ഇന്ത്യയില്‍ അടിയന്തിരാവസ്ഥയെ വെല്ലുന്ന പൗരാവകാശ നിഷേധമെന്നു ജസ്റ്റിസ് എ പി ഷാ

ന്യൂദൽഹി: ഇന്ത്യയിൽ അടിയന്തിരാവസ്ഥയിൽ നിലനിന്ന തരത്തിലുള്ള  പൗരാവകാശ നിഷേധമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അതിൽ പ്രധാന ഉത്തരവാദി സ്വന്തം ചുമതലകൾ മറന്ന സുപ്രീം കോടതിയടക്കമുള്ള നീതിന്യായ സംവിധാനമാണെന്നും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും നിയമ കമ്മിഷൻ മുൻ ചെയർമാനുമായ ജസ്റ്റിസ് എ പി ഷാ.

ദി ഹിന്ദു ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ശക്തമായ ലേഖനത്തിലാണ് സുപീം കോടതിയടക്കമുള്ള നീതിനിർവഹണ സംവിധാനത്തിന്റെ തകർച്ചയെക്കുറിച്ച് അദ്ദേഹം എഴുതുന്നത്. “നട്ടുച്ചയ്ക്ക് കൂരിരുട്ട്, കൊലചെയ്യപ്പെട്ടത്നീതിപീഠത്താലാണ് ” എന്നാണ് ലേഖനത്തിന്റെ തലക്കെട്ടു തന്നെ.

കഴിഞ്ഞ ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ 84കാരനായ ജെസ്യുട്ട് പാതിരി ഫാ. സ്റ്റാൻ സ്വാമി ജീവൻ വെടിഞ്ഞത് തടവുകാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോടതികൾ പൂർണ പരാജയമാണ് എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്. ഒരു  വർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. യുഎപിഎ നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ സ്വാമി അടക്കമുള്ള ബീമാ കോരേഗാവ് പ്രതികൾക്കെതിരെ പോലീസ് ചാർത്തിയിരുന്നു. വ്യാജമായ തെളിവുകളാണ് ഇതെന്ന് ആരോപണമുണ്ട്. എന്നാൽ അത് കണക്കിലെടുക്കാനോ മരണാസന്നനായ വ്യക്തിക്ക് നീതി നൽകാനോ ബന്ധപ്പെട്ട കോടതിക്ക് കഴിഞ്ഞില്ല. നീതിപീഠത്തിന്റെ കനത്ത പരാജയമാണ് ഇതിൽ നിഴലിക്കുന്നത് .

എന്നാൽ നീതിനിർവഹണ  സംവിധാനത്തിന്റെ ഇന്നത്തെ സങ്കടകരമായ തകർച്ചക്ക് ഉത്തരവാദി ഉന്നത നീതിപീഠം തന്നെയാണ്. യുഎപിഎ കേസുകളിൽ തെളിവ് നിയമത്തെ അപ്രസക്തമാക്കുന്ന വിധിയാണ് 2019 ഏപ്രിലിൽ എൻഐഎ vs സഹൂർ അഹ മ്മദ് ഷാ വട്ടാളി കേസിൽ സുപ്രീം കോടതി നൽകിയത് . ഈ വകുപ്പുകൾ  പ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യത്തിനു അർഹതയില്ല എന്നാണ് ഈ കേസിൽ സുപ്രീം കോടതി പറഞ്ഞത്. ജാമ്യം  നിയമവ്യവസ്ഥയിൽ അടിസ്ഥാന അവകാശമാണ്. അതു അട്ടിമറിക്കപ്പെട്ടതോടെ ആയിരക്കണക്കിന് പൗരന്മാരാണ് ജയിലുകളിൽ കഴിയുന്നത്.  അവർക്ക് നീതി ലഭിക്കുന്നില്ല.

ജുഡീഷ്യറിയുടെ ഇന്നത്തെ തകർച്ച ബിജെപി സർക്കാർ കേന്ദ്രത്തിൽ ഭരണത്തിൽ വന്ന കാലം മുതലാണ് ആംഭിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണനിർവഹണ വിഭാഗത്തിന്റെ ഒത്താശ ചെയ്യുന്ന വകുപ്പായി കോടതികൾ മാറാൻ പാടില്ല. എന്നാൽ സിഎഎ കേസിൽ ഒരുവർഷമായി തടവിൽ കഴിഞ്ഞ മൂന്നു വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്.  ഈ വിധി ഇത്തരം കേസുകളിൽ മാർഗനിർദേശകമായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇത് നിർഭാഗ്യകരണമാണ്. ഹൈക്കോടതികൾ സമുന്നതനീതിപീഠങ്ങളാണ്. അവ  ഭരണഘടന സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അത് നൽകുന്ന സൂചന  അത്യന്തം ആപൽകരമാണെന്നും ജസ്റ്റിസ് ഷായുടെ ലേഖനത്തിൽ പറയുന്നു.