Narendra modi live about covid19 corona virus

ചാരപ്പണിയിൽ ഇസ്രായേൽ ബന്ധം: മോദി സർക്കാർ ഊരാക്കുടുക്കിൽ

പ്രത്യേക ലേഖകന്‍

ന്യൂദൽഹി: ഇസ്രായേലിലെ വിവാദകമ്പനി എൻഎസ്ഓ ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവർത്തകരുടെയും ഫോണുകൾ  ചോർത്തിയതായ ആരോപണം നേരിടുന്ന നരേന്ദ്രമോദി സർക്കാർ   വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രതിക്കൂട്ടിലാവുകയാണ്.

ഇസ്രായേലി കമ്പനിയുടെ വിവാദ സോഫ്ട്‍വെയർ പെഗാസസ് ഉപയോഗിച്ചു ഫോണുകളിൽ  ചാരപ്പണി നടത്തിയ രാജ്യങ്ങളിൽ ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ, യുഎഇ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.  ഇന്ത്യൻ സർക്കാരിന്റെ രഹസ്യാന്വേഷണ ഏജൻസികൾ വിവിധ  വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ ഫോണുകളും ചോർത്തിയതായി ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെ ഇന്നലെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബ്രിട്ടിഷ് ഹൈകമ്മിഷൻ, പാക് എംബസ്സി, അമേരിക്കൻ  സെന്റർ ഫോർ  ഡിസീസ് കൺട്രോൾ, ബിൽ & മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയ പേരുകൾ ഇന്ത്യയിൽ ചോർത്തപ്പെട്ട 5000 ഫോണുകളിൽ ഉൾപ്പെടുന്നതായി പത്രം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പെഗാസസ്  സോഫ്ട്‍വെയർ വാങ്ങിയതായും അവ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായും നേരത്തെതന്നെ ആരോപണമുണ്ട്. ബീമാ കോരേഗാവ് കേസിലെ പ്രതികളുടെ കമ്പ്യൂട്ടറുകൾ ഹാക്ക്  ചെയ്തു അവയിൽ വ്യാജരേഖകൾ കയറ്റിയതായി അമേരിക്കൻ കമ്പനി ആർസെനൽ കൺസൾട്ടിങ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ നിഷേധിക്കുകയായിരുന്നു.

എന്നാൽ പുതിയ ആരോപണങ്ങൾ അതീവ ഗുരുതരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ രാഷ്ട്രീയ-പൊതുമണ്ഡല നേതാക്കളെയും മാധ്യമപ്രവർത്തകരെയും വിപുലമായി നിരീക്ഷിച്ചതിനു പുറമെ അന്താരാഷ്ട്ര സംഘടനകളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചിട്ടുണ്ട്. ഇത്  ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള തന്ത്രബന്ധങ്ങളെപ്പോലും ബാധിക്കാവുന്നതാണ്. നേരത്തെ ജർമൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ ഫോൺ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയത് ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത പ്രശ്നങ്ങൾക്കു കാരണമായിരുന്നു.

ഫോൺ ചോർത്തൽ വിവാദം വാഷിംഗ്‌ടൺ പോസ്റ്റടക്കമുള്ള 16 അന്താരാഷ്ട്ര  മാധ്യമ ങ്ങളുടെ  ഒരു കൂട്ടായമായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ദി വയർ എന്ന ഓൺലൈൻ മാധ്യമവും അതിൽ ഉൾപ്പെടുന്നു. അവയ്ക്കു പുറമെ ന്യൂയോർക്ക് ടൈംസ് ,ബിബിസി  തടുങ്ങിയ പ്രധാന അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്തയും ബന്ധപ്പെട്ട കൂടുതൽ അന്വേഷണ റിപ്പോർട്ടുകളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. വരുംനാളുകളിൽ കൂടുതൽ സ്ഫോടകാത്മകമായ വിവരങ്ങൾ പുറത്തുവരും എന്ന സൂചനയുമുണ്ട്. അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് ലക്ഷക്കണക്കിന് ര ഹസ്യമെയിലുകൾ ചോർത്തിയ എഡ്‌വേഡ്‌ സ്‌നോഡൻ ഇന്നലെ ട്വിറ്ററിൽ പറഞ്ഞത് ഈ വർഷത്തെ ഏറ്റവും വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് എന്നാണ്. അതിന്റെ  അലയൊലികൾ പെട്ടെന്നു അവസാനിക്കുകയില്ല. വിവിധ രാജ്യങ്ങളിലെ അധികാരികളെയാണ് അത് പ്രതിക്കൂട്ടിലാക്കുന്നത്.

ഇസ്രായേൽ കമ്പനിയുടെ രഹസ്യചോർത്തൽ – ഫോൺ പിടിച്ചെടുക്കൽ ഉപകരണം വിവിധ രാജ്യങ്ങളുടെ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് വില്കുന്നതെന്നു എൻഎസ് ഓ കമ്പനി വക്താക്കൾ അറിയിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് അത് വാങ്ങിയതെന്ന് കമ്പനി വെളിപ്പെടുത്തുന്നില്ലെങ്കിലും ഇന്ത്യ, സൗദി അറേബ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ അതിലുണ്ടെന്നു ന്യൂയോർക്ക് ടൈംസ്   റിപ്പോർട്ടിൽ വെളിപ്പെടുത്തി. 2017ൽ നരേന്ദ്രമോദി ഇസ്രായേൽ സന്ദർശിച്ച ശേഷമാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക്   ചോർത്തൽവിദ്യ ലഭ്യമായതെന്നു ലെ മോണ്ടെ പത്രവും വെളിപ്പെടുത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയാണ് വ്യക്തികളെ ലക്ഷ്യമാക്കിയുള്ള ചോർത്തൽ പരിപാടിയിൽ ഇന്ത്യയുടെ കൂട്ടാളി. ഇസ്തംബൂളിലെ സൗദി എംബസ്സിയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ  ജമാൽ ഖഷോജി കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ തുർക്കിപൗരയായ സുഹൃത്ത് ഇങ്ങനെ ഫോൺ ചോർത്തലിനു വിധേയയായി എന്ന് പത്രം വെളിപ്പെടുത്തുന്നു. മെക്സിക്കോയാണ് ഇതേതരത്തിൽ വ്യാപകമായ ദുരുപയോഗവും പൗരാവകാശ ലംഘനവും നടന്ന മറ്റൊരു രാജ്യം. അവിടെ ഇതുമായി ബന്ധപ്പെട്ടു കേസിൽ  പ്രതിയായ ഒരാൾക്ക് ഇസ്രായേൽ അഭയം നൽകിയതായും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി. രഹസ്യാന്വേഷണ രംഗത്തു ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളെ  ഇസ്രയേലിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന സാഹചര്യമാണ് ഉയർത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.