ഉത്സവശേഷം…

ദേശപ്പെരുമയില്‍ ഊറ്റം കൊണ്ട്
ദേശവാസികളൊക്കെയും
ഉത്സവങ്ങളില്‍ ആറാടി നില്ക്കുന്ന
വേനല്‍പകലറുതികളാണിപ്പോള്‍.
തിറയാട്ടം തീര്‍ന്ന്
തിറയാട്ടത്തറകളില്‍ ബാക്കിയാവുന്നത്
കരിഞ്ഞ കുരുത്തോലകളും
കോലധാരിയുടെ ഉറക്കച്ചടവും
പേരറിയാത്ത സങ്കടങ്ങളും മാത്രമോ?
പൂരം കൊടിയിറങ്ങി
ആനകളും പൂരപ്രമാണിമാരും
ഉപചാരം ചൊല്ലി പിരിഞ്ഞുപോയാല്‍
പൂരപ്പറമ്പില്‍ ബാക്കിയാവുന്നത്
പൊട്ടിത്തീര്‍ന്ന അമിട്ടുകളുടെ അവശിഷ്ടങ്ങളും
കത്തിയമര്‍ന്ന ആവേശങ്ങളുടെ വിമ്മിഷ്ടങ്ങളും മാത്രമോ?
കാവിലമ്മ കാവുതീണ്ടിക്കഴിഞ്ഞ്
കാവും കുളങ്ങളും വിട്ടുപോകുമ്പോള്‍
തിരുമുറ്റത്ത് ശേഷിക്കുന്നത്
കോഴിക്കുരുതികളുടെ ചോരയും
പടികടന്നെത്തുന്ന രാപ്പേടികളും മാത്രമോ?
കരുണയറ്റ കാലത്തിന്‍റെ ചുവടേറ്റവും
കൗര്യത്തിന്‍റെ പേക്കാഴ്ചകളും
കാണുന്നില്ലേ നിങ്ങള്‍?
കുമ്പിട്ടുനില്ക്കുന്ന പെരുമലയന്
പട്ടുംവളയും കനിഞ്ഞു നല്കുന്ന പുതു തമ്പ്രാക്കള്‍
മുഖപേശികളില്‍ ഒളിച്ചുവെക്കുന്ന കൗശലങ്ങള്‍
തിരിച്ചറിയുന്നില്ലേ നിങ്ങള്‍?
പുതിയ തര്‍പ്പണം തേടി
അരൂപികള്‍ ആരോ വരുന്നുണ്ടെന്നതിന്‍റെ
കാല്‍പെരുമാറ്റം കേള്‍ക്കുന്നില്ലേ നിങ്ങള്‍?
പുതിയ കുരുതികള്‍ കൊള്ളാനായ്
കോയ്മകളുടെ കടന്നേറ്റങ്ങള്‍
അടുത്തടുത്ത് എത്തുന്നത്
അറിയുന്നില്ലേ നിങ്ങള്‍?

കുഞ്ഞപ്പ പട്ടാന്നൂര്‍

Leave a Reply