രാജ്യദ്രോഹക്കുറ്റം പുനപ്പരിശോധിക്കാനുള്ള സുപ്രീം കോടതി നീക്കത്തിന് വൻ പിന്തുണ

ന്യൂദൽഹി:ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കും എന്ന ചീഫ്  ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള  ബഞ്ചിന്റെ  പ്രഖ്യാപനത്തിനു നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബുധനാഴ്ചയാണ് രാജ്യദ്രോഹം  സംബന്ധിച്ച ഈ കൊളോണിയൽ നിയമം രാജ്യം സ്വതന്ത്രമായി ഏഴരപതിറ്റാണ്ടു  കഴിഞ്ഞിട്ടും എന്തുകൊണ്ട് നിയമവ്യവസ്ഥയിൽ തുടരുന്നു എന്ന സുപ്രധാന ചോദ്യം സുപ്രീം കോടതി ഉന്നയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്തു പൗരന്മാർക്കെതിരെ ഈ വകുപ്പ്  യാതൊരു നിയന്ത്രണവുമില്ലാതെ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അത് ജനങ്ങൾക്കിടയിൽ കടുത്ത അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിച്ചതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് മഹാത്മാഗാന്ധിയെയും ലോകമാന്യ തിലകനെയും തുറുങ്കിലടക്കാൻ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന നിയമമാണ്. ഒരു  സ്വതന്ത്രരാജ്യത്തിൽ സത്യസന്ധമായ അഭിപ്രായങ്ങൾ തുറന്നുപറയുന്ന പൗരന്മാരെയും പൊതുപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും അവരുടെ ജനാധിപത്യ സമൂഹത്തിലെ ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയാണ് ഈ നിയമം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ആർക്കെതിരെയും ഈ നിയമം പ്രയോഗിക്കാം എന്ന അവസ്ഥയുണ്ട്. അതിനാൽ  നിയമത്തിന്റെ സാധുത  പരിശോധിക്കേണ്ടത് അനിവാര്യമാണ് എന്നാണ് കോടതി പറഞ്ഞത് .

സെക്‌ഷൻ 124എ യുടെ വ്യാപകമായ ദുരുപയോഗം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് പല നിയമവിദഗ്ദ്ധരും ചൂണ്ടികാട്ടിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെയും  പൗരസമൂഹവിമർശകരെയും ഒതുക്കാനാണ് അത് പ്രധാനമായി ഉപയോഗിക്കുന്നത്.  ആയിരക്കണക്കിന് കേസുകളാണ് ഈ വകുപ്പ് പ്രകാരം സമീപകാലത്തു ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുളളത്. മഹാരാഷ്ട്രയിലെ  ബിജെപി സർക്കാർ ചാർജ് ചെയ്ത ബീമാ കോരേഗാവ് കേസിലും  ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രെറ്ററുടെ കിരാത വാഴ്ചക്കെതിരെ പ്രതികരിച്ച സിനിമാപ്രവർത്തക  അയിഷാ സുൽത്താനക്കെത്തിരെയും ഡൽഹിയിലെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എതിരെയും ഈ വകുപ്പ് ചുമത്തിയിട്ടുണ്ട്.  കഴിഞ്ഞയാഴ്ച മുംബൈയിൽ വിചാരണത്തടവിൽ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ .സ്റ്റാൻ സാമിക്കെതിരെയും ഈ വകുപ്പ് ചുമത്തിയിരുന്നു. നിയമം രാജ്യത്ത് പോലീസ് വ്യാപകമായി ദുരുപയോഗിക്കുകയാണ് എന്നതിന്റെ തെളിവുകൾ അനിഷേധ്യമായ മട്ടിൽ പുറത്തുവന്നു കഴിഞ്ഞു.

ഈ വകുപ്പിൽ ചാർജ്  ചെയ്യപ്പടുന്നത് കള്ളകേസുകളാണെന്നു സുപ്രീം കോടതിക്കു തന്നെ ബോധ്യമായിട്ടുണ്ട്. സെക്‌ഷൻ 124എ വകുപ്പ് പ്രകാരമുള്ള കേസുകളിൽ ശിക്ഷ നൽകപ്പെടുന്നത് അത്യധികം  പരിമിതമാണെന്ന കാര്യം ഇന്നലെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ടു വിവിധ ബഞ്ചുകളിലായി അര ഡസനോളം കേസുകൾ സുപ്രീം കോടതിയുടെ മുന്നിലുണ്ട്. മുൻ കേന്ദമന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരി, സന്നദ്ധ സംഘടന കോമൺ കോസ്, റിട്ടയേർഡ് ജനറൽ ആർ ജി വെമ്പാട്ട്കരെ  തുടങ്ങിയവരാണ് കേസുകൾ ഫയൽ ചെയ്തത്. വിഷയത്തിൽ   കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകണമെന്ന് കോടതി ഉത്തരവിട്ടു.