ഉത്തർ പ്രദേശ് ജയിലിൽ ഒമ്പതുമാസം; സിദ്ദിഖ്കാപ്പന് ജാമ്യമില്ല

മധുര: ഉത്തർപ്രദേശിലെ മഥുര ജയിലിൽ ഒൻപതുമാസമായി  വിചാരണത്തടവുകരനായി കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ്കാപ്പന് മധുര അഡിഷനല് സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ പാണ്ഡെ ജാമ്യം നിഷേധിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് ജാമ്യം നിഷേധിക്കുന്നതെന്ന്ച്ച കോടതി പറഞ്ഞു. സമൂഹത്തില്‍ പരസ്പര ശത്രുത വളര്‍ത്തുന്നതും രാജ്യത്ത് നിലനില്‍ക്കുന്ന സമുദായ മൈത്രി തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പന് വിദേശ ഫണ്ട് ലഭിച്ചതായ ആരോപണവുമുണ്ട്.ദേശദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹത്രാസില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയത് കൊന്ന സംഭവത്തെക്കുറിച്ചറിഞ്ഞ് റിപ്പോര്‍ട്ട് സമാഹരിക്കാനാണ് പോയതെന്ന് സിദ്ദിഖ് കാപ്പന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് 2018 ല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ച സ്ഥാപനത്തിന്റെ രേഖ ആയിരുന്നു എന്നും കോടതി പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നു അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതായും കോടതി ചൂണ്ടിക്കാട്ടി.

ഇന്നലെ ജാമ്യഹർജി പരിഗണനക്കെടുത്ത കോടതി സർക്കാർ വാദം കേൾക്കാനായി കേസ് ഇന്നത്തെയ്ക്ക് മാറ്റിവച്ചിരുന്നു. കേസിൽ കാപ്പന് ജാമ്യം കൊടുക്കരുത് എന്നാണ്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം  ഒക്ടോബർ അഞ്ചിനാണ് യുപി പോലീസ് കാപ്പനും മറ്റു മൂന്ന് പേരും അടങ്ങുന്ന സംഘത്തെ ദേശീയ പാതയിൽ വെച്ചു അറസ്റ്റ് ചെയ്തത്. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ കുറ്റപത്രത്തിൽ നിന്ന് മജിസ്‌ട്രേറ്റ് ഈ ആരോപണം കഴിഞ്ഞയാഴ്ച നീക്കം ചെയ്തിരുന്നു. ആരോപണത്തിനു പോലീസ് തെളിവ് ഹാജരാക്കിയില്ല എന്ന് കോടതി കണ്ടെത്തി. എന്നാൽ യുഎപിഎ പ്രകാരമുള്ള മറ്റു ആരോപണങ്ങൾ നിലനിന്നു.

ഇന്നലെ ഡൽഹിയിലെ അഭിഭാഷകൻ വിൽസ് മാത്യു ആണ് കാപ്പന് വേണ്ടി കോടതിയിൽ ഹാജരായത്. ഒരു മാധ്യമ പ്രവർത്തകൻ എന്നനിലയിൽ കാപ്പനെ അകാരണമായി പോലീസ് തടവിൽ വെച്ചിരിക്കുകയാണ് എന്ന് അദ്ദേഹം ബോധിപ്പിച്ചു. ജാമ്യത്തിനായി  അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് കാപ്പന് വേണ്ടി കേസ് നടത്തുന്ന കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകവും അദ്ദേഹത്തിന്റെ  കുടുംബവും തീരുമാനിച്ചിരിക്കുന്നത്.