കയ്യാങ്കളി: കേസ് തുടരണമെന്ന് സുപ്രീം കോടതി; മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍

ന്യൂഡൽഹി: മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമസഭയിലെ കയ്യാങ്കളി ഈ സാഹചര്യത്തിലായിരുന്നുവെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബജറ്റ് അവതരിപ്പിക്കുക എന്നതാണ് പ്രധാനമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന് കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ എം.എൽ എ മാരെ കോടതി രൂക്ഷമായി വിമർശിച്ചു.കേസ് ജൂലൈ 15 ന് വീണ്ടും പരിഗണിക്കും.

അക്രമത്തിലൂടെ എന്ത് സന്ദേശമാണ് എംഎൽഎമാർ ജനങ്ങൾക്ക് നൽകുന്നതെന്ന് കോടതി ചോദിച്ചു. ബജറ്റ് തടസ്സപ്പെടുത്തിയ എംഎൽഎമാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ താത്പര്യത്തെയും കോടതി ചോദ്യം ചെയ്തു. എം എൽ എ മാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമെന്നും നേതാക്കൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എം. എൽ. എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.കേസിൽ ഹൈക്കോടതി പരാമർശിച്ച വിധികൾ അടക്കമുള്ള രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന് പുറമെ മന്ത്രി വി. ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവർ വെവ്വേറെ ഹർജിയും നൽകിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജിയും നൽകിയിട്ടുണ്ട്.കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തിരുവനന്തപുരം സി ജെ എം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.