽ കാര്യങ്ങൾ മുന്നോട്ടുനീങ്ങിയാൽ അത് എങ്ങനെയാണു തിരിച്ചടിക്കുക എന്നതിനുള്ള മറുപടിയാണ് മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്ന ആത്മഹത്യാ വാർത്തകൾ. ഒന്നര പതിറ്റാണ്ടു മുമ്പ് കാർഷിക തകർച്ചയുടെ കാലത്തു വയനാട്ടിലാരംഭിച്ചു കുട്ടനാടു വരെ പടർന്നുപിടിച്ച കർഷക ആത്മഹത്യകളുടെ കൂട്ടദുരന്തത്തിന്റെ കാലത്തേക്കാണ് കേരളം നടന്നടുക്കുന്നത് എന്നു സംശയിക്കണം. “മയ്യത്തായാൽ പിന്നെ പേൻപോലും കൂടെ നിൽക്കില്ല” എന്നാണ് മലബാറിലെ ചൊല്ല്. ഏതാനും മാസം മുമ്പുവരെ നഗരത്തിലെ ബസ്സുകളിലും കടകളിലും ഏറ്റവും കൂടുതൽ കാണപ്പെട്ട വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പൂർണമായും അപ്രത്യക്ഷരായിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തികമരണം അവർ അനുഭവത്തിലൂടെ മനസ്സിലാക്കി സ്ഥലം കാലിയാക്കി എന്നുവേണം അനുമാനിക്കാൻ.