ഇസ്ലാമിക ഭീകരപ്രവർത്തകരെ; സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ അമേരിക്ക
പ്രത്യേക ലേഖകൻ
വാഷിംഗ്‌ടൺ: സിറിയയിലും അഫ്‌ഗാനിലും വിവിധ തടങ്കൽപാളയങ്ങളിൽ കഴിയുന്ന ആയിരക്കണക്കിന് ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ഖായിദ അടക്കമുള്ള ഭീകരവാദി സംഘങ്ങളിൽ പ്രവർത്തിച്ച തടവുകാരെ അവരുടെ മാതൃരാജ്യങ്ങൾ ഏറ്റെടുത്തു പുനരധിവസിപ്പിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു.
ഇസ്ലാമിക ഭീകരസംഘടനകളിൽ പ്രവർത്തിക്കാനായി മിക്ക രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് യുവതീയുവാക്കളാണ് സിറിയ, ഇറാക്ക്, അഫ്‌ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ചേർന്നത്. സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെ അതിവിപുലമായ പ്രദേശങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിൽ വന്ന അവസരത്തിൽ പുതിയ ഇസ്ലാമിക ഖിലാഫത്ത് എന്ന് അതിനെ വിശേഷിപ്പിച്ചു പല രാജ്യങ്ങളിൽ നിന്നും ആളുകൾ അവിടെയെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭരണകൂടത്തിന്റെ കടുത്ത നയങ്ങൾ ആ പ്രദേശങ്ങളിൽ കർക്കശമായി നടപ്പിലാക്കിയത് ഇങ്ങനെ പല നാടുകളിൽ നിന്നും എത്തിച്ചേർന്ന ഇസ്‌ലാമിക സന്നദ്ധ പ്രവർത്തകരാണ്. പൊതുവിൽ സൗദി അറേബ്യൻ സ്വാധീനമുള്ള സലഫി ഇസ്ലാമികധാരയിൽ വിശ്വസിക്കുന്ന വിഭാഗങ്ങളാണ് ഈ ഭീകര പ്രസ്ഥാനങ്ങളിൽ അണിനിരന്നതെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദി അറേബ്യൻ സർക്കാരും ഇത്തരം തീവ്ര ചിന്താഗതിക്കാരെ പോത്സാഹിപ്പിക്കുന്ന നയങ്ങളാണ് സ്വീകരിച്ചുവന്നത്. എന്നാൽ അത്തരക്കാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു രാജ്യവും തയ്യാറായതുമില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഭരണം തകർന്നതോടെ ആയിരക്കണക്കിന് ഐ എസ് വളണ്ടിയർമാരാണ് അമേരിക്കൻ സഖ്യസേനയുടെ തടവിലായത്. അഫ്‌ഗാനിലും സിറിയയിലെ കുർദ് പ്രവിശ്യകളിലും ഈ തടവുകാരെ ഒന്നിച്ചു പാർപ്പിച്ചിരിക്കുകയാണ്. എന്നാൽ അമേരിക്ക ഈ പ്രദേശങ്ങളിൽ നിന്നും സേനകളെ പൂർണമായും പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത സെപ്റ്റംബറോടെ ഈ പ്രക്രിയ പൂർത്തിയാക്കാനാണ് ബൈഡൻ ഭരണകൂത്തിന്റെ നീക്കം. നിലവിൽ ഈ പ്രദേശങ്ങളിൽ പാർപ്പിച്ചിരിക്കുന്ന തടവുകാരെ അതിനുമുമ്പ് ബന്ധപ്പെട്ട നാടുകളിലേക്ക് തിരിച്ചയക്കാനാണ് അമേരിക്കയുടെ ശ്രമം. കാരണം അഫ്‌ഗാനിലും കുർദ് പ്രവിശ്യയിലും അമേരിക്കൻ സഖ്യത്തിലുള്ള പ്രാദേശിക സർക്കാരുകൾക്ക് ഈ തടവുകാരെ പരിപാലിക്കാനോ വിചാരണ ചെയ്യാനോ സാധിക്കുകയില്ല. അമേരിക്കൻ സൈന്യം പിന്തിരിയുന്നതോടെ അവയുടെ നിലനിൽപ് തന്നെ അപകടത്തിലാകും. അഫ്‌ഗാനിലെ അഷ്‌റഫ് ഗനി സർക്കാർ അമേരിക്ക പിൻവാങ്ങി ആറു മാസത്തിനകം വീഴുമെന്നും താലിബാൻ അവിടെ വീണ്ടും ഭരണം പിടിച്ചെടുക്കുമെന്നും മിക്ക നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. കുർദ് പ്രവിശ്യയിൽ പ്രാദേശിക സർക്കാർ താരതമ്യേന ശക്തമാണെങ്കിലും അവർക്കും ഈ അന്തരാഷ്ട്ര ഇസ്ലാമികസേനയെ ഒറ്റക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല. തടവുകാരിൽ ഒരുവലിയ പങ്ക് സൈനിക പരിശീലനം ലഭിച്ച ആളുകളാണ് എന്നതും ഉത്കണ്ഠയുണ്ടാക്കുന്ന വിഷയമാണ്.
അതിനാലാണ് ഈ തടവുകാരെ ബന്ധപ്പെട്ട രാജ്യങ്ങൾ തിരിച്ചെടുക്കണം എന്ന് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാൽ മിക്ക രാജ്യങ്ങളും അതിനു തയ്യാറല്ല. ഐ എസ് തുടങ്ങിയ ഭീകര സംഘങ്ങളിൽ പ്രവർത്തിച്ച ഇവരെ വിചാരണ ചെയ്ത ശേഷമേ പുനരധിവസിപ്പിക്കാനാവുകയുള്ളു. വിചാരണയും മറ്റു നടപടികളും തങ്ങളുടെ രാജ്യങ്ങളിൽ പുതിയ തീവ്രവാദ പ്രസ്ഥാനങ്ങൾ കരുത്തു നേടാൻ സഹായിക്കും എന്ന ഭീതി മിക്ക രാജ്യങ്ങൾക്കുമുണ്ട്. ബ്രിട്ടനിൽ നിന്ന് സിറിയയിലേക്ക് പോയ ഐ എസ് സംഘത്തിലെ ഒരു യുവതി നാട്ടിലേക്കു തിരിച്ചുവരാനായി ഇപ്പോൾ കേസ് നടത്തുകയാണ്. ഇന്ത്യയിൽ നിന്ന് അഫ്‌ഗാനിൽ എത്തിയ ആളുകളിൽ രണ്ടു ഡസനോളം പേർ മലയാളികളുണ്ട്. അവരെ ഇന്ത്യ തിരിച്ചെടുക്കണമെന്നു അമേരിക്കയും അഫ്‌ഗാൻ സർക്കാരും ആവശ്യപെട്ടിട്ടുണ്ട് .എന്നാൽ അത് സാധ്യമല്ല എന്നാണ് ഇന്ത്യൻ ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. പക്ഷേ ഈ തടവുകാരെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുകയാണ്. അതിനാൽ അധികം വൈകാതെ ഐഎസ് അംഗങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക പരിശീലനം നേടിയ നൂറുകണക്കിന് ഇസ്ലാമിക ഭീകരപ്രവർത്തകരുടെ തിരിച്ചു വരവ് അതാത് രാജ്യങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യഘാതങ്ങൾ വിപുലമായിരിക്കും എന്നും തീർച്ചയാണ്.