മൻമോഹൻ സിങ് ബജറ്റിനു 30 വർഷം;ആഗോളവത്കരണത്തിന്റെ അനുഭവങ്ങൾ

എന്‍ പി ചെക്കുട്ടി

1991 ജൂലൈ 24നു അന്നത്തെ ധനമന്ത്രി ഡോ. മൻമോഹൻ സിങ് ലോക്‌സഭയിൽ അവതരിപ്പിച്ച ബജറ്റ് സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഓർമിക്കപ്പടുന്നത്. അമിതമായ  നിയന്ത്രണങ്ങളും  ദാരിദ്യ്രവും മുഖമുദ്രയായിരുന്ന സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ കുതിച്ചു ചാട്ടത്തിലേക്കു നയിച്ച പ്രധാന സാമ്പത്തിക നയപരിഷ്കരണങ്ങൾ സർക്കാർ ആ ബജറ്റിലാണ് പ്രഖ്യാപിച്ചത്. അറുപത്  ശതമാനം വരെ ഉയർന്നുനിന്ന ഇറക്കുമതി ചുങ്കം കുത്തനെ വെട്ടിക്കുറച്ചു. വിദേശ നിക്ഷേപം തടയുന്ന  നിയമങ്ങൾ എടുത്തുകളഞ്ഞു. പൊതുമേഖലയിലെ സ്ഥാപനങ്ങൾ ഓരോന്നായി സ്വകാര്യവത്കരിച്ചു.  നെഹ്രുവിന്റെ കാലത്തുനിന്നുള്ള സുപ്രധാനമായ മാറ്റമാണ് പി വി നരസിംഹ റാവു നയിച്ച സർക്കാർ കൊണ്ടുവന്നത്.

ഈ മാറ്റങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾ കഴിയുമ്പോൾ എന്താണ് ഇന്ത്യയുടെ അനുഭവം എന്ന ചോദ്യം ബാക്കിനിൽക്കുന്നു. പുതിയ  നയങ്ങൾ ഇന്ത്യയെ ആഗോള കമ്പോളത്തിന്റെ അഭേദ്യ ഭാഗമാക്കി.  രാജ്യത്തു വൻതോതിൽ നിക്ഷേപം വർധിച്ചു. ഇന്ത്യൻ കമ്പനികളുടെ വളർച്ചയിൽ  കുതിപ്പുണ്ടായി. നിരവധി മേഖലകളിൽ അന്താരാഷ്ട്ര കമ്പനികൾ ആധിപത്യം സ്ഥാപിച്ചു. സമ്പത്തു കുമിഞ്ഞുകൂടി. ദാരിദ്യ്രനിർമാർജനം വൻതോതിൽ സാധ്യമായി.  അതേസമയം സമ്പത്തിന്റെ അമിത കേന്ദ്രീകരണം സമൂഹത്തിലെ വിടവുകൾ വർധിപ്പിച്ചു. ദരിദ്രനാരായണന്മാരിൽ നിന്ന് ശതകോടീശ്വരൻമാരുടെ നിയന്ത്രണത്തിലുള്ള രാജ്യമായി ഇന്ത്യ മാറി.  പ്രകൃതിയും പരിസ്ഥിതിയും അമിത ചൂഷണത്തിനു വിധേയമായി. വികസനത്തിന്റെ ഇരകളായി ആദിവാസികളും ഗ്രാമീണരും നഗരങ്ങളിലെ ചേരികളിൽ അടിഞ്ഞു. കർഷകർ  കൃഷിപ്പാടം വിട്ടു തലസ്ഥാനത്തു സമരം ജീവിതമാക്കി. 

ഈ പശ്ചാത്തലത്തിൽ അന്നത്തെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനും പുതിയ നയങ്ങളുടെ പിന്നിലെ പ്രധാനശക്തിയുമായ ഡോ. മൊണ്ടേക് സിങ് അഹ്ലു വാലിയയുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്. ദി ഹിന്ദു  പത്രത്തിനു നൽകിയ അഭിമുഖത്തിൽ 1991ലെ നയംമാറ്റങ്ങളിലേക്കു നയിച്ച പശ്ചാത്തലം അദ്ദേഹം വിശദീകരിക്കുന്നു. അതേപോലെ പുതിയ നയങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളും പുരോഗതിയും അദ്ദേഹം അക്കമിട്ടു പറയുന്നു. അതിന്റെ പോരായ്മകളും  തിരിച്ചടികളും അംഗീകരിക്കുകയും ചെയ്യുന്നു.

