ബലിപെരുന്നാൾ 21ന്; മഴയും കോവിഡും പ്രതീക്ഷകൾ തകർക്കുന്നു

കോഴിക്കോട്: ഈ മാസം 21നാണ് കേരളത്തിൽ ബക്രീദ് അഥവാ ബലിപെരുന്നാൾ ആഘോഷിക്കുകയെന്നു പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാർ അറിയിച്ചു. 

ഞായറാഴ്‌ച വൈകിട്ടാണ് ദുൽഹജ്ജ് മാസം ഇന്നുമുതൽ ആരംഭിക്കുമെന്ന്  പണ്ഡിതർ  അറിയിച്ചത്. ദുൽഹജ്ജ് പത്തിനാണ് ബലിപെരുന്നാൾ വരുന്നത്. ഇസ്ലാമിക കലണ്ടർ പ്രകാരം  ചന്ദ്രനെ കാണുകയോ ഒരുമാസം മുപ്പത് ദിവസം പൂർത്തിയാവുകയോ ചെയ്താൽ അടുത്ത മാസത്തിന്റെ പിറവിയാകും. ഇതിനു  ചന്ദ്രനെ നഗ്നദൃശ്യങ്ങൾ കൊണ്ട് ദർശിക്കണം എന്ന് സുന്നി പണ്ഡിതന്മാർ പൊതുവിൽ നിഷ്കർഷിക്കുന്നതിനാൽ ബലിപെരുന്നാൾ, റംസാൻ നോമ്പ് തുടങ്ങിയ ഇസ്ലാമിക കലണ്ടറിലെ പ്രധാന കാര്യങ്ങൾ സംബന്ധിച്ച തീർപ്പ് അതാതു അവസരത്തിൽ മാത്രമാണ് വിശ്വാസികൾക്ക് ലഭിക്കുക.

കഴിഞ്ഞ വർഷവും ഇത്തവണയും കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപാരം സ്തംഭിച്ച മട്ടിലാണ് കോഴിക്കോട് അടക്കമുള്ള പ്രധാന വാണിജ്യമേഖലകൾ.  ഓട്ടോ, ടാക്സി, ബസ്,അങ്ങാടി വാണിജ്യം, ബാർബർ ഷോപ്പ് എന്നിങ്ങനെ സാധാരണക്കാരുടെ തൊഴിൽ മേഖലകൾ പൂർണമായും സ്തംഭനത്തിലാണ്. സർക്കാർ സേവനങ്ങൾ  പരിമിതമാണ്. ബാങ്കുകൾ ആഴ്ചയിൽ പകുതി ദിവസമാണ് പ്രവർത്തിക്കുന്നത്. മൊത്തത്തിൽ ഗുരുതരമായ പ്രതിസന്ധിയിലാണ് തൊഴിൽ മേഖല. കോഴിക്കോട്ടെ പ്രധാന വാണിജ്യകേന്ദമായ മിട്ടായിതെരുവ് അടച്ചിട്ടതിൽ കഴിഞ്ഞ ദിവസം വ്യാപാരികൾ പ്രതിഷേധിച്ചു. ഒന്നര വർഷമായി തങ്ങൾ പ്രതിസന്ധിയിലാണെന്നും ഇനി ഇന്നത്തെ സ്ഥിതിയിൽ ഒരടി പോലും മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണെന്നും അവർ പരാതിപ്പെട്ടു.