യൂറോപ്യൻ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമെന്ന് ശാസ്ത്രലോകം

ബെർലിൻ: കഴിഞ്ഞ ദിവസങ്ങളിൽ ജർമനി, ബെൽജിയം, ലക്സംബർഗ്, സ്വിസ്സർലാൻഡ് തുടങ്ങി യൂറോപ്പിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട കനത്ത  മഴയും പ്രളയവും കാലാവസ്ഥയ്ക്ക് സംഭവിക്കുന്ന ഗുരുതരമായ വ്യതിയാനത്തിന്റെ ലക്ഷണമെന്നു വിലയിരുത്തൽ.  വിവിധ ഗവേഷകരെയും ഗവേഷണ സ്ഥാപനങ്ങളെയും ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസ് ,ടെർ സ്പീഗൽ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം പ്രളയത്തിന്റെ കാരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനു കൂടുതൽ പഠനങ്ങൾ വേണമെന്ന് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ജർമനിയിലെ അധികൃതർ അഭിപ്രായപ്പെട്ടു.  അറുപത് വർഷത്തിനിടയിൽ ഏറ്റവും കടുത്ത പ്രളയദുരന്തമാണ് ജർമനി നേരിട്ടത്. 160 ഓളം പേർ അവിടെ മരിച്ചതായി സർക്കാർ പറയുന്നു. എന്നാൽ നൂറുകണക്കിന് ആളുകളെ  കാണാതായിട്ടുണ്ടെന്നു ബിബിസി അടക്കമുള്ള വിവിധ മാധ്യമങ്ങൾ അറിയിച്ചു. യൂറോപ്പിലെ മൊത്തം മരണസംഖ്യ ഇതിനകം 200നു അടുത്തെത്തി കഴിഞ്ഞു. കാണാതായവരുടെ കണക്കുകൂടി ചേർക്കുമ്പോൾ വരും ദിവസങ്ങളിൽ ഇത് ഇനിയും ഉയരും.

ജർമനിയിൽ പ്രളയം നാശം വിതയ്ക്കുമ്പോൾ അമേരിക്കൻ  പര്യടനത്തിലായിരുന്ന ചാൻസലർ ആഞ്ചല മെർക്കൽ ഇന്നലെ നാട്ടിലെത്തി പ്രളയദുരന്തം അനുഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. കടുത്ത ആൾനാശത്തിനു പുറമെ ഗുരുതരമായ കെടുതികളും വ്യാപകമായി ഉണ്ടായിട്ടുണ്ട്. റോഡുകളും പാലങ്ങളും പൂർണമായി തകർന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്. ജർമൻ ദുരന്തനിവാരണ സേനയിലെ നാലു അംഗങ്ങളും പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ മരിച്ചിട്ടുണ്ട്.

ഇന്നലെ  പ്രദേശത്തെ സന്ദര്ശനത്തിനു ശേഷം ആഞ്ചല മെർക്കൽ കാലാവസ്ഥാവ്യതിയാനം ഗുരുതരമായ ആഗോള വെല്ലുവിളിയാണ് എന്ന് പ്രസ്താവിച്ചു. അതിനെ നേരിടാൻ ലോകം ഒന്നിച്ചു നിൽക്കേണ്ടത് പ്രധാനമാണ്. അതിനു ജർമനി മുൻകയ്യെടുക്കുമെന്നും മെർക്കൽ പറഞ്ഞു.