ദക്ഷിണാഫ്രിക്കയിൽ കലാപം പടരുന്നു; പിന്നിൽ കോവിഡും രാഷ്ട്രീയ അസ്വസ്ഥതയും

ജോഹാന്നസ്‌ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചയായി പടർന്നുപിടിച്ച കലാപം ഒതുക്കാനായി സർക്കാർ സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ ക്വസുലു-നെറ്റൽ, ദർബൻ അടക്കമുള്ള കറുത്ത വർഗക്കാർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിൽ കലാപം കെട്ടടങ്ങാതെ വ്യാപിക്കുകയാണ്.സൈന്യത്തിന്റെ വെടിയേറ്റ് ഇതിനകം  72 പേർ മരിച്ചതായി  ഔദ്യോഗിക ഏ ജൻസികൾ അറിയിച്ചിട്ടുണ്ട് .12,000ൽ അധികം ആളുകളെ പോലീസും സൈന്യവും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കൻ അധികൃതർ മുൻപ്രസിഡണ്ട് ജേക്കബ് സുമയെ കസ്റ്റഡിയിൽ എടുത്തു 15 മാസത്തെ ജയിൽ ശിക്ഷക്കായി തടവറയിലേക്ക് അയച്ചതിനെ തുടർന്നാണ് രാജ്യത്തു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു കോടതിയലക്ഷ്യ കേസിലാണ് സുമയെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ജയിൽശിക്ഷയ്ക്ക് വിധിച്ചത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാനായി നിരവധി അനുയായികൾ വീടിനു ചുറ്റും കാവൽ നിന്നിരുന്നു. എന്നാൽ ഒരാഴ്ചമുമ്പ് പാതിരാത്രിയിൽ അദ്ദേഹം പോലിസിന് കീഴടങ്ങി.

സുമ  രാജ്യത്തിൻറെ പ്രസിഡണ്ട് ആയിരുന്ന വർഷങ്ങളിൽ നടന്ന വമ്പിച്ച അഴിമതികളെക്കുറിച്ചു   അന്വേഷണം നടക്കുകയാണ്. ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ എത്തി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഗുപ്‌ത സഹോദരന്മാരുമായി കൂട്ടുചേർന്നു പൊതുസ്വത്ത് കൊള്ളയടിച്ചു എന്നതാണ് ജേക്കബ് സുമയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ചുമത്തപ്പെട്ട കുറ്റം. അതിന്റെ വിചാരണയിൽ സുമ സഹകരിക്കാതിരുന്നതാണ് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമായത്. തന്റെ നേരെയുള്ള കുറ്റങ്ങൾ വ്യാജമാണെന്നും കോടതിയലക്ഷ്യ കേസിൽ കടുത്ത ശിക്ഷ അംഗീകരിക്കാനാവാത്തതാണെന്നും സുമയും അനുയായികളും പറയുന്നു. ദക്ഷിണാഫ്രിക്കയിലെ  ഭരണകക്ഷി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തു നിന്ന് സുമയെ പുറത്താക്കി സിറിൽ റമഫോസ അധികാരമേറ്റത് രണ്ടുവർഷം മുമ്പാണ്. പാർട്ടിയിലെ ആഭ്യന്തര വഴക്കാണ്  തന്റെ നേരെയുള്ള നടപടികൾക്ക് കാരണം എന്നാണ് സുമയുടെ നിലപാട്.

അതേസമയം രാജ്യത്തു കലാപം പടരാനിടയാക്കുന്നതു കറുത്ത വർഗക്കാർക്കിടയിലെ കടുത്ത ദാരിദ്ര്യവും സാമൂഹികമായ അസ്വസ്ഥതകളും വർധിച്ചതാണെന്നു സാമൂഹിക നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. വെള്ളക്കാരുടെ ഭരണത്തിൽ നിന്ന് കറുത്തവർഗക്കാർ അധികാരം നേടിയെങ്കിലും രാജ്യത്തു അവരുടെ സ്ഥിതി ഇന്നും മോശമായി തുടരുകയാണ്. ഇതിനിടയിലാണ്  ആഫ്രിക്കൻ വൻകരയിലെ ഏറ്റവും കടുത്ത കോവിഡ് ബാധ രാജ്യത്ത് ഉണ്ടായത്. അതിനെ നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമായിരുന്നു. കടുത്ത നിയന്ത്രണങ്ങൾ കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു. അതിന്റെ അസംതൃപ്തി ജനങ്ങൾക്കടിയിൽ വ്യാപിക്കുകയാണ്. കലാപത്തിനിറങ്ങിയ ജനങ്ങൾ പ്രധാനമായും കച്ചവട കേന്ദങ്ങൾ കൊള്ള ചെയ്യുകയാണ്.  ധനികരുടെ പ്രദേശങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ ഇരച്ചുകയറുന്ന നൂറുകണക്കിന് ആളുകൾ കയ്യിൽ കിട്ടുന്നതെല്ലാം എടുത്തുകൊണ്ടു പോവുകയാണ്. 

നെൽസൺ   മണ്ടേലയുടെ അടുത്ത അനുയായി ആയിരുന്ന  സുമയെ തടവിലിട്ട സംഭവം രൂക്ഷമായ കലാപത്തിനു തിരികൊളുത്താൻ കാരണമായത് ഈ പശ്ചാത്തലമാണ് .  ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ നിലവിലെ കടുത്ത പ്രതിസന്ധിയും അസംതൃപ്തികളുമായി കൂടിച്ചേർന്നപ്പോഴാണ് ദക്ഷിണാഫ്രിക്ക പൊട്ടിത്തെറിയിലേക്ക് നീങ്ങിയത് എന്ന് വിവിധ അന്താരാഷ്ട്ര നിരീക്ഷകരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നു.