അമേരിക്കൻ പിന്മാറ്റം ആരംഭിച്ചു;അഫ്‌ഗാനിൽ താലിബാൻ മുന്നേറുന്നു

കാബൂൾ: അഫ്‌ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം ആരംഭിച്ചതോടെ താലിബാൻ സേനകൾ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ മുന്നേറ്റം നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ വടക്കൻ പ്രദേശത്തെ ബഡക്ഷൻ പ്രവിശ്യയിൽ നിരവധി പ്രദേശങ്ങൾ താലിബാൻ സേനകൾ കയ്യടക്കി. താലിബാൻ സേനയെ എതിരിടാൻ അഫ്‌ഗാൻ സായുധസേനകൾ മടി കാണിക്കുകയാണെന്നു പല റിപ്പോർട്ടുകളും പറയുന്നു. വടക്കൻ പ്രവിശ്യയിൽ താലിബാനെ നേരിടാൻ മടിച്ച മുന്നൂറോളം  വരുന്ന സർക്കാർ സൈനികർ തൊട്ടടുത്ത താജികിസ്‌താനിലേക്കു പലായനം ചെയ്തതായി ചില ഏജൻസികൾ പറയുന്നു. നേരത്തെ താലിബാന് വലിയ പിന്തുണ ഇല്ലാതിരുന്ന പ്രവിശ്യകളാണ് വടക്കൻ പ്രദേശത്തെത്. പ്രധാനമായും ഉസ്ബക് വംശജരാണ്‌ അവിടെ അധിവസിക്കുന്നത്. അമേരിക്കൻ   സഖ്യത്തിലുള്ള സൈനിക പ്രമാണിമാരാണ് നേരത്തെ അവിടെ ഭരണം നിയന്ത്രിച്ചത്.

 താലിബാൻ സ്വാധീനം കൂടുതലുള്ള കാണ്ഡഹാർ പ്രദേശത്തും അവർ മുന്നേറ്റം നടത്തുകയാണെന്ന്  റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്തെ അമേരിക്കൻ സേനാതാവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിൽ നിന്ന് അമേരിക്കൻ സേന കഴിഞ്ഞ ദിവസം ഒഴിഞ്ഞുപോയി. രണ്ടു പതിറ്റാണ്ടായി അമേരിക്കൻ സേനകളുടെ പ്രധാന താവളമായിരുന്നു ബഗ്രാം വിമാനത്താവളം. മുന്നറിയിപ്പില്ലാതെ അവർ സ്ഥലം വിടുകയായിരുന്നു എന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രാദേശിക സംഘങ്ങൾ പലരും വിമാനത്താവളത്തിൽ ഇരച്ചുകയറി കൊള്ള നടത്തി. എന്നാൽ അവരെ പുറത്താക്കി വിമാനത്താവളം വീണ്ടും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

 സെപ്റ്റംബർ 11നു മുമ്പ് അമേരിക്കൻ സേനകൾ പൂർണമായും അഫ്‌ഗാൻ വിടും എന്നാണ് ജോ ബൈഡൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതിനുമുമ്പ് തന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും താലിബാൻ നിയന്ത്രണത്തിലാകും എന്നാണ് നിരീക്ഷകർ പറയുന്നത്. ഇതിനകം തന്നെ അഫ്‌ഗാൻ രാജ്യത്തിൻറെ മൂന്നിലൊന്നു ഭാഗങ്ങൾ താലിബാൻ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു എന്ന് അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.