ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും സാത്വികനായ പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി (84)അന്തരിച്ചു, അന്ത്യം മുംബയില്‍ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ . ഇന്ന് രാവിലെ നാലരമണിക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഉച്ചയ്ക്ക് ഒന്നരമണിക്ക് അന്ത്യം സംഭവിച്ചുവെന്നും അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു.മെയ്‌ 28 മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഭീമ കൊരേഗാവ് തീവ്രവാദ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്ത്യം.ഒക്ടോബര്‍ എട്ടിന് റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്.ഇടക്കാല ജാമ്യം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഫാദര്‍ ആയിരുന്നു സ്റ്റാന്‍ സ്വാമി. തിരുച്ചിറപ്പള്ളി സ്വദേശിയാണ്. കൊവിഡ് രോഗിയായിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല. കോടതി ഈ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. പോസ്റ്റ്‌ മാര്‍ട്ടം വേണ്ടതില്ലെന്നു അധികൃതര്‍ പറഞ്ഞെങ്കിലും കോടതി അത് അനുവദിച്ചില്ല. ജയിലില്‍ ആവശ്യമായ സഹായം നല്‍കാത്തതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ഇടപെട്ട് പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാന്‍ സ്വാമിക്ക് തക്കസമയത്ത് ചികിത്സ നല്‍കിയിരുന്നില്ല. അധികൃതരുടെ ക്രൂരത തന്നെയാണ് മരണത്തിലെത്തിച്ചത്.

ഇത് മരണമല്ല, സത്യത്തെ കൊലപ്പെടുത്തലാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി.നമ്മളെല്ലാം ഇതില്‍ കുറ്റവാളികള്‍ ആണ്. ഇത് വലിയ പൊതുപ്രസ്ഥാനമായി ഉയരേണ്ടതായിരുന്നു എന്ന് ബേബി പറഞ്ഞു. ഇത് നാടിന്‍റെ കണ്ണുതുറപ്പിച്ചെങ്കില്‍ എന്ന് ആശിച്ചു പോകുന്നതായി ബേബി കൂട്ടിച്ചേര്‍ത്തു..

ഇനിയെങ്കിലും ജയിലുകളില്‍ ഇത്തരം മരണങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് എ കെ ആന്റണി പറഞ്ഞു.ജാമ്യവ്യവസ്ഥയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.