സ്പേസിൽ വാണിജ്യയുദ്ധം മുറുകുന്നു; നക്ഷത്രയുദ്ധം മുതൽ ടൂറിസം വരെ
പ്രത്യേക ലേഖകൻ
ന്യൂയോർക്ക്: ബഹിരാകാശം ആഗോളമൂലധനത്തിന്റെ ഏറ്റവും പുതിയ മത്സരവേദിയാകുന്ന കാഴ്ചയാണ് ഈയാഴ്ച ലോകം ദർശിച്ചത്. വിർജിൻ വിമാനക്കമ്പനി ഉടമ ചാൾസ് ബ്രാൻസൺ നയിച്ച ആറംഗസംഘം കഴിഞ്ഞ ഞായറാഴ്ചയാണ് ന്യൂ മെക്സിക്കോയിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചത്. പത്തു മിനിട്ടോളം നീണ്ട യാത്ര കഴിഞ്ഞു ഒരു ഇന്ത്യക്കാരി അടക്കമുള്ള വിർജിൻ ഗലാക്ടിക് സംഘം സുരക്ഷിതമായി തിരിച്ചിറങ്ങി.
മറ്റൊരു ശതകോടീശ്വരനായ എലോൺ മസ്കിന്റെ ഊഴമാണ് അടുത്തയാഴ്ച. സ്പേസ് എക്സ് എന്ന അദ്ദേഹത്തിന്റെ കമ്പനിയുടെ കന്നിയാത്ര ഈ മാസം മൂന്നാം വാരത്തിൽ നടക്കും. മസ്കിന്റെ കമ്പനിയാണ് ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ അതിനു ഒരാഴ്ച മുമ്പെങ്കിലും ബഹിരാകാശത്തു എത്തണമെന്ന വാശിയോടെ ബ്രാൻസൺ യാത്ര നേരത്തെ നിശ്ചയിക്കുകയായിരുന്നു.
രണ്ടു കമ്പനികളും സ്പേസ് ടൂറിസം തങ്ങളുടെ പ്രധാനലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും ഓഹരിവിപണിയിൽ ഉന്നത മൂല്യമുള്ള കമ്പനികളാണ്. ഭാവിയിൽ ബഹിരാകാശയാത്ര സാധാരണ വിമാനയാത്ര പോലെ എളുപ്പവും സുരക്ഷിതവുമാകുമെന്നു ഇരുകമ്പനികളും ബഹിരാകശ വിദഗ്ദ്ധരും പറയുന്നു. അതിനാൽ നിരവധിയാളുകൾ യാത്രക്കായി ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്‌തു കഴിഞ്ഞു. അക്കൂട്ടത്തിൽ മലയാളിയായ സന്തോഷ് ജോർജ് കുളങ്ങരയും ഉൾപ്പെടുന്നു.
ബഹിരാകാശം ഭൂമിയിലെ ജല-വായു -ഉപരിതലവേദികൾ പോലെത്തന്നെ ആഗോള മൂലധനത്തിന്റെ പ്രധാന പ്രവർത്തന രംഗം ആയി മാറിക്കഴിഞ്ഞു. നേരത്തെ പ്രധാന വൻശക്തി രാജ്യങ്ങളാണ് ഈ മേഖലയിൽ മത്സരിച്ചിരുന്നത്. അമ്പതുകളിൽ സോവിയറ്റ് യൂണിയനും അമേരിക്കയുമാണ് ബഹിരാകാശ മത്സരം തുടങ്ങിവെച്ചത്. ഇപ്പോൾ ചൈന, ഇന്ത്യ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങി യു.എ.ഇ വരെ നിരവധി രാജ്യങ്ങൾ രംഗത്തുണ്ട്. അതിനു പുറമെയാണ് വിർജിൻ ഗലാക്ടിക്, സ്പേസ് എക്‌സ് തുടങ്ങിയ പുതുതലമുറ സ്വകാര്യ സംരംഭകരുടെ വരവ്. മറ്റു രാജ്യങ്ങളിലും ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കമ്പനികൾ വരുന്നുണ്ട്.
ബഹിരാകാശത്തെ അന്താരാഷ്ട്ര മത്സരം തുടങ്ങിയിട്ട് ഏതാണ്ട് എഴുപതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു. ബഹിരാകാശ റോക്കറ്റുകളും ഉപഗ്രഹങ്ങളും വ്യാപകമാണ്. ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ നിരീക്ഷണം, പ്രതിരോധം, വാർത്താവിനിമയം തുടങ്ങി നിരവധി മേഖലകളിൽ ഇന്ന് ബഹിരാകാശത്തു പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ പരമപ്രധാനമാണ്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രധാന കമ്പനികളും ബഹിരാകാശം പ്രധാന പ്രവർത്തന മേഖലയായാണ് കാണുന്നത്. റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന കാലത്തു ആവിഷ്ക്കരിച്ച നക്ഷത്രയുദ്ധ പദ്ധതി അമേരിക്കയുടെ പ്രധാന സുരക്ഷാ പദ്ധതികളിൽ ഒന്നാണ്.
അതേസമയം ബഹിരാകാശത്തെ വർധിച്ചുവരുന്ന തിരക്ക് വലിയ മാലിന്യ പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ബഹിരാകാശത്തേക്കു നിരന്തരം വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകളും അവിടെ ചുറ്റിക്കങ്ങുന്ന ഉപഗ്രഹങ്ങളും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ പോലെയുള്ള സ്ഥിരം സംവിധാനങ്ങളും ടൺ കണക്കിനു മാലിന്യമാണ് ബഹിരാകാശത്തേക്ക് തള്ളിവിടുന്നത്. ബഹിരാകാശത്തു ദശലക്ഷക്കണക്കിനു ഇത്തരം ചെറുകഷണങ്ങളാണ് കറങ്ങി നടക്കുന്നത്. ഇതൊരു വലിയ ആഗോളപ്രശ്നമാണ്.
എന്നാൽ അതും പുതിയ ബിസിനസ്സ് അവസരമായാണ് ആഗോള മൂലധന സംവിധാനം കാണുന്നത്. അമേരിക്കയിൽ ഈയിടെ ആരംഭിച്ച ലിയോലാബ് എന്ന കമ്പനി ബഹിരാകാശ മാലിന്യനിർമാർജനമാണ് തങ്ങളുടെ ബിസിനസ്സ് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. റാഡറുകൾ ഉപയോഗിച്ചു മാലിന്യം കണ്ടെത്തി അവയെ പിടിച്ചെടുക്കും. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഓഹരിവിപണിയിൽ കമ്പനി 60 ദശലക്ഷം ഡോളർ ഓഹരിമൂലധനം സംഭരിച്ചതായി സിഎൻഎൻ ചാനൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തു.
.