 പരിഷ്‌കാരങ്ങൾ അനിവാര്യമായ സാഹചര്യമാണ് അന്നുണ്ടായതെന്നു അദ്ദേഹം പറയുന്നു. ഇന്ത്യയുടെ  സാമ്പത്തിക വളർച്ച ആദ്യത്തെ നാലു  പതിറ്റാണ്ടുകളിൽ അഞ്ചു ശതമാനത്തിനു താഴെയായിരുന്നു. ദാരിദ്ര്യവും  കടുത്ത തൊഴിൽ രാഹിത്യവും ഗുരുതരമായ പ്രശ്നങ്ങളായിരുന്നു . ചൈനയടക്കമുള്ള രാജ്യങ്ങൾ അതിനകം തന്നെ ആഗോളവല്കരണ നയങ്ങൾ നടപ്പാക്കി വമ്പിച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. ഈ  പശ്ചാത്തലത്തിൽ രൂക്ഷമായ വിദേശനാണയ പ്രതിസന്ധി കൂടി വന്നതോടെ മുന്നോട്ടുപോകാൻ മറ്റു മാർഗമില്ല എന്ന അവസ്ഥയായിരുന്നു.  പ്രതിസന്ധിയെ അവസരമാക്കുകയാണ് അന്നത്തെ സർക്കാർ ചെയ്‌തത്‌. അനിവാര്യമായ പരിഷ്കരണങ്ങൾ സംബന്ധിച്ച ഒരു രൂപരേഖ വാണിജ്യ മന്ത്രാലയം തയ്യാറാക്കിയിരുന്നു.  വാണിജ്യ സെക്രട്ടറി എന്നനിലയിൽ മൊണ്ടേക് സിങ് തന്നെയാണ് ഈ രേഖ തയ്യാറാക്കിയത്. എം ഡോക്യൂമെൻറ് എന്നാണ് ഈ രേഖ അറിയപ്പെട്ടത്.

പുതിയ നയങ്ങൾ സാമ്പത്തിക വളർച്ചയിൽ കുതിപ്പ് ഉണ്ടാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുപിഎ സർക്കാരിന്റെ കാലത്തു വളർച്ച 9 ശതമാനം  വരെ എത്തുകയുണ്ടായി. അത്  രണ്ടക്ക നിരക്കിലേക്കു വർധിപ്പിച്ചാൽ രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിച്ചു മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ മുഴുവൻ ജനങ്ങൾക്കും  ലഭ്യമാക്കാൻ കഴിയുമെന്ന അവസ്ഥ നിലവിൽ വന്നു. തൊഴിൽ നിയമങ്ങളിലും ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിലും ശക്തമായ പരിഷ്ക്കരണ നയങ്ങൾ നടപ്പാക്കാൻ വളർച്ച പത്തു ശതമാനത്തിൽ എത്തുന്നതോടെ സാധിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പ്രതീക്ഷിച്ചിരുന്നു.

ദാരിദ്യ്രനിർമാർജന രംഗത്ത് 2004നു ശേഷമുള്ള വർഷങ്ങളിൽ വലിയ മുന്നേറ്റമുണ്ടായി. ആ ഒരു  പതിറ്റാണ്ടിൽ 15 കോടിയോളം ഇന്ത്യക്കാരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് കൊണ്ടുവരാൻ മൻമോഹൻ സിങ് സർക്കാരിനു കഴിഞ്ഞു. അതേസമയം ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മത്സരിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്‌തു.

ബിജെപി സർക്കാർ വന്ന ശേഷം വളർച്ചയിൽ കാര്യമായ കുറവുണ്ടായി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശരാശരി അഞ്ചു ശതമാനത്തിനു താഴെയുള്ള വളർച്ചയാണ് നരേന്ദ്ര മോദി സർക്കാർ കൈവരിച്ചത്. ഇത്തരം പിന്നാക്കംപോക്ക് വാജ്‌പേയിയുടെ ഭരണകാലത്തും പ്രകടമായിരുന്നു. കോവിഡ്  മഹാമാരി പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ  സാമ്പത്തിക വർഷം എട്ടു ശതമാനം ഇടിവാണ് വളർച്ചയിൽ കണ്ടത്. ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വിപുലമായിരിക്കും. ഈ വർഷം വളർച്ച തിരിച്ചു പിടിക്കാൻ കഴിഞ്ഞാലും അത് കോവിഡിന് തൊട്ടുമുമ്പുള്ള ശോഷിച്ച അവസ്ഥയിലേക്ക് മാത്രമാണ് രാജ്യത്തെ എത്തിക്കുക. അത് നാടു നേരിടുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കുകയില്ല. രാജ്യം ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കാനുള്ള ഒരു കർമപദ്ധതി ആവിഷ്കരിക്കണം. അരവിന്ദ് പാനഗാരിയ നീതി ആയോഗിന്റെ ചുമതലയിൽ ഉള്ള സമയത്തു ഏഴു ശതമാനം വളർച്ചാ നിരക്ക് ഉറപ്പാക്കുവാനുള്ള ശ്രമം നടത്തിയിരുന്നു. അദ്ദേഹം വൈകാതെ ഒഴിഞ്ഞുപോയി. നയപരമായ രംഗത്തു കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട അവസരമാണ് ഇതെന്ന് മൊണ്ടേക്‌സിംഗ് ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ  രാജ്യം പഴയ പടുകുഴിയിൽ തിരിച്ചെത്തിയേക്കാം.  അന്നത്തെ ദുരവസ്ഥ ഇന്നത്തെ തലമുറയ്ക്ക് ഓർമിയില്ലെന്നതും വാസ്തവമാണ്. അതിനാൽ  തിരിച്ചടികളെ കുറിച്ച് സൂക്ഷ്മതയോടെ ചിന്തിക്കേണ്ട സമയമാണിത്.