ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാൻ കോടതിയുടെ ഇടപെടൽ

ന്യൂദൽഹി: വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ തേടി എത്തുന്ന തൊഴിലാളികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച്ച ചൂണ്ടിക്കാട്ടുന്ന ഉത്തരവാണ് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചത്.

ഇത്തരം തൊഴിലാളികൾ അസംഘടിത മേഖലയിലാണ് തൊഴിൽ കണ്ടെത്തുന്നത്. വർഷത്തിൽ പരിമിതമായ സമയത്തു മാത്രമാണ് പലർക്കും തൊഴിൽ ലഭ്യമാകുന്നത്. യാതൊരു തരം തൊഴിൽ സുരക്ഷയും അവർക്ക് ലഭ്യമല്ല. ഇന്ത്യയിൽ  മൊത്തം 38 കോടി ജനങ്ങൾ ഈ തരത്തിലുള്ള തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ നാലിലൊന്നു വരും ഈ വിഭാഗമെന്നു ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം ആർ ഷാ എന്നിവർ പുറപ്പെടുവിച്ച 80 പേജുള്ള വിധിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. ഈ  വിഭാഗത്തിലുള്ള തൊഴിലാളികളുടെ പൂർണവിവരങ്ങൾ ഉൾപ്പെട്ട അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കാനുള്ള 45.5 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നണ്ട്. 2018ൽ പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട പദ്ധതി ഇന്നുവരെ പൂർത്തിയാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കഴിഞ്ഞിട്ടില്ല. ഇത് അക്ഷന്തവ്യമായ വീഴ്ചയാണെന്ന് സുപ്രീം കോടതി പറയുന്നു .

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രണ്ടുതവണ രാജ്യം അടച്ചിടൽ നേരിട്ടപ്പോൾ ഏറ്റവും വലിയ ദുരിതം അനുഭവിച്ച വിഭാഗമാണിത്.  അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സംവിധാനം ഉണ്ടാക്കുന്നതിൽ പോലും ഭരണകൂടം പരാജയപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ല. ജൂലൈ 31നകം എല്ലാ തൊഴിലാളികൾക്കും ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്നത് ഉറപ്പാക്കാൻ ഒരു രാജ്യം ഒരു റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു. ഇതുപ്രകാരം ഒരു വ്യക്തിക്ക് തന്റെ റേഷൻ രാജ്യത്തെ ഏതു ഭാഗത്തു നിന്നും പൊതുവിഭവ വിതരണ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ കഴിയും. അതോടെ ഭക്ഷ്യവിഭവങ്ങളുടെ അഭാവം കാരണമുള്ള പ്രയാസങ്ങൾ അതിജീവിക്കാൻ തൊഴിലാളികൾക്കു സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കോവിഡ്  അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാമൂഹിക പ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്‌ദീപ് ചോക്കർ എന്നിവർ ചേർന്ന് സുപീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.  ജൂൺ 15നാണ് അവർ ഇതുമായി ബന്ധപ്പെട്ട  സത്യവാങ്മൂലം കോടതിക്കു സമർപ്പിച്ചത്.  വിധിയിൽ ഹർഷ് മന്ദർ സംതൃപ്തി പ്രകടിപ്പിച്ചു.  തൊഴിലും വരുമാനവും ഇല്ലാത്ത വേളയിൽ അതാതു സ്ഥലത്തുതന്നെ റേഷൻ വാങ്ങാനും അതു പാകം ചെയ്ത്‌ കഴിക്കാനുമുള്ള  പരിമിതമായ ആവശ്യങ്ങൾ നിറവേറ്റാൻ  വേണ്ട സംഖ്യ കൂടി ഓരോ തൊഴിലാളിക്കും സർക്കാർ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നയപരമായ വിഷയമായതിനാൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന് ചൂണ്ടികാട്ടി കോടതി അതിൽ അഭിപായം പറയാൻ വിസമ്മതിച്ചു.