അഫ്‌ഗാനിൽ അമേരിക്കൻ ലക്ഷ്യങ്ങൾ പൂർത്തിയായി; ഇനി അവർ നോക്കട്ടെയെന്നു ബൈഡൻ

വാഷിംഗ്‌ടൺ ഡിസി: അഫ്‌ഗാനിൽ അമേരിക്കൻ സൈനികലക്ഷ്യങ്ങൾ പൂർത്തിയായെന്നും ഇനി അവിടെ തുടരുന്ന ഓരോ ദിവസവും അനാവശ്യമായ രക്തച്ചൊരിച്ചിലിന് കാരണമാവുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ.

ഇന്നലെ വൈകിട്ട് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ബൈഡൻ പറഞ്ഞത് ആഗസ്റ്റ് 31നു മുമ്പുതന്നെ സേനാപിന്മാറ്റം പൂർത്തിയാകും എന്നാണ്. എന്നാൽ അമേരിക്കയുടെ പിന്മാറ്റം രാജ്യത്തെ താലിബാൻ നിയന്ത്രണത്തിൽ എത്തിക്കും എന്ന വാദങ്ങൾക്ക്‌ അര്ഥമില്ല. താലിബാൻ സേനയുടെ ആൾശേഷി വെറും 75,000 മാത്രമാണ്. അതേസമയം അഫ്‌ഗാൻ സേനകൾ 300,000 ലക്ഷം സൈനികർ ഉള്ളതാണ്. അവർക്ക്  മെച്ചപ്പെട്ട  പരിശീലനവും ആയുധങ്ങളുമുണ്ട്. എന്തുകൊണ്ട് അവർക്ക്  താലിബാനെ നേരിടാൻ കഴിയുന്നില്ല എന്നു അവർ തന്നെയാണ് വിശദീകരിക്കേണ്ടത്. താലിബാനെ തോൽപിക്കാൻ അവർക്ക് ശേഷിയുണ്ട്. എന്നാൽ അതു ചെയ്യണോ എന്ന് നിശ്ചയിക്കേണ്ടതും അവർ തന്നെയാണ്.

അഫ്‌ഗാനിൽ അമേരിക്കൻ സേനയെ  സഹായിച്ച പരിഭാഷകർ അടക്കമുള്ള വിഭാഗങ്ങൾക്ക് അമേരിക്കയിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 2500 പേർക്ക് ഇതിനകം വിസ നൽകി. എന്നാൽ പകുതിയോളം പേർ മാത്രമേ വന്നിട്ടുള്ളൂ .

അമേരിക്കൻ സേനയുടെ പിന്മാറ്റം ഇതിനകം 90 ശതമാനം പൂർത്തിയായതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ കാബൂളിൽ അറിയിച്ചു. അതോടപ്പം ബ്രിട്ടൻ അടക്കമുള്ള നാറ്റോ സേനകളും അഫ്‌ഗാനിൽ നിന്ന് പിൻവാങ്ങി.  തങ്ങളുടെ സേനകൾ പിന്മാറ്റം പൂർത്തിയാക്കി എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ലണ്ടനിൽ അറിയിച്ചു .