ചൈനയെ ഭീഷണിപ്പെടുത്താമെന്നു ആരും കരുതേണ്ടെന്നു ഷി ജിൻ പിങ്

ബെയ്‌ജിങ്‌: ചൈനയെ ഭീഷണിപ്പെടുത്തി അടക്കിനിർത്തിക്കളയാം എന്നു  ആരെങ്കിലും കരുതിയെങ്കിൽ അവർക്കു തെറ്റിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡണ്ടുമായ ഷി ജിൻ പിങ് പ്രസ്താവിച്ചു.

 ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് ബെയ്‌ജിങ്ങിലെ തിയാനൻമെൻ ചത്വരത്തിൽ നടന്ന ഗംഭീരമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതാക്കളും സൈനികരും യുവജനങ്ങളും അടക്കം 70,000 പേരാണ് ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടത്. മാവോ സെ തുങ്ങിന്റെ വലിയ ചിത്രം സ്ഥാപിച്ച വേദിക്കു മുകളിലാണ് ജിൻ പിങ്ങും മറ്റു പ്രമുഖ പാർട്ടി നേതാക്കളും ഉപവിഷ്ടരായത്. ആഗോളമാധ്യമങ്ങൾ ചടങ്ങ് റിപ്പോർട്ട് ചെയ്യാനായി എത്തിയിരുന്നു.

 ചൈനയുടെ വളർച്ചയെ ഏതെങ്കിലും വിധത്തിൽ തടയാനുള്ള നീക്കങ്ങൾ ഇനി വിജയിക്കാൻ പോകുന്നില്ലെന്ന് ഒരു  രാജ്യത്തെയും പ്രത്യേകമായി പേരെടുത്തു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. ചൈന നിരവധി  പ്രതിസന്ധികളെ നേരിട്ടാണ് ലോകരംഗത്തു തലയുയർത്തി നിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ എത്തിയത്. അതിനായി രാജ്യവും ജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അതിനു നേതൃത്വം നൽകിയത്. ചൈനയിലെ ജനങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വേർതിരിക്കാനാവില്ല. പാർട്ടിയും ജനങ്ങളും ഒന്നുതന്നെയാണ്. ജനങ്ങളുടെ ഇച്ഛയെയാണ് പാർട്ടി പ്രതിനിധീകരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദീർഘചരിത്രത്തിൽ നിർണായക നേതൃത്വം നൽകിയ മാവോ സെ തുങ്, ഡെങ് സിയാവോ പിങ് തുടങ്ങിയ നേതാക്കളെ അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചൈന നേടിയെടുത്ത സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ മഹാ ശക്തിയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. ചൈനയുടെ ശക്തി അതിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ സൈനിക വിഭാഗങ്ങളും ഉൾപ്പെടുന്നതാണ്. 

ഹോങ്കോങ്‌, സിങ്കിയാങ് പ്രവിശ്യകളിൽ അച്ചടക്കം കൊണ്ടുവരുന്നതിന് രാജ്യം സ്വീകരിച്ച ശക്തമായ നടപടികൾ അദ്ദേഹം വിവരിച്ചു. അതിൽ ഇടപെടാൻ വിദേശ ശക്തികളെ അനുവദിക്കുകയില്ല. ഈ രണ്ടു  വിഷയങ്ങളിലും അമേരിക്കൻ നടപടികളെ പരോക്ഷമായി പരാമർശിച്ചു കൊണ്ട് അദ്ദേഹം നയം വ്യക്തമാക്കി. തായ്‌വാൻ  ചൈനയുടെ ഭാഗമാണെന്നും ആ പ്രദേശവുമായി സമാധാനപരമായ പുനരേകീകരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ജിൻ പിങ് അറിയിച്ചു. എന്നാൽ ഒരു കാരണവശാലും വിദേശശക്തികളുടെ ഇടപെടൽ അനുവദിക്കുകയില്ല.

സൈനിക വിഭാഗങ്ങൾ  പരിപാടിയിൽ പങ്കെടുത്തുവെങ്കിലും വിപുലമായ സൈനിക ശക്തിപ്രകടനം ഉണ്ടായിരുന്നില്ല. ശതാബ്‌ദി അനുസ്മരണമായി ചൈനീസ് വ്യോമസേനയുടെ  ഫൈറ്റർ വിമാനങ്ങൾ ആകാശത്തു 100 എന്ന അക്കം സൃഷ്ടിച്ചു പറന്നു.